
കാഠ്മണ്ഡു: പ്രാദേശിക സമയം ബുധനാഴ്ച രാവിലെയാണ് നേപ്പാളിനെ വിറപ്പിച്ച ദുരന്തമുണ്ടായത്. തലയ്ക്ക് മീതെ ഒരു ജലബോംബ് പൊട്ടിയ പ്രതീതി. എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസിലായില്ല. സുനാമിയിൽ ഇളകിമറിയുന്ന സമുദ്രം പോലെ നദികൾ മാറി. കുതിച്ചെത്തിയ മലവെള്ളപ്പാച്ചിൽ ഗ്രാമങ്ങളെ തുടച്ചുനീക്കി. ആശയവിനിമയ സംവിധാനങ്ങളും റോഡുകളും തകർന്നു. ഒരുതുള്ളി മഴയില്ലാതെ, പ്രകൃതിയുടെ ഉഗ്രകോപം നേപ്പാളിന്റെ മണ്ണിലേക്ക് പെയ്തിറങ്ങി.
# എല്ലാം മിനിറ്റുകൾക്കുള്ളിൽ
രാവിലെ
8.37: നേപ്പാളിലെ കോഡാരി ഗ്രാമത്തിൽ നിന്ന് 55 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ടിബറ്റ് അതിർത്തിയ്ക്ക് സമീപം ഭീമൻ ഹിമാനി പൊട്ടി. മഞ്ഞുകട്ടകളും പാറയും വെള്ളവും അടർന്ന് തെറിച്ചു. ഇവ ഇടുങ്ങിയ താഴ്‌വരയുടെ അടിത്തട്ടിലേക്ക് പതിച്ച്, ലെൻഡെ ഖോല നദിയിലെ ഒഴുക്ക് തടസപ്പെടുത്തി. ടൺ കണക്കിന് ഐസും ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞ് ഒരു ' പ്രകൃതിദത്ത അണക്കെട്ട് ' രൂപപ്പെട്ടു. നദീജലമടക്കം ഇതിനുള്ളിൽ കുടുങ്ങി
9: സമ്മർദ്ദം ശക്തമായതോടെ തടഞ്ഞുനിന്ന അവശിഷ്ടങ്ങൾ പൊട്ടിച്ചിതറി. ചെളിയും മണ്ണും പാറയും ഐസും കലർന്ന വെള്ളം ഉഗ്രശബ്ദത്തോടെ ഭോട്ടേ കോഷി, ത്രിശൂലി നദികളിലേക്ക് ഇരച്ചെത്തി. ഇരട്ടിശക്തിയിൽ മിന്നൽ പ്രളയമായി ജനവാസ കേന്ദ്രങ്ങളിലേക്ക്. സുനാമിത്തിര പോലെ ഗൈറോംഗ് ബോർഡർ ക്രോസിംഗ് മേഖലയെ മൂടി. ബഹുനില കെട്ടിടങ്ങളും വാഹനങ്ങളും മനുഷ്യരും മുങ്ങി.
9.30: റസുവ, നുവാക്കോട്ട് ജില്ലകളിലെ താഴ്‌വരകളിലേക്ക് മിന്നൽ പ്രളയം ആഞ്ഞടിച്ചു. ഗ്രാമങ്ങളെയും 20 ഓളം പാലങ്ങളെയും തകർത്തെറിഞ്ഞു. ജലവൈദ്യുതി പദ്ധതികൾ നശിച്ചു. ഹൈവേകൾ തകർന്നടിഞ്ഞു. ഇതിനിടെ ഉരുൾപ്പൊട്ടലുകളുമുണ്ടായി
ഗ്രാമങ്ങളെ മൂടി ചെളി
ഉച്ചയോടെയാണ് പ്രകൃതിയുടെ സംഹാര താണ്ഡവം അടങ്ങിയത്. പിന്നാലെ നേപ്പാൾ ആർമിയും പൊലീസും ചൈനീസ് ദുരന്തനിവാരണ സേനയും രംഗത്തിറങ്ങി. ഹെലികോപ്റ്റർ, ഡ്രോൺ നിരീക്ഷണത്തിൽ കണ്ടത് ഭയാനക കാഴ്ച. ചിലയിടങ്ങളിൽ അവശിഷ്ടങ്ങളും ചെളിയും അഞ്ചടിയിലേറെ പൊക്കത്തിൽ അടിഞ്ഞു. ഇതിൽപ്പെട്ടത് ആയിരക്കണക്കിന് മനുഷ്യർ. നദീ നിരപ്പിന് 270 അടി ഉയരത്തിൽ മലവെള്ളപ്പാച്ചിൽ എത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |