തിരുവനന്തപുരം: മലയാളികളായ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്.സോമനാഥും വി.എസ്.എസ്.സി.ഡയറക്ടർ ഡോ.ഉണ്ണികൃഷ്ണൻനായരും നേതൃത്വം നൽകിയ ആദിത്യ എൽ.1ൽ മലയാളത്തിന് അഭിമാനമായി ശാസ്ത്രജ്ഞരായ ശ്രീജിത്തും രാംപ്രകാശും. ഇരുവരും ഐ.എസ്.ആർ.ഒ.യിൽ ഉള്ളവരല്ല.ആദിത്യയിൽ ഉപയോഗിച്ച സൂര്യനെ നിയന്ത്രിക്കാനുള്ള ഏഴ് ഉപകരണങ്ങളിൽ ഒരെണ്ണം നിർമ്മിച്ചവരാണ് മലപ്പുറംസ്വദേശികളായ ഡോ.ശ്രീജിത്ത് പടിഞ്ഞാറ്റേയിലും എ.എൻ.രാംപ്രകാശും.പൂനെയിലെ ഇന്റർയൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്സിലെ(ഐ.യു.സി.എ.എ) ശാസ്ത്രജ്ഞരാണ് ഇരുവരും.ഇവരടങ്ങിയ ടീമാണ് ആദിത്യയിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് (എസ്യു.ഐ.ടി) വികസിപ്പിച്ചത്.
സൂര്യന് ചുറ്റുമുള്ള ഫോട്ടോസ്ഫിയർ,ക്രോമോസ്ഫിയർ,സൂര്യന്റെ ഏറ്റവും പുറം പാളികൾ (കൊറോണ) എന്നിവയെയാണ് തുടർച്ചയായി എസ്യു.ഐ.ടി നിരീക്ഷിക്കുന്നത്. സൂര്യനിൽ നിന്നും എത്രത്തോളം അൾട്രാവയലറ്റ് കിരണങ്ങൾ പുറപ്പെടുവിക്കപ്പെടും ഇത് എവിടെനിന്നാണ് വരുന്നത് ഇതിന്റെ തീവ്രത എത്ര എന്നിവയാണ് എസ്യു.ഐ.ടിയുടെ സഹായത്തോടെ പഠനവിധേയമാക്കുന്നത്.
ഭൂമിയെ ബാധിക്കാവുന്ന അൾട്രാവയലറ്റ് കിരണങ്ങളുടെ പഠനം വളരെ പ്രധാന്യത്തോടെയാണ് ശാസ്ത്ര ലോകവും നോക്കികാണുന്നത്.
മണിപ്പാൽ അക്കാദമി ഒഫ് ഹയർ എഡ്യുക്കേഷനിൽ ജോലി ചെയ്യുന്നതിനൊടൊപ്പമാണ് ഇവർ പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണവും നടത്തുന്നത്.അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി,ബാംഗ്ളൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അസ്ട്രോഫിസിക്സ്,കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് റിസർച്ച് എന്നിവയാണ് മറ്റ് ഉപകരണങ്ങൾ നിർമ്മിച്ചത്.ബാംഗ്ളൂരിലെ അസ്ട്രോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ് ആദിത്യയിലെ സുപ്രധാന ഉപകരണമായ വിസിബിൾ ലൈൻ എമിഷൻ കൊറോണോഗ്രാഫ് നിർമ്മിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |