നവീകരണത്തിന് മൈനർ ഇറിഗേഷൻ വകുപ്പിന്റ നിസഹകരണം
കൊല്ലം: ആധുനിക യന്ത്ര സഹായത്തോടെ അഷ്ടമുടി കായലിലെ ചെളിനീക്കം പുരോഗമിക്കുമ്പോൾ തലവേദനയായി മാലിന്യ വാഹിനിയായ മണിച്ചിത്തോട്. കായൽ ശുചീകരണത്തോടൊപ്പം മണിച്ചിത്തോടും ശുചീകരിക്കാൻ നഗരസഭ പദ്ധതിയിട്ടെങ്കിലും നിർവഹണ ഏജൻസിയായ മൈനർ ഇറിഗേഷന്റെ നിസഹകരണം നടപടികൾ വൈകിപ്പിക്കുകയാണ്. നഗര സഞ്ചയ പദ്ധതിയിൽ നിന്നുളള ഫണ്ട് ഉപയോഗിച്ച് തോട് ശുചീകരിക്കാൻ ഒരു കോടി രൂപ മൈനർ ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിൽ അടച്ചെങ്കിലും ടെണ്ടർ നടപടികൾ പോലും ആരംഭിച്ചിട്ടില്ല.
കത്തു നൽകി കാത്തിരിപ്പ്
കായലിലെ ചെളി നീക്കം പുരോഗമിക്കുമ്പോഴും മണിച്ചിത്തോട്ടിൽ നിന്നുള്ള മാലിന്യം കായലിൽ നിറയുന്നത് വെല്ലുവിളിയാകുകയാണ്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ മാലിന്യങ്ങളെല്ലാം ഒഴുകിയെത്തുന്ന മണിച്ചിത്തോട് ലിങ്ക് റോഡിന്റെ ഭാഗത്തു വച്ചാണ് കായലിൽ സംഗമിക്കുന്നത്. കായൽ ശുചീകരണത്തോടൊപ്പം കടപ്പാക്കട അലക്ക് കോളനി വരെയുള്ള തോടു കുടി ശുചീകരിക്കുകയായിരുന്നു പദ്ധതിയെങ്കിലും മൈനർ ഇറിഗേഷൻ വകുപ്പിന്റെ നിസഹകരണത്തിൽ നടപടികൾ ഇഴയുകയാണ്. നടപടികൾ വേഗത്തിലാക്കണമെന്ന് കാട്ടി കത്ത് നൽകി കാത്തിരിക്കുകയാണ് കോർപ്പറേഷൻ.
കായൽ ശുചീകരണം തകൃതി
അഷ്ടമുടി കായലിൽ ഏറ്റവും കൂടുതൽ മാലിന്യനിക്ഷേപമുള്ള ലിങ്ക് റോഡ് ഭാഗത്തെ മാലിന്യ നീക്കം ഇറിഗേഷൻ വകുപ്പിന്റെ സിൽറ്റ് പുഷർ മെഷിൻ വാടകക്കെടുത്ത് സെപ്റ്റംബർ അഞ്ചിനാണ് ആരംഭിച്ചത്.
കായലിൽ നിന്ന് നീക്കിയ ചെളി ലിങ്ക് റോഡിനോടു ചേർന്ന് 15 അടി ഉയരത്തിൽ നിക്ഷേപിച്ചു കഴിഞ്ഞു. മഴ കാരണം മറ്റു സ്ഥലങ്ങളിലേക്ക് നീക്കാൻ കഴിഞ്ഞിട്ടില്ല. മഴ മാറി ചെളി ഉണങ്ങിയാൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുളള വിവിധ സ്ഥലങ്ങളിലേക്ക് ചെളി മാറ്റും. മെഷിൻ സഹായത്തോടെയും 12 തൊഴിലാളികൾ ചേർന്നും വലയും മറ്റും ഉപയോഗിച്ച് 50 ലോഡ് പ്ളാസ്റ്റിക് മാലിന്യവും കായലിൽ നിന്ന് ശേഖരിച്ചു. ശുചിത്വ സാഗരം പദ്ധതിയുടെ ഭാഗമായി ചെട്ടികുളങ്ങരയിൽ പ്രവർത്തിക്കുന്ന സംസ്കരണ കേന്ദ്രത്തിലേക്ക് പ്ളാസ്റ്റിക് മാലിന്യങ്ങൾ മാറ്റും. മാലിന്യ നീക്കം പുരോഗമിക്കുന്നതനുസരിച്ച് കായൽ വെള്ളത്തിന്റെ നിറത്തിൽ മാറ്റം വന്നു തുടങ്ങി. അടുത്ത രണ്ടു മാസം കൊണ്ട് കായൽ ശുചീകരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ അധികൃതർ.
ചെലവ് ഇങ്ങനെ
കായൽ നവീകരണം- 7.25 കോടിയുടെ പദ്ധതി.
3 കോടിയുടെ തേവളളി -ശക്തികുളങ്ങര വരെ കടവ് നവീകരണം ആരംഭിച്ചു.
കായൽ മാലിന്യ നീക്കം - 2 കോടി.
മണിച്ചിത്തോട് നവീകരണം- 2.25 കോടി
സിൽറ്റ് പുഷർ ദിവസ വാടക- 30,000
മറ്റു ചിലവുകൾ-10,000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |