SignIn
Kerala Kaumudi Online
Sunday, 31 May 2026 8.17 AM IST

അഫാൻ സ്റ്റേഷനിലെത്തി പറഞ്ഞു, 'എല്ലാവരെയും കൊന്നിട്ടിരിക്കുന്നു സർ...'

READ ENGLISH VERSION
abhan

തിരുവനന്തപുരം: ഇന്നലെ വൈകിട്ട് ആറിന് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയ അഫാൻ പറഞ്ഞതുകേട്ട് പൊലീസുകാർ നടുങ്ങി. ''എല്ലാവരെയും കൊന്നിട്ടിരിക്കുന്നു സർ, വീട്ടിൽ ഗ്യാസ് തുറന്നുവിട്ടിട്ടുണ്ട്. കീഴടങ്ങാനാണ് വന്നത്.''

വിവരം പൊലീസിന്റെ ഉന്നതതലത്തിലേക്ക്. ഒരുനിമിഷം പോലും പാഴാക്കാതെ പ്രവർത്തിക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദ്ദേശമെത്തി.

ഒരുസംഘം അഫാനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. മറ്റ് സംഘങ്ങൾ കൊലപാതകം നടന്നെന്ന് പ്രതി വെളിപ്പെടുത്തിയ വീടുകളിലേക്ക് പാഞ്ഞു. പൊലീസെത്തിയാണ് മരിച്ചവരെയെല്ലാം കണ്ടെത്തിയത്. പാചകവാതക ഗ്യാസ് തുറന്നിട്ടതിലെ അത്യാഹിതമൊഴിവാക്കാൻ ഫയർഫോഴ്സിനെയും എത്തിച്ചു.

പിതാവിന്റെ കടം തീർക്കാൻ ബന്ധുക്കൾ സഹായിച്ചില്ല

അഫാൻ പൊലീസിനോട് പറഞ്ഞത് ഇപ്രകാരമാണ്. തനിക്ക് 23വയസാണ്. വാപ്പ ഗൾഫിൽ ഫർണിച്ചർ കട നടത്തുകയാണ്. ബിസിനസിനായി വലിയ വായ്പയെടുത്തു. ബിസിനസ് പൊളിഞ്ഞതോടെ ഭീമമായ കടമായി. നാട്ടിൽ നിന്ന് പണം അയച്ചുകൊടുക്കാൻ ആവശ്യപ്പെടുന്നു. പിതാവിന്റെ സഹോദരൻ പണം നൽകുന്നില്ല. അമ്മൂമ്മയുടെ പക്കൽ ധാരാളം സ്വർണാഭരണം ഉണ്ടെങ്കിലും അവരും നൽകുന്നില്ല. അതിനാൽ എല്ലാവരെയും തീർത്തുകളയാൻ തീരുമാനിച്ചു.

ഇന്നലെ രാവിലെ ഉമ്മൂമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. കഴുത്തിന് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അവരുടെ മാലയെടുത്ത് പ്രദേശത്തെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പണയം വച്ചു. കൈയിൽ പണമുണ്ടായിരുന്നില്ല. പണയംവച്ച പണമുപയോഗിച്ച് ചുറ്റിക വാങ്ങി. ഇതുപയോഗിച്ചാണ് ബാക്കിയുള്ളവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് മോട്ടോർ സൈക്കിളിലാണ് മറ്റു വീടുകളിലെത്തി ഓരോരുത്തരെയായി കൊലപ്പെടുത്തിയത്.

രോഗിയായ മാതാവ് ഒറ്റയ്ക്കായിപ്പോയാൽ ചികിത്സയടക്കം തടസ്സപ്പെടുമെന്നതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത് . കാമുകിക്ക് താനില്ലാതെ ജീവിക്കാനാവില്ലെന്ന് കരുതിയാണ് കൊന്നത്.കാമുകിയെ വീട്ടിലേക്ക് കൊണ്ടുവന്ന് കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് 13വയസുള്ള ഇളയ സഹോദരൻ സ്കൂളിൽ നിന്ന് വീട്ടിലെത്തിയത്. ഇതേ കാരണത്താൽ സഹോദരനെയും കൊന്നു. ഇത്രയും വെളിപ്പെടുത്തിയതോടെ, എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അഫാൻ കുഴഞ്ഞുവീണു. ഉടൻ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷമേ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. അഫാന്റെ മൊഴിയിലുള്ള കാരണങ്ങൾ പൊലീസ് അതേപടി വിശ്വസിച്ചിട്ടില്ല. കൂടുതൽ അന്വേഷണം വേണ്ടിവരുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MURDERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA