തിരുവനന്തപുരം : രക്തം കട്ടപിടിക്കുന്നതുമൂലം ധമനികളിലുണ്ടാകുന്ന തടസങ്ങളെ നീക്കം ചെയ്യാനുള്ള ഏറ്റവും ഫലപ്രദമായ പ്രക്രിയയാണ് മെക്കാനിക്കൽ ത്രോംബെക്ടമി. സങ്കീർണമായ പക്ഷാഘാത്തിൽ നിന്ന് നൂറുകണക്കിന് ആളുകളെയാണ് ഈ ചികിസത്സാപദ്ധതിയിലൂടെ രക്ഷിച്ചുപോരുന്നത്. ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാവർഷവും മേയ് 15 പക്ഷാഘാത മെക്കാനിക്കൽ ത്രോംബെക്ടമി ദിനമായി ആചരിക്കുന്നത്. സ്വകാര്യമേഖലയിൽ അഞ്ചുലക്ഷം വരെയാകുമ്പോൾ സർക്കാർ മേഖലയിൽ രണ്ടുലക്ഷത്തിൽ താഴെയാണ് ചെലവ്.
2015ലാണ് ഇത് നിലവിൽവന്നത്. സംസ്ഥാനത്ത് സർക്കാർ മേഖലയിൽ തിരുവനന്തപുരം,കോട്ടയം, മെഡിക്കൽ കോളേജുകളിൽ ലഭ്യമാണ്. മുൻനിര സ്വകാര്യ ആശുപത്രികളിലുമുണ്ട്. തലച്ചോറിലെ രക്തകുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കാണ് പക്ഷാഘാതത്തിന് കാരണമാകുന്നത്. സ്റ്റെന്റ് അല്ലെങ്കിൽ ആസ്‌പിരേഷൻ കത്തീറ്റർ ഉപയോഗിച്ചാണ് ഇത് നീക്കുന്നത്. വിദഗ്ദ്ധ ഡോക്ടർമാരുടെ കുറവും സംവിധാനങ്ങളുടെ അഭാവവും കാരണം മെക്കാനിക്കൽ ത്രോംബെക്ടമി ഇനിയും വ്യാപകമായിട്ടില്ല. പക്ഷാഘാത ലക്ഷണങ്ങളോടെ എത്തുന്ന രോഗികളെ ഉടൻ സി.ടി,എം.ആർ.ഐ സ്കാനിംഗുകൾക്ക് വിധേയമാക്കണം. രക്തസ്രാവമാണോ രക്തക്കുറവാണോ കാരണമെന്ന് കണ്ടെത്താനാണിത്. ഇതോടൊപ്പം സി.ടി,എം.ആർ.ഐ ആൻജിയോഗ്രാം ചെയ്ത് തലച്ചോറിലെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടോയെന്നും കണ്ടെത്തണം.സങ്കീർണമായ ബ്ലോക്കുകൾ മരുന്നിലൂടെ അലിയില്ല.അവിടെയാണ് ത്രോംബെക്ടമിയുടെ പ്രാധാന്യം.ഇത് നീക്കംചെയ്യാതിരുന്നാൽ ജീവനും ജീവിതവും പ്രതിസന്ധിയിലാകും.
സമയം പാഴാക്കരുത്
ആൻജിയോഗ്രാമിലൂടെ മണിക്കൂറുകൾക്കുള്ളിൽ ബ്ലോക്കുണ്ടോയെന്ന് കണ്ടെത്തി രോഗിയെ കാത്ത്ലാബിലേക്ക് മാറ്റി ത്രോംബെക്ടമിക്ക് വിധേയമാക്കണം.വൈകുന്ന ഓരോ നിമിഷവും രോഗിസാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന് തടസമാകും. പക്ഷാഘാതത്തിന് ചികിത്സ ലഭിക്കാത്ത ഓരോ മിനിട്ടിലും തലച്ചോറിലെ 2ദശലക്ഷം കോശങ്ങളും 14ബില്യൺ നാഡി ബന്ധങ്ങളും നശിക്കുമെന്നാണ് കണക്ക്.
ചികിത്സാരീതി
തുട,കൈത്തണ്ട ഇവയിലൊന്നിലെ രക്തക്കുഴലിലൂടെ കത്തീറ്റർ കഴുത്തിലെ രക്തധമനി വഴി തലച്ചോറിലേക്ക് എത്തിക്കും. പ്രത്യേക എക്‌സ്‌റേ ഗൈഡഡ് ഇമേജിംഗ് ഉപയോഗിച്ച് അടഞ്ഞ ധമനിയിലേക്ക് കത്തീറ്റർ എത്തും. പക്ഷാഘാതത്തിന് കാരണമായ ബ്ലോക്കുള്ള സ്ഥലത്ത് സ്റ്റെന്റും എത്തിക്കും. സ്റ്റെന്റ് റിട്രീവറുകൾ സ്വയം വികസിച്ച് രക്തക്കട്ടയെ നീക്കി രക്തയോട്ടം പുനഃസ്ഥാപിക്കും.
പക്ഷാഘാത രോഗികൾ കേരളത്തിൽ
ഒരുലക്ഷത്തിൽ 100-150 പേർ
ശരാശരി പ്രായം 60
നിലവിൽ 40ന് താഴെയും
പക്ഷാഘാതത്തിൽനിന്ന് രക്ഷിക്കാനുള്ള ഫലപ്രദവും സുരക്ഷിതവുമായ ചികിത്സായാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈ ചികിത്സ 24മണിക്കൂറും ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ്.
-ഡോ. ദിലീപ് രാമചന്ദ്രൻ
ന്യൂറോളജി പ്രൊഫസർ,
തിരുവനന്തപുരം മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |