
സിംഗപ്പൂർ വഴി വിയറ്റ്നാമിലെ സൈഗോണിൽ (ഇപ്പോഴത്തെ ഹോ ചി മിൻ സിറ്റി) പറന്നിറങ്ങിയത് ഭൂമിക്കടിയിലെ ആ അത്ഭുത നിർമിതികൾ കാണാനായിരുന്നു- കൂചി
(Cu Chi) ടണലുകൾ. വിയറ്റ്നാം യുദ്ധകാലത്ത് വിയറ്റ് കോംഗ് പോരാളികൾ നിർമ്മിച്ച തുരങ്കങ്ങൾ വളരെ സങ്കീർണമായ ഭൂഗർഭ നിർമിതികളാണ്. യന്ത്രസഹായം കൂടാതെ മനുഷ്യപ്രയത്നത്താൽ മാത്രം നിർമിച്ച തുരങ്കങ്ങൾ 200 കിലോമീറ്ററിൽ അധികം ദൈർഘ്യത്തിൽ ചുറ്റിക്കിടക്കുന്നു! സൈഗോൺ നഗരത്തിൽ നിന്ന് വടക്കുകിഴക്കായി 45 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ പോർമുഖത്തെത്താം.
പടിഞ്ഞാറൻ ശക്തികളുടെ തലോടലേറ്റു വളർന്ന നഗരമാണ് സൈഗോൺ. വികസനത്തിന്റെ മുദ്രകൾ എല്ലായിടവും തെളിഞ്ഞു കാണാം. വിയറ്റ്നാം യുദ്ധത്തിൽ കമ്യൂണിസ്റ്റ് സഖ്യങ്ങൾ ഉത്തര വിയറ്റ്നാമിനെയും, അമേരിക്കൻ സഖ്യം ദക്ഷിണ വിയറ്റ്നാമിനെയും പിന്തുണച്ചു. എന്നാൽ കമ്മ്യൂണിസ്റ്റ് ചേരിയുടെ പിന്തുണയിൽ നിന്ന ഉത്തര വിയറ്റ്നാമിൽ വളർച്ചാ മുരടിപ്പ് ഇപ്പോഴും കാണാനാകും.
1975 ഏപ്രിൽ 30-ന് വടക്കൻ വിയറ്റ്നാം സൈന്യം സൈഗോൺ പിടിച്ചടക്കുകയും, പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് (ഇന്നത്തെ ഇൻഡിപെൻഡന്റ് പാലസ് ) ടാങ്കുകൾ ഇരച്ചുകയറി ഗേറ്റുകൾ ഇടിച്ചുതകർത്ത് അവിടെ കമ്മ്യൂണിസ്റ്റ് പതാക ഉയർത്തുകയും ചെയ്തു. 1946 മുതൽ 1973 വരെ നീണ്ടുനിന്ന വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കൻ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാനും പ്രതിരോധത്തിനുമായി നിർമിച്ചതാണ് 'കു ചി" തുരങ്കങ്ങൾ. വനമേഖലയിലെ ഈ തുരങ്കപാതകൾ ഒരാൾക്ക് ഇടംവലം തിരിയാതെ മുട്ടിലിഴഞ്ഞു മാത്രം പോകാൻ പറ്റുന്നവയാണ്. വണ്ണമുള്ളവർക്ക് ഇതിലൂടെ സഞ്ചാരം അസാദ്ധ്യം.
യുദ്ധകാലത്തെ
തുരങ്ക ജീവിതം
പത്തു മീറ്റർ മാത്രം നീളമുള്ള ഒരു തുരങ്കത്തിലൂടെ കടക്കുമ്പോഴത്തെ അസ്വസ്ഥത പോലും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഇരുപതും അമ്പതും മീറ്റലധികം ദൈർഘ്യമുള്ള തുരങ്കങ്ങളിലൂടെ ഗറില്ലാ പോരാളികൾ അനായാസം യാത്ര ചെയ്ത് പാശ്ചാത്യ സൈനിക ക്യാമ്പുകളിൽ അപ്രതീക്ഷിത ആക്രമണങ്ങൾ നടത്തി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു.
'കൂ ചി" തുരങ്കങ്ങൾ പാർട്ടി ഓഫീസുകളായും ഒളിത്താവളങ്ങളായും ആവശ്യമുള്ളപ്പോൾ ആശുപത്രികളായും താമസസ്ഥലങ്ങളായുമൊക്കെ ഉപയോഗിച്ചിരുന്നു.
എതിരാളികൾക്കു നേരെയുള്ള നീക്കങ്ങളുടെ ചർച്ചകൾ നടക്കുന്ന ഹാളുകൾ, 'കൂ ചി"യിലെ
പാർട്ടി സെക്രട്ടറിയുടെ മുറി, അടുക്കളകൾ... എല്ലാം ഇപ്പോഴും കാണാം. മുറിയെന്നുപറഞ്ഞാൽ ആഡംബരങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. ഒരു പ്രാകൃതമായ കാഴ്ച! വിയറ്റ് കോംഗുകളെ സംബന്ധിച്ചിടത്തോളം തുരങ്കങ്ങളിലെ ജീവിതം ദുഷ്കരമായിരുന്നു. വായു, ഭക്ഷണം, വെള്ളം... എല്ലാം കുറവായിരുന്നു. തുരങ്കങ്ങളിൽ ഉറുമ്പുകൾ, വിഷമുള്ള പാമ്പുകൾ, തേളുകൾ, ചിലന്തികൾ, എലികൾ എന്നിവ നിറഞ്ഞിരുന്നു.
യുദ്ധഭൂമിയിൽ വിയറ്റ് കോംഗുകൾ പകൽ പാടത്ത് പണിയെടുക്കുകയും രാത്രികാലങ്ങളിൽ ഒളിത്താവളങ്ങൾക്കായുള്ള ഇത്തരം തുരങ്കങ്ങൾ നിർമ്മിക്കാൻ വിശ്രമമില്ലാതെ പണിയെടുക്കുകയും ചെയ്തുപോന്നു. ഗറില്ലകൾ യന്ത്രസഹായമില്ലാതെ മനുഷ്യഅദ്ധ്വാനത്തിൽ മാത്രം തീർത്ത ഒരു അത്ഭുലോകം തന്നെയാണ് 'കൂ ചി" തുരങ്കപാതകൾ. പൊക്കവും വണ്ണവും നന്നേ കുറവായിരുന്ന ഗറില്ലാ പോരാളികൾ ഇടുങ്ങിയ ടണൽ വഴി കിലോമീറ്റുകളോളം സഞ്ചരിച്ച് അമേരിക്കൻ സേനയ്ക്ക് അപ്രതീക്ഷിത പ്രഹരങ്ങളേല്പിച്ചു. കനത്ത ബോംബാക്രമണമോ അമേരിക്കൻ സൈനിക നീക്കമോ ഉള്ള സമയങ്ങളിൽ, ഒരേസമയം നിരവധി ദിവസം തുരങ്കങ്ങളിൽ കഴിയാൻ ഇവർ നിർബന്ധിതരാകും.
ചതിക്കുഴികളുടെ
വനമേഖല
തൊടുന്നതെല്ലാം കെണികൾ. തൊട്ടാൽ, ചവിട്ടിയാൽ മരണം ഉടൻ വിരുന്നെത്തും. 'കൂ ചി" വനത്തിൽ പലയിടത്തും കാട്ടുവഴിയിലെ കരിയിലകൾക്കിടയിൽ ഒരുക്കിവച്ച ചതിക്കുഴികൾ ഭയാനകമായിരുന്നു. ഗറില്ലകൾ ഒരുക്കിയ ഈ ചതികുഴികളിൽ കൂർത്ത അഗ്രത്തോടുകൂടിയ തടികളും, പാശ്ചാത്യ സേന തന്നെ വർഷിച്ച ബോംബുകളുടെ അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിച്ച കൂർത്ത കമ്പികളും നിരത്തിയിരിക്കും. ഈ ചതിക്കുഴികളിൽ വീഴുന്ന അമേരിക്കൻ സൈനികർക്ക് ദയനീയ മരണമായിരിക്കും സംഭവിക്കുക. പരിക്കുകളോടെ രക്ഷപ്പെടുന്ന സൈനികരുടെ ശിഷ്ടജീവിതം നരകതുല്യമാകും. ദേഹത്തു മാത്രമല്ല, കണ്ണുകളിൽ വരെ ഈ കമ്പികൾ തുളച്ചുകയറും!
നാടൻ ആയുധങ്ങൾക്കൊപ്പം സോവിയറ്റ് ആയുധങ്ങളും വച്ച് വിയറ്റ് കോംഗുകൾ കനത്ത പ്രത്യാക്രമണങ്ങൾ നടത്തി. വലിയ പാറകളിൽ വാഹനങ്ങളുടെ ഉപയോഗശൂന്യമായ ടയറുകൾ ചുറ്റി അതിൽ തടിയും ഇരുമ്പുംകൊണ്ടുള്ള കൂർത്ത ആണികൾ തറച്ച് മരങ്ങൾക്കു മുകളിൽ ഒളിപ്പിച്ചിരിക്കും. ഇതൊന്നു തൊടുത്താൽ ഒട്ടേറെ സൈനികർ ഒരേസമയം കാലപുരി പൂകും. പഴയ ടയറുകൾ കൊണ്ട് ഗറില്ലാ പോരാളികൾക്കുള്ള ചെരിപ്പുകളും മറ്റും നിർമ്മിക്കുന്ന യൂണിറ്റും ആയുധ നിർമ്മാണ യൂണിറ്റും 'കൂ ചി" തുരങ്കങ്ങളിലുണ്ട്. അമേരിക്കൻ സേനയുടെ നിർവീര്യമാക്കിയ ബോംബുകൾ ഉപയോഗിച്ച് അവർ കൂർത്ത നാടൻ ആയുധങ്ങളുണ്ടാക്കി.
അമേരിക്കയുടെ ജൈവ രാസായുധങ്ങൾക്കും കുഴിബോംബുകൾക്കും ഇരകളായവർ ഇന്നും ഇവിടെയുണ്ട്.
ഒന്നരക്കോടി ടൺ ബോംബുകൾ അക്കാലത്ത് വിയറ്റ്നാമിൽ അമേരിക്ക വർഷിച്ചുവെന്നാണ് കണക്കുകൾ. പൊട്ടാതെ കിടന്ന കുഴിബോംബുകൾ പിന്നീട് പല കാലങ്ങളിലായി പൊട്ടിത്തെറിച്ച് ആയിരക്കണെക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അംഗവൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികൾ ഇപ്പോഴുമുണ്ട്. വിയറ്റ്നാമിൽ 58,000-ത്തിൽപ്പരം അമേരിക്കൻ സൈനികർക്കും യുദ്ധത്തിൽ ജീവൻ നഷ്ടമായി.
ലോകം മറക്കാത്ത
യുദ്ധചിത്രം
നിശ്ചയദാർഢ്യവും അഭിമാനബോധവും കൈമുതലാക്കിയ ഒരു ജനതയ്ക്കു മുന്നിൽ അമേരിക്ക തോറ്റോടിയ ദിവസമായി മാറി, 1975 ഏപ്രിൽ 30. നാപാം ബോംബുകളുടെ വീര്യത്തിൽ ശരീരമാസകലം ഗുരുതരമായി പൊള്ളലേറ്റ് തെരുവിലൂടെ നിലവിളിച്ചുകൊണ്ട് നഗ്നയായി ഓടുന്ന കിം ഫുക് (നാപാം ഗേൾ) എന്ന പെൺകുട്ടിയുടെ ചിത്രം, യുദ്ധക്കെടുതികളുടെ പൊള്ളിക്കുന്ന ചിത്രമായി ഇന്നും ലോകത്തിനു മുന്നിലുണ്ട്. 'അസോസിയേറ്റഡ് പ്രസി"ന്റെ വാർ ഫോട്ടോഗ്രാഫർ ആയിരുന്ന നിക് ഔട്ടിന്റെ ക്യാമറയിലൂടെ പുറത്തുവന്ന ചിത്രം പുലിറ്റ്സർ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ലോക ബഹുമതികൾക്ക് അർഹമായി (ഫോട്ടോഗ്രാഫറുടെ പേരിൽ ഇന്നും തർക്കം നിലനിൽക്കുന്നത് മറ്റൊരു കാര്യം.)
'കൂ ചി" എന്ന വനമേഖലയിലെ പോർമുഖത്തു നിന്നും, സൈഗോണിലെ യുദ്ധസ്മാരക മ്യൂസിയത്തിൽ നിന്നും മടങ്ങുമ്പോൾ ഒരു ചരിത്രസ്ഥലം കണ്ടുമടങ്ങുന്ന പ്രതീതിയേ അല്ല, മനസിൽ. ഭീകരമായ പോരാട്ടങ്ങളുടെയും എണ്ണിയാലൊടുങ്ങാത്ത മരണങ്ങളുടെയും നിലവിളികളുടെയും നാട്. അമേരിക്കൻ സേനയുടെ ഭീകരമായ ബോംബിംഗിലും രാസായുധ പ്രയോഗത്തിലും കത്തിയമർന്നൊരു നാട്. ശരീരം രണ്ടായി മുറിഞ്ഞുമാറിയ, കാലുകൾ ചിതറിയ, കൈകൾ അറ്റുപോയ ഗറില്ലാ പോരാളികളുടെ ചിത്രങ്ങൾ. വെടിയേറ്റ അമ്മയുടെ മാറിൽ അമ്മയ്ക്കൊപ്പം മരിച്ചുകിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചിത്രം, അമ്മ വെടിയേറ്റു മരിച്ചതറിയാതെ ആ അമ്മയുടെ മുലപ്പാൽ കുടിക്കാൻ നോക്കുന്ന മറ്റൊരു കുഞ്ഞ്... ഭയാനകമായ കാഴ്ചകൾ. ഇനി ഒരിക്കലും കാണരുതേ എന്ന് തോന്നിക്കുന്ന കാഴ്ചകൾ... ഈ ഭീകര ദൃശ്യങ്ങൾക്കു മുന്നിൽ സൈഗോൺ നഗരം നൽകിയ സുന്ദരമായ കാഴ്ചകൾ പോലും മങ്ങിപ്പോകുന്നു.
ലേഖകന്റെ ഫോൺ: 90375 45565
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |