
തന്റെ ഉറ്റമിത്രവും, 25 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്ന നടി സരിതയെ കാണാൻ ഓടിയെത്തി സുചിത്ര മോഹൻലാൽ. തെന്നിന്ത്യൻ താരം ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദർ സിയുടെയും മകൾ അവന്തിക സുന്ദർ മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്ന 'ആരംഭം എന്ന ചിത്രത്തിന്റെ സെറ്റിലാണ് പ്രിയ സുഹൃത്തുക്കൾ ഒത്തുചേർന്നത്. സുചിത്ര മോഹൻലാലിന്റെ സർപ്രൈസ് വിസിറ്റ് സെറ്റിൽ വലിയ ആവേശമായി. സരിതയെയും സംവിധായകൻ സുജേഷ് ആനി ഈപ്പനേയും അവന്തികയെയും കാണാൻ തൃശൂരിലെ ലൊക്കേഷനിൽ സുചിത്ര എത്തിയത് അപൂർവ്വ സൗഹൃദ സംഗമത്തിന് കൂടി വേദിയായി മാറി. സംവിധായകൻ സുജേഷ് ആനി ഈപ്പനുമായും സുചിത്രയ്ക്ക് വർഷങ്ങൾ നീണ്ട സൗഹൃദമുണ്ട്. ഖുശ്ബുവിന്റെ ആദ്യ മലയാള ചിത്രം അങ്കിൾ ബണ്ണിൽ മോഹൻലാൽ ആയിരുന്നു നായകൻ. അതേസമയം അൽത്താഫ് സലിം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ഭഗത് മാനുവൽ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങിയവരാണ് ആരംഭത്തിലെ മറ്റ് താരങ്ങൾ. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം അജയൻ വിൻസന്റ്, സംഗീതം ഗോപി സുന്ദർ, എഡിറ്റർ രഞ്ജൻ എബ്രഹാം, പി.ആർ.ഒ ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |