SignIn
Kerala Kaumudi Online
Sunday, 04 October 2026 3.45 AM IST

ബിഗ് 84,​ അമിതാഭ് ബച്ചൻ ശതാഭിഷിക്തനാവുന്നതിന്റെ ആഹ്ളാദത്തിൽ സിനിമാലോകം

amithabh-bachn

ബോളിവുഡിന്റെ 'ബിഗ് ബി" ഇപ്പോഴും ചുറുചുറുക്കുള്ള യുവാവാണ്. ഒക്ടോബർ 11ന് അമിതാഭ് ബച്ചൻ ശതാഭിഷിക്തനാവുന്നതിന്റെ ആഹ്ളാദത്തിൽ ഇന്ത്യൻ സിനിമാലോകവും പ്രിയപ്പെട്ടവരും. അഭിനയരംഗത്ത് എത്തി അഞ്ചര പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ബോളിവുഡ് ഇപ്പോഴും അമിതാഭിന്റെ കൈപ്പിടിയിൽ. വാർദ്ധക്യം ബാധിക്കാത്ത അഭിനയവുമായി പുതിയ കാലത്തും വിസ്മയിപ്പിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട 'ഷഹൻഷാ". ക്യാമറയുടെ മുന്നിലും പിന്നിലും സിനിമാ കുടുംബത്തിന്റെ ഗൃഹനാഥന്റെ റോളിൽ തിളങ്ങുന്നു. ഇവിടെ എല്ലാം ബച്ചന്റെ ശൈലിയും കാഴ്ചപ്പാടുകളുമുണ്ട്. വെള്ളിത്തിരയിൽ ബച്ചൻ അവതരിപ്പിക്കാത്ത വേഷപ്പകർച്ചകളില്ല. അഭിനയ ജീവിതത്തിൽ എത്രയോ ഉയർച്ച താഴ്ചകൾ. എല്ലാത്തിൽ നിന്നും ബച്ചൻ അതിശക്തനായി തിരികെവന്നു. നാലു ദേശീയ പുരസ്കാരങ്ങളും ആജീവനാന്ത നേട്ടത്തിനുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവുമടക്കം ഒട്ടനവധി അംഗീകാരങ്ങൾ സ്വന്തമാക്കി. പദ്മശ്രീയും പദ്മഭൂഷണും പദ്മവിഭൂഷണുമായി മൂന്നു തവണ രാജ്യം ബഹുമതികൾ നൽകി ആദരിച്ചു. വെള്ളിത്തിരയിൽ ബച്ചൻ യുഗത്തിന് രണ്ടു കാലങ്ങളുണ്ട്. 90കളുടെ മുൻപും ശേഷവും. തൊണ്ണൂറുകളുടെ അവസാനം ഇറങ്ങിയ ബച്ചൻ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വീണു. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് വിധി എഴുതിയവരാണ് ഏറെ. ബച്ചൻ യുഗം അസ്തമിച്ചില്ല എന്നു അറിയിക്കുന്നതായിരുന്നു ബ്ലാക്ക്, സർക്കാർ, ചീനി കം, സത്യാഗ്രഹ, പികു, പിങ്ക് എന്നീ ഹിറ്റുകളുടെ പിറവി. തലമുറ ഭേദമില്ലാത്ത ഒരേ ഒരു നടൻ ബച്ചൻ എന്നു ബി ടൗൺ വാഴ്‌ത്തിയ നിമിഷമായിരുന്നു അത്.

എന്നും ഒരേ തിളക്കം

അമിതാഭ് എന്നാൽ നിലയ്ക്കാത്ത ശോഭ എന്ന് അർത്ഥം. ബച്ചന്റെ കാര്യത്തിൽ നൂറ് ശതമാനം ശരിയായിരുന്നു. പ്രശസ്ത കവി ഹരിവംശ് റായ് ബച്ചൻ ആദ്യ പുത്രനു കണ്ടുവച്ച പേര് ഇൻക്വിലാബ് എന്നായിരുന്നു. ഹരിവംശ് റായിയുടെ സുഹൃത്ത് കവി സുമിത്രാനന്ദൻ ആണ് അമിതാഭ് എന്ന പേര് നിർദ്ദേശിക്കുന്നത്. അമ്മ സാമൂഹിക പ്രവർത്തകയായ തേജി ബച്ചൻ വിളിച്ച മുന്ന എന്ന പേര് ആയിരുന്നു ബച്ചന് ഏറെ പ്രിയം.ഹരിവംശ് റായ് തന്റെ തൂലിക നാമമായ ബച്ചൻ എന്ന പേര് കൂടി ചേർത്ത് ഇൻക്വിലാബ് ശ്രീവാസ്തവയെ അമിതാഭ് ബച്ചനാക്കി. സിനിമയും അഭിനയവും ബച്ചൻ സ്വപ്നം കണ്ടിരുന്നു. നൈനിറ്റാളിലെ ഷെർവുഡ് കോളേജിൽ നാടകം അവതരിപ്പിച്ചത് വഴിത്തിരിവായി. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ആകാശവാണിയിൽ അനൗൺസറുടെ ജോലിക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 'ശബ്ദം" അനുയോജ്യമല്ല എന്നായിരുന്നു. ആ ജോലി നഷ്ടപ്പെടാൻ കാരണം. ആ ശബ്ദം ബിബിസിയിൽ വരെ എത്തി എന്നത് ചരിത്രം. ബച്ചന് മുൻപേ ശബ്ദം സിനിമയിലേക്ക് കയറിപ്പോയി. ഇതിഹാസ സംവിധായകൻ മൃണാൾ സെൻ സംവിധാനം ചെയ്ത 'ഭുവൻഷോമെ" എന്ന ചിത്രത്തിൽ പശ്ചാത്തല വിവരണം ഒരുക്കാൻ അവസരം ലഭിച്ചു. പിന്നീട് സത്യജിത് റേയുടെ സിനിമകൾക്കും ശബ്ദം നൽകി. 1969 നവംബർ 7ന് കെ.എ. അബ്ബാസ് സംവിധാനം ചെയ്ത 'സാഥ് ഹിന്ദുസ്ഥാനി" ബച്ചന്റെ ആദ്യ സിനിമയായി പുറത്തിറങ്ങി.

27ൽ ആരംഭിച്ച യുഗം

സാഥ് ഹിന്ദുസ്ഥാനിയിൽ അഭിനയിക്കുമ്പോൾ വയസ് 27. ആദ്യ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. രണ്ടുവർഷത്തിനുശേഷം ഹൃഷികേശ് മുഖർജിയുടെ 'ആനന്ദ്" എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ മേൽവിലാസം രേഖപ്പെടുത്തി. ദീവാറിലെയും സഞ്ജീറിലെയും പ്രകടനങ്ങളിലൂടെ ബച്ചൻ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതീകമായി. നരഭിമാൻ, നമക് ഹരാം, അമർ അക്‌ബർ ആന്റണി, കൂലി, ഡോൺ തുടങ്ങി എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ ഷോലെ ഉൾപ്പെടെ വലിയ വിജയ ചിത്രങ്ങൾ വന്നു. ബച്ചന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ഏതു സിനിമയിലായിരിക്കും എന്ന ചോദ്യം പുതിയ കാലത്തും ഉയരാറുണ്ട്. എന്നാൽ ബച്ചന് ഏറ്റവും പ്രിയമുള്ള കഥാപാത്രങ്ങളിലൊന്ന് രമേഷ് സിപ്പി സംവിധാനം ചെയ്ത 'ഷോലെ"യിലേതു തന്നെ. ശത്രുഘ്‌നൻ സിൻഹ വേണ്ടെന്നുവച്ച കഥാപാത്രം ആണ് ഷോലെയിൽ ബച്ചൻ അവതരിപ്പിച്ചത്. 1975 സ്വാതന്ത്ര്യദിനത്തിൽ റിലീസ് ചെയ്തതിനാൽ ബച്ചന് ഷോലെയോട് പ്രിയം ഏറും. ബച്ചൻ ജനിച്ചത് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന 1942ൽ.

'കൂലി"യും ആ അഭ്യൂഹവും

'കൂലി" സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പുനിത് ഇസാറിന്റെ ഇടിയേറ്റുവീണ ബച്ചന്റെ അടിവയർ മേശയിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. ബച്ചൻ മരിച്ചു എന്നുവരെ അഭ്യൂഹം പരന്നു. മാസങ്ങളോളം കോമയിലായിരുന്നു. ഏകദേശം 200 പേർ ദാനം ചെയ്ത 60 കുപ്പി രക്തം കയറ്റിയാണ് ബച്ചൻ അന്ന് രക്ഷപ്പെട്ടത്. രക്ത ദാനം ചെയ്തവരിൽ ഒരാൾക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചിരുന്നു. ഇതുമൂലം ബച്ചന് സിറോസിസ് ബാധിക്കുകയും കരളിന്റെ എഴുപത്തിയഞ്ച് ശതമാനത്തോളം നശിച്ചുപോവുകയും ചെയ്തു. പുതുജീവിതത്തിലേക്ക് കടന്നപ്പോൾ ഹെപ്പറ്റൈറ്റിസ് ബി വാക്സിന്റെ പ്രചാരണത്തിന് ബച്ചൻ നേരിട്ട് ഇറങ്ങിയത് ഇന്ത്യ കണ്ടു. 'കൂലി"യുടെ ലൊക്കേഷനിൽ ഉണ്ടായ അപകടത്തെ വർഷങ്ങൾക്കുശേഷം ബച്ചൻ വിശേഷിപ്പിച്ചത് ആരാധക ലോകം ഓർക്കുന്നു. സിനിമയിലെ ഒരു ഇടിയിൽ ഞാൻ വീണുപോയി. മരണത്തിന്റെ അറ്റം വരെ എത്തി. പിന്നെ എഴുന്നേറ്റു. അതിജീവിച്ചു. എവിടെയാണ് നിറുത്തിയത്, അവിടേക്ക് തിരിച്ചുവന്നു. എന്നെ വീഴ്‌ത്തിയ ഇടിയെ ഇടിച്ചുവീഴ്‌ത്തിക്കൊണ്ടു തന്നെ. എഴുന്നേൽക്കൂ, പോരാടൂ, ഒരിക്കലും വിട്ടുകൊടുക്കരുത്. ബച്ചൻ ട്വിറ്ററിൽ കുറിച്ചു.

സീനിയർ

ജയഭാദുരി

സിനിമ തനിക്ക് എല്ലാം തന്നുവെന്ന് ബച്ചൻ കരുതുന്നു. ബച്ചനേക്കാൾ മുൻപേ സിനിമയിൽ വന്നതാണ് ജയ ഭാദുരി ( ജയ ബച്ചൻ ) 'ഗുഡി" എന്ന ചിത്രത്തിൽ ആണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്. ആ ചിത്രത്തിൽ ബച്ചന് അതിഥി വേഷം. ജയയും ബച്ചനും ആദ്യമായി നായകനും നായികയുമായി ആദ്യം ഒന്നിച്ച ചിത്രം ബൻസി ബിർജു. മുപ്പതിലധികം സിനിമകളിൽ ഒരുമിച്ച് അഭിനയിച്ച താരദമ്പതിമാർ ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. മകൻ അഭിഷേക് ബച്ചൻ അച്ഛനായും ബച്ചൻ മകനായും വേഷമിട്ട 'പാ" സിനിമയിലെ അഭിനയത്തിനാണ് മൂന്നാം തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം. എട്ടു ചിത്രങ്ങളിൽ അഭിഷേകിനൊപ്പം അഭിനയിച്ചു. ഇരട്ട വേഷത്തിലും ട്രിപ്പിൾ റോളിലും ബച്ചൻ പ്രേക്ഷകർക്ക് മുന്നിൽ എത്തി. സിനിമകൾ നിർമ്മിച്ചു. പിന്നണി ഗായകനായി. അന്യ ഭാഷകളിൽ അഭിനയിച്ചു. മലയാളത്തിൽ കണ്ഡഹാർ എന്ന സിനിമയിൽ ആണ് അഭിനയിച്ചത്. 1999ൽ നൂറ്റാണ്ടിന്റെ താരസാന്നിദ്ധ്യമായി തിരഞ്ഞെടുത്ത് ബിബിസിയുടെ ആദരം എത്തി.എത്ര എത്ര ജൈത്രയാത്രകൾ. അഭിനയയാത്രയിൽ ഗോസിപ്പ് കോളത്തിലും ഇടം പിടിച്ചു. നടി രേഖയുമായി പ്രണയം ബോളിവുഡിൽ ഏറെ ചർച്ചചെയ്യപ്പെട്ടതാണെങ്കിലും ബച്ചൻ ഇതേവരെ പ്രതികരിച്ചിട്ടേയില്ല. ജയയുമായുള്ള ബന്ധം വേർപെടുത്താൻ ബച്ചൻ തയാറല്ലെന്ന് തിരിച്ചറിഞ്ഞതോടെ രേഖ പിൻമാറിയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.

1981ൽ യാഷ് ചോപ്ര സംവിധാനം ചെയ്ത സിൽസില എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒരുമിച്ചിട്ടേയില്ല.ഒാൺ സ്ക്രീൻ പോലെ ഒാഫ് സ്ക്രീനിലും ബച്ചൻത്തിളക്കം തുടരുന്നു. ബച്ചൻ നായകനായി സിനിമ ഒരുക്കാൻ നവ സംവിധായകൻ ശ്രമം തുടരുന്നു. ഒരു ബച്ചൻ സിനിമ ആഗ്രഹിക്കാത്ത സംവിധായകരായി മലയാളത്തിൽ ആരും ഉണ്ടാകില്ല. ചിലർക്ക് കഥ കണ്ടെത്താൻ കഴിയില്ല. ചിലർക്ക് അതിന് ധൈര്യമില്ല. ഇന്ത്യൻ സിനിമയോളം പൊക്കത്തിൽ വളർന്നതാണല്ലോ ബച്ചൻ.എവിടെ നിന്നാലും കാണുന്ന തലപ്പൊക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY