
81.19% പേരും വോട്ടുചെയ്തു
പുരുഷന്മാരെക്കാൾ 6% കൂടുതൽ
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ആവേശ പോളിംഗിന് കരുത്തായി സ്ത്രീ വോട്ടർമാരുടെ പങ്കാളിത്തം. പുരുഷന്മാരെക്കാൾ ആറ് ശതമാനം സ്ത്രീകൾ കൂടുതലായി പോളിംഗ് ബൂത്തിലെത്തി. ഭരണം നിശ്ചയിക്കുന്നതിൽ സ്ത്രീകളുടെ പങ്ക് ഇക്കുറി നിർണായകമാകുമെന്ന് ഉറപ്പായി. സ്ത്രീവോട്ട് വീണത് കൂടുതലും തങ്ങൾക്കാവണേയെന്ന് ആഗ്രഹിക്കുകയാണ് മുന്നണികൾ.
ആകെ 2.71 കോടി വോട്ടർമാരിൽ സ്ത്രീകൾ 1,39,21,868. ഇതിൽ 1,13,03,164 പേരും വോട്ടു ചെയ്തു. 81.19%. 2021ൽ വോട്ടു ചെയ്തത് 73.94% സ്ത്രീകൾ. ഇക്കുറി 7.25 ശതമാനത്തിന്റെ വർദ്ധന. വോട്ട് ചെയ്ത പുരുഷന്മാർ 75.19%. 2021ൽ 73.85%. ഇത്തവണ ഉണ്ടായത് 1.34 ശതമാനത്തിന്റെ വർദ്ധന മാത്രം. ഇലക്ഷൻ കമ്മിഷന്റെ ഇ.സി.ഐ നെറ്റ് എന്ന ആപ്പിലെ കണക്കാണിത്.
അതേസമയം, ഇന്നലത്തെ കണക്കുപ്രകാരം സംസ്ഥാനത്ത് ആകെ പോളിംഗ് ശതമാനം 78.27. അന്തിമ ശതമാനക്കണക്ക് പുറത്തുവന്നിട്ടില്ല. ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. സർവീസ്, തപാൽ, ഹോം വോട്ടുകൾ ചേർത്തായിരിക്കും അന്തിമ ശതമാനം പ്രഖ്യാപിക്കുക. അപ്പോഴേക്കും 80 ശതമാനം കഴിയുമെന്നാണ് വിലയിരുത്തൽ. 1.46 ലക്ഷം തപാൽ വോട്ടും 70,000 എമർജൻസി വോട്ടും 53,000 സർവീസ് വോട്ടും, 2.45 ലക്ഷം ഹോം വോട്ടുമുണ്ട്.
78.27
ആകെ പോളിംഗ് ശതമാനം
43
80%ത്തിലധികം പോളിംഗ്
നടന്ന മണ്ഡലങ്ങൾ
കുന്നമംഗലം മുന്നിൽ
ഏറ്റവുംകൂടുതൽ പോളിംഗ് കോഴിക്കോട് കുന്നമംഗലം മണ്ഡലത്തിൽ- 84.84%, തൊട്ടുപിന്നിൽ എറണാകുളത്തെ കുന്നത്തുനാട്- 84.09%. ഏറ്റവും കുറവ് പത്തനംതിട്ട റാന്നിയിൽ- 68.98%. ജില്ലകളിൽ കൂടുതൽ പോളിംഗ് കോഴിക്കോട്ട്- 81.36%. കുറവ് പത്തനംതിട്ടയിൽ 70.76%.
ആകർഷിച്ചത്
ആനുകൂല്യങ്ങൾ?
1.തൊഴിലില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന സർക്കാരിന്റെ സ്ത്രീ സുരക്ഷ പദ്ധതിയടക്കമുള്ള ആനുകൂല്യങ്ങൾ
2. സ്ത്രീകൾക്ക് സൗജന്യയാത്രയടക്കം കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷികളുടെ പ്രകടന പത്രികകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |