SignIn
Kerala Kaumudi Online
Saturday, 04 July 2026 7.44 PM IST

പിണറായി വിജയനെ ഒരിക്കലും തളളി പറയില്ല; ആന്റണിയും ഉമ്മൻ ചാണ്ടിയും സഹോദരന്മാരെന്ന് ചെറിയാൻ ഫിലിപ്പ്

cheriyan-philip

തിരുവനന്തപുരം: രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപത് വർഷം രാഷ്‌ട്രീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തളളിപറയില്ലെന്ന് സി പി എം സഹയാത്രികനായ ചെറിയാൻ ഫിലിപ്പ്. സി പി എം രാജ്യസഭാ സീറ്റിന് പരിഗണിക്കാത്ത സാഹചര്യത്തിൽ ചെറിയാനെ കോൺഗ്രസിലേക്കു ക്ഷണിച്ചുകൊണ്ട് പാർട്ടി മുഖപത്രം എഴുതിയ ലേഖനത്തിന് മറുപടിയായാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. രാഷ്‌ട്രീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോ ആകില്ലെന്നും ലാഭനഷ്‌ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ലെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും രണ്ടു പേരും ആത്മബന്ധമുളള സഹോദരന്മാരാണ്. അരനൂറ്റാണ്ടിലേറെ കാലത്തെ രാഷ്ട്രിയ ജീവിതത്തിൽ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്‌ടിക്കുകയോ ചെയ്‌തിട്ടില്ല. ശരീരത്തിലും മനസിലും കറ പുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കുമെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല.ബാല്യം മുതൽ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ കെ ആൻ്റണിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ ചില സന്ദർഭങ്ങളിൽ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു.. ഇക്കാര്യം ആൻ്റണിയേയും ഉമ്മൻ ചാണ്ടിയേയും വർഷങ്ങൾക്കു മുമ്പുതന്നെ നേരിൽ അറിയിച്ചിട്ടുണ്ട്. ഇവർ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്.

കോൺഗ്രസിനും തനിക്കും നൽകിയ സേവനങ്ങൾക്ക് പ്രത്യുപകാരമായി ചെറിയാൻ ഫിലിപ്പിന് ഒരു സഹായവും ചെയ്യാൻ കഴിയാത്തതിൽ തനിക്ക് തീവ്ര ദു:ഖമുണ്ടെന്നു് കേന്ദ്ര മന്ത്രിയായിരിക്കെ എ കെ ആൻ്റണി 2010 ൽ കെ.ടി ഡി.സിയുടെ ഒരു ചടങ്ങിൽ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ്റെ സാന്നിദ്ധ്യത്തിലാണ്. ചെറിയാൻ ഫിലിപ്പ് ആദർശവാനാണെന്നും പറയുന്നതിൽ മാത്രമല്ല നടപ്പാക്കുന്നതിൽ നിർബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിൻ്റെ അമ്പതാം വാർഷികത്തിൽ ഒരു അഭിമുഖത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രിയ ജീവിതത്തിൽ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോൺഗ്രസിലും സി പി ഐ എം ലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാദ്ധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്. ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാൽ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തിൽ തലയുയർത്തി നിൽക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല.

1976 മുതൽ 1982 വരെ ഞാൻ വീക്ഷണത്തിൻ്റെ രാഷ്ട്രീയ ലേഖകനായിരുന്നു. ഗോഹട്ടി എ.ഐ സി സി സമ്മേളനത്തിൽ അടിയന്തിരാവസ്ഥക്കെതിരായ എ കെ ആൻ്റണിയുടെ പ്രസംഗം സെൻസർഷിപ്പ് നിയമങ്ങൾ ലംഘിച്ച് റിപ്പോർട്ട് ചെയ്തത് ഞാനാണ്. വീക്ഷണത്തിൽ ചില വേളകളിൽ മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്.

രാഷ്ട്രീയത്തിൽ തുടർന്നാലും ഇല്ലെങ്കിലും ഇരുപതു വർഷം രാഷ്ടീയ അഭയം നൽകിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. ബാല്യം...

Posted by Cherian Philip on Monday, April 19, 2021

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERIYAN PHILIP, PINARAYI VIJAYAN, OOMMENCHANDY, AK ANTONY, VEEKSHANAM, CPM, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA