SignIn
Kerala Kaumudi Online
Sunday, 07 June 2026 12.42 PM IST

സുഭദ്രാമ്മയെ നന്നായി അവതരിപ്പിച്ചുവെന്ന് പറഞ്ഞ് പലരും അഭിനന്ദിച്ചു, എന്നാൽ പിൽക്കാലത്ത് ദേവാസുരത്തിലെ ആ കഥാപാത്രം ചിത്രയ്‌ക്കൊരു ബാദ്ധ്യതയായി

chithra-mohanlal

അന്തരിച്ച നടി ചിത്രയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ദേവാസുരത്തിലെ സുഭദ്രാമ്മ. ആ കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചുവെന്ന് പറഞ്ഞ് നിരവധി പേർ നടിയെ അഭിനന്ദിച്ചു. എന്നാൽ പിൽക്കാലത്ത് സുഭദ്രാമ്മ എന്ന കഥാപാത്രം തനിക്ക് ജീവിതത്തിൽ ഒരു ബാദ്ധ്യതയായി മാറുകയായിരുന്നുവെന്ന് കേരളകൗമുദി ആഴ്ചപ്പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചിത്ര വെളിപ്പെടുത്തിയിരുന്നു. മാസങ്ങൾക്ക് മുൻപ് നടി നൽകിയ അഭിമുഖത്തിൽ നിന്ന്...

'ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന പാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷമായതുകൊണ്ട് അച്ഛനും ഒരു വല്ലായ്മ. സംവിധായകൻ ശശിയേട്ടൻ വിളിച്ച് നായികയല്ലെങ്കിലും ചിത്ര ഈ കഥാപാത്രം ചെയ്യണമെന്ന് നിർബന്ധിച്ചു കൊണ്ടിരുന്നു. പിന്നീട് സീമച്ചേച്ചിയും ദേവാസുരം ചിത്ര മിസ് ചെയ്യരുത് എന്ന് പറഞ്ഞു. മോഹൻലാൽ നീലകണ്ഠൻ എന്ന നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. അപ്പോൾ പിന്നെ സുഭദ്രാമ്മ ഒരു നെഗറ്റീവ് കഥാപാത്രമായതിൽ നീ എന്തിന് പേടിക്കണം? സീമച്ചേച്ചിയുടെ ആ ചോദ്യം ഉള്ളിൽ തട്ടി. സിനിമ സൂപ്പർഹിറ്റായി.

സുഭദ്രാമ്മയെ ചിത്ര നന്നായി അവതരിപ്പിച്ചുവെന്ന് പലരും അഭിനന്ദിച്ചു. ആ കഥാപാത്രം പിന്നീട് എനിക്കൊരു ബാദ്ധ്യതയായി മാറി. വഴിപിഴച്ചു ജീവിക്കുന്നവരുടെ ജീവിതം സിനിമയിലവതരിപ്പിക്കുമ്പോൾ മാത്രം ചിത്രയെ ഓർക്കുന്ന സംവിധായകർ പോലുമുണ്ടായി. കടൽ എന്ന ചിത്രത്തിൽ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് മദാലസവേഷം. 'പ്രായിക്കരപാപ്പാനി'ലും സ്ഥിതി വ്യത്യസ്തമല്ല. 'ആറാം തമ്പുരാനി'ലെ തോട്ടത്തിൽ മീനാക്ഷിയും വഴിതെറ്റിയ സ്ത്രീയാണ്. ഒടുവിൽ ചെയ്ത 'സൂത്രധാരൻ 'വരെ അത്തരം കഥാപാത്രങ്ങളുടെ നിരനീണ്ടു. എന്നെപ്പോലുള്ളവർക്ക് അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാൽ 'ഓ.കെ ചിത്ര ചെയ്യേണ്ട വേറെ നടികൾ ഉണ്ട്.' എന്ന് പറഞ്ഞ് സംവിധായകർ നമ്മളെ കട്ട് ചെയ്യും.

തമിഴിൽ ഞാൻ ചെയ്‌തത് എല്ലാം ശാലീന വേഷങ്ങളാണ്. മലയാളത്തിൽ കള്ളിമുണ്ടും ബ്ലൗസും അണിഞ്ഞ് മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ തമിഴിന് ഈ ഡ്രസ് കോഡ് വലിയ ഗ്ലാമറാണ്. ഒരിക്കൽ അമരത്തിലെ ഏതോ സ്റ്റിൽ തമിഴ് മാസികയിൽ അച്ചടിച്ചുവന്നപ്പോൾ തമിഴ് പത്രപ്രവർത്തകർ വിളിയോട് വിളി. ചിത്ര എന്തിന് ഗ്ലാമർ റോൾ ചെയ്തു എന്ന് ചോദിച്ചുകൊണ്ട്. കള്ളിയും ബ്ലൗസും കേരളത്തിലെ നാടൻ വേഷമാണ് എന്ന മറുപടിയൊന്നും അവരെ തൃപ്തിപ്പെടുത്തിയില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ കാരക്ടർ വേഷങ്ങളാണ് കൂടുതലും തേടിയെത്തിയത്. പക്ഷേ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളവ മാത്രമേ ഞാൻ ചെയ്‌തിട്ടുള്ളൂ. 'ഭാര്യവീട്ടിൽ പരമസുഖം' എന്ന ചിത്രത്തിൽ വില്ലത്തിവേഷമാണ് പക്ഷേ ദുർഗ എന്ന കഥാപാത്രമാണ് സിനിമയുടെ നട്ടെല്ല്. 'ഉസ്താദി'ലെ അംബികയാവാൻ തയ്യാറായത് രഞ്ജിത്തുമായുള്ള ആത്മബന്ധം കൊണ്ടാണ്. ജഗദീഷും കാവേരിയുമാണ് 'രാജതന്ത്രത്തി'ലെ നായകനും നായികയും. പക്ഷേ കഥ കൊണ്ടുപോകുന്നത് ഇന്നസെന്റ് ചേട്ടന്റെയും എന്റെയും കഥാപാത്രങ്ങളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACTRESS CHITHRA, DEVASURAM MOVIE, MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY