പലരും എന്നോട് കളിയായും മറ്റുചിലർ കാര്യമായും മിക്കപ്പോഴും ചോദിക്കാറുള്ള ചോദ്യമാണ് എങ്ങനെയാണ് എല്ലാത്തിലും ഈ ഫോട്ടോഗ്രാഫി കണ്ടെത്തുന്നതെന്ന്. അതങ്ങനെ സംഭവിക്കുന്നു എന്നല്ലാതെ മറ്റൊന്നും പറയാനില്ല. അറിയാതെ യാദൃശ്ചികമായി അവ വന്നു ചേരുന്നു. അത്രതന്നെ! കണ്ണിൽപ്പെടുന്നവയെ വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. അതെന്താകണമെന്നോ ഏതാകണമെന്നോ നിർബന്ധമില്ല, നന്നായി വിഷ്വലൈസ് ചെയ്യുന്ന ഒരു പ്രക്രിയ മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ! അപൂർവമായി കിട്ടിയ മിക്ക ചിത്രങ്ങളും പരിശോധിച്ചാൽ അതറിയാം. വീണ്ടും ഒരിക്കൽക്കൂടി എടു ക്കാൻ പറ്റാത്ത സീനുകളാണ് അവയിലധികവും.
ഇതും അത്തരത്തിൽ കിട്ടിയ രസകരമായ ഒരു ചിത്രത്തിന്റെ കാര്യമാണ്. കുറച്ചുനാൾ മുൻപ് മൂന്നു നാല് സുഹൃത്തുക്കൾ നാട്ടിൽ നിന്നും എന്നെക്കാണാൻ ഊട്ടിയിൽ വന്നു. അവരുമായി സ്റ്റുഡിയോയിൽ സംസാരിച്ചിരിക്കുമ്പോൾ പുറത്തുപോകാനുള്ള അസൗകര്യം കാരണം അടുത്തുള്ള ചെറിയ കാന്റീനിലേക്കു ഫോൺ വിളിച്ചു ചായയ്ക്ക് ഓർഡർ ചെയ്തു. അൽപ്പനേരത്തിനുള്ളിൽ അവിടുത്തെ പയ്യൻ ചായയുമായി എത്തി. ചെറിയ സ്റ്റീൽ കപ്പും ഗ്ലാസും ചേർന്ന ഓരോ പാത്രത്തിലാണ് അവൻ ചായ കൊണ്ടുവന്നത്. 'ഡവറ സെറ്റെ" ന്നാണ് ഇവിടുത്തുകാർ ഇതിനു പറയുന്നത്. ഇതിൽ ഒരുസെറ്റും അതിലെ ചായയും ചൂടുകാരണമോ എന്തോ വരുന്ന വഴി വരാന്തയിൽ വച്ച് അവന്റെ കൈയിൽ നിന്നും താഴെവീണുപോയത്രേ! കുറ്റസമ്മതം നടത്തിയശേഷം അവൻ ഓടിപ്പോയി പകരം മറ്റൊരു ചായ കൊണ്ടുവരികയും ചെയ്തു.
കുറേനേരം കഴിഞ്ഞ് പയ്യൻ വന്നു ഒഴിഞ്ഞവ എടുത്തു പോയി. ഒത്തിരി നാളുകൾ ശേഷം കണ്ടതിനാൽ സുഹൃത്തുക്കൾ വളരെ വൈകിയാണ് അവർ ഇവിടെ നിന്നും പോയത്. പോകാനിറങ്ങിയപ്പോൾ യാത്രയാക്കാൻ ഞാനും അവരോടൊപ്പം പുറത്തേക്കിറങ്ങി. തിരികെ വരുമ്പോഴാണ് വരാന്തയിൽ നമ്മുടെ ചായക്കാരൻ പയ്യന്റെ കൈയിൽ നിന്നും തറയിൽ ചായ വീണു കിടക്കുന്ന സ്ഥലം കണ്ടത്. അവൻ അറിഞ്ഞുകൊണ്ടല്ലെങ്കിലും രസകരമായ ഒരു പുതിയ ചിത്രം കൂടി എനിക്ക് സമ്മാനിച്ചിട്ടാണ് പോയതെന്ന് പറയാം. അതാകട്ടെ ഒരു പട്ടി കുരക്കുന്നതുപോലെയോ ഓരിയിടുന്നതുപോലെയോ ഉള്ള രൂപം! തെറിച്ചുവീണ ചായ കാർട്ടൂണിലും ചിത്രങ്ങളിലുമൊക്കെ പട്ടികുരക്കുന്ന ശബ്ദത്തിന്റെ മാതൃകയിൽ സിമന്റ് തറയിൽ ചിതറി വീണു കിടക്കുന്നു. ഒന്നുകൂടി ശ്രദ്ധിച്ച ശേഷം ഉടനെ തന്നെ പോയി കാമറ കൊണ്ടുവന്നു പകർത്തിയതും കൂടുതൽപേരെ ആകർഷിച്ചതുമായ ഒരു ചിത്രമാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |