SignIn
Kerala Kaumudi Online
Thursday, 22 October 2026 2.14 AM IST

അമരത്ത് ഇനി ഓംപ്രകാശ്

om-prakash-mathur

ഇനി കേരളത്തിന് പുതിയ ഗവർണർ. നാളെയാണ് ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ഉച്ചയ്ക്ക് 12നും 12.30നും ഇടയ്ക്കുള്ള ശുഭ മുഹൂർത്തത്തിൽ. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ രാവിലെ ദർശനം നടത്തിയ ശേഷമാവും പുതിയ ഗവർണറുടെ സത്യപ്രതിജ്ഞ. ലോക്ഭവനിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്‌ സൗമൻ സെൻ ആണ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുക. കേരള സംസ്ഥാനം രൂപം കൊണ്ട ശേഷമുള്ള ഇരുപത്തി ഒമ്പതാമത്തെ ഗവർണറാണ് ഒ.പി. മാഥൂർ.

പണ്ടെങ്ങും ഇല്ലാതിരുന്ന മാനങ്ങൾ അടുത്ത കാലത്തായി ഗവർണർ പദവിക്ക് കൈവന്നിട്ടുണ്ട്. ഗവർണറുടെ അധികാരത്തിന്റെ പ്രയോഗത്തിലാണ് പുതിയ മാനങ്ങൾ. അവ ഭരണഘടന അനുശാസിക്കുന്നതും അനുവദിക്കുന്നതും തന്നെയാണ്. ചിലർ അവ പ്രയോഗിക്കാതെ പോവുമ്പോൾ മറ്റു ചിലർ ഫലപ്രദമായി പ്രയോഗിക്കുന്നു എന്നു മാത്രം. അങ്ങനെ പൂർണമായി പ്രയോഗിക്കുമ്പോഴാണ് അതിനെതിരെ വിവാദങ്ങൾ ഉയരുന്നത്. ഭരണഘടനാ ബാദ്ധ്യതകൾ മുഖം നോക്കാതെ,​ ഭരണകക്ഷിയുടെ രാഷ്ട്രീയ നിറം നോക്കാതെ നിർവഹിക്കുമ്പോഴാണ് ഗവർണർ എന്ന പദവിയുടെ പ്രസക്തി വർദ്ധിക്കുക.

സാന്നിദ്ധ്യം പോലും അറിയിക്കാതെ പിരിഞ്ഞു പോയ ഗവർണർമാരും ഏറെ ഉണ്ടായിട്ടുണ്ട് കേരളത്തിൽ. ഇന്ത്യാ മഹാരാജ്യത്ത് ആദ്യമായി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ ശുപാർശ ചെയ്തത് കേരളത്തിന്റെ ഒരു ഗവർണർ ആയിരുന്നല്ലോ. അന്ന്, ഗവർണർ രാമകൃഷ്ണ റാവു പിരിച്ചു വിടാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത് കേരളത്തിലെ ആദ്യ മന്ത്രിസഭയെ. പക്ഷേ എന്നിട്ടും അന്നത്തെ ഗവർണർ, പിൽക്കാലത്തെ ചില ഗവർണർമാരെ പോലെ അധികം പഴി കേട്ടില്ല. ആ അനുഭവമല്ല കേരളം ഭരിച്ച മൂന്ന് വനിതാ ഗവർണർമാരിൽ രണ്ടു പേർക്ക് ഉണ്ടായത്. ബീഹാറിൽ നിന്നെത്തിയ രാം ദുലാരി സിൻഹയും തമിഴ്നാട്ടിൽ നിന്നു വന്ന ജ്യോതി വെങ്കിടചെല്ലവും ഒട്ടേറെ വിമർശനത്തിനും വിദ്വേഷത്തിനും പാത്രമായി.

എന്നാൽ ഇടക്കാലത്ത് കേരള ഗവർണറായിരുന്ന മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്ത് ആരാലും എതിർക്കപ്പെടാതെ, ആരെയും എതിർക്കാതെ, തന്റെ ഹ്രസ്വകാലം ഇവിടെ കഴിച്ചു കൂട്ടി. രാഷ്ട്രീയ കാലാവസ്ഥയാണ് പലപ്പോഴും ഗവർണർമാരുടെ ഭാഗഥേയം നിർണയിക്കുന്നത്. ഇടയ്ക്ക് ചെറിയ പൊട്ടലും ചീറ്റലും ഒഴിച്ചാൽ ഇന്ന് കേരളം വിടുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടേത് സംഭവ ബഹുലമെങ്കിലും സംഘർഷഭരിതമായിരുന്നില്ല. അദ്ദേഹത്തിന്റെ മുൻഗാമി ആരിഫ് മുഹമ്മദ് ഖാന്റേത് പക്ഷേ,​ എതിർപ്പിന്റെയും ചെറുത്തു നിൽപ്പിന്റെയും കാലം. എത്ര തവണയാണ്, എവിടെയൊക്കയാണ് അദ്ദേഹത്തെ ഇടതുപക്ഷ വിദ്യാർത്ഥികൾ വഴിയിൽ തടഞ്ഞത്, വേദിയിൽ കടന്നുകയറാൻ വരെ ശ്രമിച്ചത്.

എന്തിനേറെ, കേരളം വിട്ട് ബീഹാർ ഗവർണറായി ചുമതല ഏൽക്കാൻ പോകവേ, ആരിഫ് മുഹമ്മദ് ഖാന് ഒരു യാത്ര അയപ്പുപോലും അന്നത്തെ മന്ത്രിസഭ നൽകിയില്ല. എന്നുമാത്രമല്ല, ലോക്ഭവന്റെ പടിയിറങ്ങവേ മുഖ്യമന്ത്രിയോ മന്ത്രിമാരിൽ ആരെങ്കിലുമൊരാളോ തിരിഞ്ഞു നോക്കിയില്ല. അതൊക്കെ ചരിത്രം. എന്നാൽ ഇന്ന് ചെന്നൈയിലേക്ക് പോകുന്ന ആർലേക്കർക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ഔദ്യോഗിക വിരുന്ന് നൽകിയാണ് വിട നൽകുന്നത്. അദ്ദേഹവുമായി ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടും എല്ലാ ആചാര്യ മര്യാദകളും കേരള സർക്കാർ പാലിച്ചു.

കേരളം ആകാംഷയോടെ ഉറ്റുനോക്കുന്നത് നിയുക്ത ഗവർണർ ഓം പ്രകാശ് മാഥൂറിനെയാണ്, അദ്ദേഹത്തിന്റെ ഭരണ ശൈലിയെയാണ്. സംസ്ഥാനം സപ്തതി ആഘോഷിക്കുന്ന വർഷത്തിലാണ് കേരളത്തിലേക്ക് അദ്ദേഹം നിയോഗിക്കപ്പെടുന്നത്. ആർലേക്കറെ പോലെ തന്നെ ആർ.എസ്.എസ് പ്രചാരകനായാണ് മാഥൂറും പൊതുരംഗത്ത് എത്തിയത്. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു, രാജ്യസഭയിൽ അംഗമായി. ഉപരാഷ്ട്രപതിപദം അലങ്കരിച്ച മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ഭയ്റോൺ സിംഗ് ഷിഖാവത്തിന്റെ ശിക്ഷണത്തിലാണ് രാഷ്ട്രീയ കളരിയിൽ മാഥൂർ പയറ്റി തെളിഞ്ഞത്.

പാർട്ടിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയിരുന്ന അദ്ദേഹത്തിന് ഗുജറാത്തിന്റെ ചുമതല നൽകിയിരുന്നു. നരേന്ദ്ര മോദിയും അമിത് ഷായുമായി അദ്ദേഹത്തിന് നല്ല അടുപ്പം എന്നർത്ഥം. പിൽക്കാലത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിട പറഞ്ഞ ശേഷമാണ് സിക്കിം ഗവർണറായി നിയമിതനാവുന്നത്. അവിടെ രണ്ട് വർഷവും രണ്ടര മാസവും പൂർത്തിയാക്കിയിട്ടാണ് കേരളത്തിന്റെ ഗവർണറായി അവിവാഹിതനും സസ്യാഹാരിയുമായ ഓംപ്രകാശ് എത്തുന്നത്. സിക്കിമിൽ തികച്ചും ജനകീയൻ ആയിരുന്നു ഗവർണർ ഒ.പി. മാഥൂർ. സിക്കിം മന്ത്രിസഭയുമായി ഊഷ്‌മള ബന്ധം. അവിടത്തെ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങും, ചില മന്ത്രിമാരും നാളെ കേരള ഗവർണറുടെ സത്യപ്രതിജ്ഞയ്ക്ക് ഗാങ്ടോക്കിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറന്നെത്തുന്നുണ്ട് എന്നതും ശ്രദ്ധേയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OM PRAKASH MATHUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION