
ഒരു മലയാളി ഇന്ത്യയുടെ നെറുകയിലേക്ക് ഉയരുന്നു, പൂയപ്പള്ളിയെന്ന ചെറുഗ്രാമത്തിൽ ജനിച്ചുവളർന്ന ജി.രഞ്ജിത്ത് എന്ന ഇലക്ട്രോണിക്സ് എൻജിനിയർ. പ്രതിസന്ധികളോട് പടവെട്ടി വളർന്ന, സർക്കാർ സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിച്ച രഞ്ജിത്ത് രാജ്യത്തെ ഇലക്ട്രിക് വാഹന വ്യവസായ രംഗത്ത് വലിയ വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ്.
രാജ്യത്ത് ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനികൾ അനവധിയുണ്ട്. ആ കമ്പനികളെല്ലാം വാഹനങ്ങളെ നിയന്ത്രിക്കുന്ന ഡ്രൈവിൽ വിദേശ നിർമ്മിത ചിപ്പുകളാണ് ഉപയോഗിക്കുന്നത്. അതിന് ഒരു മാറ്റം കുറിച്ചുകൊണ്ട് ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ ചിപ്പ് വികസിപ്പിച്ചിരിക്കുകയാണ് രഞ്ജിത്ത്.
ഓട്ടോമൊബൈൽ രംഗത്ത് വമ്പൻ മാറ്റങ്ങളുണ്ടാകുന്ന കാലമാണ്. വാഹനങ്ങൾ പരസ്പരം ആശയവിനിമയം നടത്തുന്ന കാലം അതിവിദൂരമല്ല. ഭൂരിഭാഗം വാഹനങ്ങളിലും ഉപയോഗിക്കുന്നത് വിദേശ നിർമ്മിത ചിപ്പുകളാണ് ്. അത് വലിയ സുരക്ഷാ ഭീഷണിയും ഉയർത്തുന്നു. വാഹനങ്ങളുടെ സോഫ്ട്വെയറുകൾ ഹാക്ക് ചെയ്ത് പുറത്ത് നിന്ന് നിയന്ത്രിച്ച് അപകടമുണ്ടാക്കാൻ കഴിയും. അത്തരം ഡ്രൈവുകൾ പലതും ക്ലോസ്ഡ് സോഴ്സാണ്. ഉള്ളിലെ ഘടകങ്ങൾ മനസിലാക്കാൻ പോയിട്ട് അറ്റകുറ്റപ്പണി പോലും സാദ്ധ്യമല്ല. അതുകൊണ്ട് കേടായാൽ ഉപേക്ഷിക്കുകയേ വഴിയുള്ളു.
ഇലക്ട്രിക് ടൂ വീലറുകളിലെയും ത്രീ വിലറുകളിലെയും വിദേശ നിർമ്മിത ചിപ്പുകൾ ഉപയോഗിച്ചുള്ള ഡ്രൈവുകൾ കേടാകുമ്പോൾ അറ്റകുറ്റപ്പണി നടത്താനാകുന്നില്ല. അങ്ങനെ വാഹനം തന്നെ ഉപേക്ഷിക്കേണ്ടി വന്ന് സാധാരണക്കാർക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു. കാലിക്കറ്റ് എൻ.ഐ.ടിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി കൂടുതൽ എനർജി എഫിഷ്യന്റായ മോട്ടോർ വികസിപ്പിക്കാനുള്ള ഗവേഷണത്തിനിടയിൽ ഇത്തരം ചിന്തകൾ രഞ്ജിത്തിന്റെ മനസിൽ കടന്നുവന്നു. ഇതിനിടയിൽ ഇന്റലിജന്റ് കൺട്രോളിൽ വിദഗ്ദ്ധനായ രഞ്ജിത്തിന്റെ പി.എച്ച്.ഡി ഗൈഡ് ഡോ. സി.വി.രഘു ഒരു ചോദ്യമുയർത്തി. എന്തുകൊണ്ട് ഓപ്പൺ സോഴ്സ് കൺട്രോൾ വികസിപ്പിച്ചുകൂട? ഇതോടെയാണ് ഓപ്പൺ സോഴ്സ് ചിപ്പ് വികസിപ്പിക്കുന്നതിനെക്കുറിച്ച് രഞ്ജിത്ത് ചിന്തിച്ചുതുടങ്ങിയത്.
രഞ്ജിത്തിന്റെ മനസിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഓപ്പൺ സോഴ്സ് ചിപ്പിന്റെ പ്രാഥമിക ഘടന രൂപപ്പെട്ടു. ഗവേഷണം തുടർന്ന് ചിപ്പ് നിർമ്മിക്കാൻ 30 ലക്ഷം രൂപ വേണം. അതിന് പുറമേ ഡിസൈൻ ചെയ്യാൻ സോഫ്ട്വെയർ വേണം. അതിന് 80 ലക്ഷം രൂപയെങ്കിലും വേറെ വേണം. അതിനുള്ള പണമില്ലാത്തതിനാൽ രഞ്ജിത്ത് ഓപ്പൺ സോഴ്സ് ചിപ്പെന്ന സ്വപ്നം മെല്ലെ മനസിലൊതുക്കി. എന്നാൽ അത് യാഥാർത്ഥ്യമാക്കി. സി.ടു എസ് പ്രോജക്ട് ഇന്ത്യയിൽ ചിപ്പ് നിർമ്മിക്കുന്നില്ല. ചിപ്പ് നിർമ്മിക്കാൻ ലക്ഷക്കണക്കിന് ലിറ്റർ ജലം വേണം. മുടങ്ങാതെ വൈദ്യുതി വേണം. നിർമ്മാണ സാമഗ്രികൾ വേണം. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചിപ്പാണ് ഉപയോഗിക്കുന്നത്.
പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് ചിപ്പ് അടക്കമുള്ള സൂക്ഷ്മ സാമഗ്രികളുടെ വരവ് പോലും നിലച്ചു. ഈ സാഹചര്യം തുടർന്നാൽ ചിപ്പുകൾ രാജ്യത്തെ ഇലക്ട്രിക് വാഹന വ്യവസായം പ്രതിസന്ധിയിലാക്കും. അതിനുള്ള പരിഹാരമായി ചിപ്പുകൾ ഇന്ത്യയിൽ വികസിപ്പിക്കാൻ തീരുമാനിച്ചു. അതിനായി കേന്ദ്ര സർക്കാർ ലോക്കൽ ചിപ്പ് ഡെവലപ്പ്മെന്റ് നയം കൊണ്ടുവന്നു.
അതിനായി ജമ്മുവിലും ഗുജറാത്തിലും പ്ലാന്റുകളുടെ നിർമ്മാണം തുടങ്ങി. ചിപ്പ് നിർമ്മാണത്തിന്റെ സാങ്കേതികവിദ്യ വികസിപ്പിക്കാനും നിർമ്മാണത്തിനും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം സി.ടു എസ് (ചിപ്പ് ടു സ്റ്റാർട്ടപ്പ്) എന്ന പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി നാനൂറിൽ പരം സ്ഥാപനങ്ങൾക്ക് ചിപ്പ് വികസിപ്പിക്കാനുള്ള സഹായം നൽകി.
അതിൽ കോഴിക്കോട് എൻ.ഐ.ടിയെയും ഉൾപ്പെടുത്തി. പദ്ധതിയുടെ കോഴിക്കോട് ഐ.ഐ.ടിയിലെ കോ- ഓർഡിനേറ്റർമാരായ നിശ്ചയിക്കപ്പെട്ട ഡോ. ധൻരാജ്, ഡോ. ഭുവൻ, ഡോ. അശുതോഷ് മിശ്ര എന്നിവരുടെ മനസിലേക്ക് അവിടുത്തെ ഗവേഷക വിദ്യാർത്ഥിയായ രഞ്ജിത്തിന്റെ സ്വപ്നം കടന്നുവന്നു.
സി.ടു എസ് പദ്ധതിയുടെ ഭാഗമായ സി ഡാക്കിന്റെ ചിപ്പിംഗ് സെന്റർ 80 ലക്ഷം രൂപയോളം വിലവരുന്ന ചിപ്പ് നിർമ്മാണത്തിനുള്ള സോഫ്ട്വെയർ രഞ്ജിത്തിന് സൗജന്യമായി നൽകി. സോഫ്ട്വെയറർ പരിശീലിപ്പിച്ചു. രഞ്ജിത്ത് പല ദിവസങ്ങളിലും മണിക്കൂറുകളോളം ഒരേ ഇരുപ്പ് ഇരുന്നാണ് സിമുലേഷൻ തയ്യാറാക്കിയത്. അത് പലതവണ കമ്പ്യൂട്ടറിൽ റൺ ചെയ്ത് പരിശോധിച്ചു. ഒടുവിൽ ചിപ്പിന്റെ ടേപ്പ് ഔട്ട് റെഡിയായി. അത് പദ്ധതിയുടെ ഭാഗമായ ചണ്ഡിഗഡിലെ ഫാബ് എന്ന സെമി കണ്ടക്ടർ ലാബിലേക്ക് അയച്ചു. അവർ സൗജന്യമായി രഞ്ജിത്തിന്റെ സ്വപ്നം നിർമ്മിച്ചുനൽകി. ഒരുമാസം മുമ്പ് ചണ്ഡിഗഡിലെ സെമി കണ്ടക്ടർ ലാബിൽ സംഘടിപ്പിച്ച ചടങ്ങിൽ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിൽ നിന്ന് രഞ്ജിത്ത് ചിപ്പ് ഏറ്റുവാങ്ങി. അതിന്റെ ടെസ്റ്റിംഗ് നടക്കുകയാണ് ഇപ്പോൾ.
ഇ.വി വിലയിൽ 20000 വരെ കുറയാം
നിലവിൽ ഇലക്ട്രിക് ടൂ വീലറുകളിലും ത്രീ വീലറുകളിലും ഉപയോഗിക്കുന്ന വിദേശ ഡ്രൈവുകളുടെ വില മൂപ്പതിനായിരം രൂപ വരെയാണ്. എന്നാൽ താൻ വികസിപ്പിച്ചെടുത്ത ചിപ്പ് ഉപയോഗിച്ച വ്യവസായികാടിസ്ഥാനത്തിൽ നിർമ്മിച്ചാൽ എണ്ണായിരം രൂപ മുതൽ പതിനായിരം രൂപ വരെ ചെലവ് വരൂ. ഇത് ഉപയോഗിക്കുന്നതോടെ ഇലക്ട്രിക് വാഹനങ്ങളുടെ വില ഇരുപതിനായിരം രൂപ വരെ കുറയാം.
സ്വപ്നം സ്റ്റാർട്ട് അപ്പ്
എൻ.ഐ.ടി കാലിക്കട്ട് സീനിയർ റിസേർച്ച്് ഫെല്ലോ ആയ രഞ്ജിത്തിന്റെ ഗവേഷണം അടുത്ത മാസത്തോടെ പൂർത്തിയാകും.അതിന് ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് ഇലക്ട്രിക് വാഹനങ്ങൾക്കായി താൻ വികസിപ്പിച്ച ചിപ്പ് ഉപയോഗിച്ചുള്ള ഡ്രൈവ് നിർമ്മിക്കുന്ന സ്റ്റാർട്ട്അപ്പ് തുടങ്ങാനാണ് ആലോചന. എൻ.ഐ.ടിയിലെ ടി.ബി.ഐയിൽ സ്ഥലം ലഭിക്കും. അവിടുത്തെ ടൂളുകളും ഉപയോഗിക്കാനാകും. കോഴിക്കോട് എൻ.ഐ.ടിയിൽ നിധി പ്രയാസ് പദ്ധതി, മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള ചിപ്പ് മാറ്റ് പ്രോജക്ട് എന്നിവയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പാലക്കാട് ഐ.ഐ.ടി ടി.ബി.ഐയിൽ ത്രീ വീലർ ഉണ്ടാക്കുന്ന കമ്പനിയും രഞ്ജിത്തിനെ ബന്ധപ്പെട്ടുണ്ട്. ചിപ്പ് പരീക്ഷിക്കാൻ അവരുടെ വാഹനങ്ങൾ വിട്ടുനൽകാമെന്ന് പറഞ്ഞു. വിജയമാണെങ്കിൽ താൻ വികസിപ്പിക്കുന്ന ഡ്രൈവ് വച്ച് അവരുടെ വാഹനങ്ങൾ ഇറക്കാമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ട്.
ഡിസംബറോടെ ഡ്രൈവുകളുടെ നിർമ്മാണം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രഞ്ജിത്ത്. ചിപ്പിന്റെ ആർക്കിടെക്ചറിനും സ്പീഡ് കണക്കാക്കുന്ന ഘടകത്തിനും പേറ്റന്റിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. പുതിയ ഘടകങ്ങൾ കൂട്ടിച്ചേർക്കാൻ കഴിയുന്ന തരത്തിലാണ് രൂകല്പന. ഒരു പൊട്ടിനേക്കാൾ ചെറിയ അളവിൽ നാലായിരം മൈക്രോ മീറ്റർ വലിപ്പമേ രഞ്ജിത്ത് വികസിപ്പിച്ച ചിപ്പിനുള്ളു.
കണക്കിൽ മിടുക്കൻ
സ്കൂൾ പഠനകാലത്തേ കണക്കിൽ മിടുക്കനായിരുന്നു രഞ്ജിത്ത്. സ്കൂൾ കാലത്ത് ശാസ്ത്രമേളകളിൽ പങ്കെടുക്കുമായിരുന്നു. കൊല്ലം എസ്.എൻ കോളേജിൽ പ്രീഡിഗ്രി പാസായി. അതിന് ശേഷം ഇലക്ട്രിക് എൻജിനിയറിംഗിൽ ബി.ടെക് എടുത്ത ശേഷം കെ.എസ്.ഇ.ബിയിൽ കുറച്ചുകാലം ജോലി ചെയ്തു. പിന്നാലെ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബഡസ് സിസ്റ്റത്തിൽ എം.ടെക് എടുത്ത ശേഷം പെരുമൺ കോളേജിൽ ആറ് വർഷം അസി. പ്രൊഫസറായി ജോലി ചെയ്തു. അതിനിടയിൽ കൊട്ടിയം എസ്.എൻ പോളിടെക്നിക്കിലും അദ്ധ്യാപകനായി. പെരുമണിൽ ജോലി ചെയ്യുമ്പോഴാണ് കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷണത്തിന് പ്രവേശനം ലഭിച്ചത്.
കുടുംബം
പൂയപ്പള്ളി തെക്കേ ഭാഗത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ ആചാരിയുടെയും ഓമന ഗോപാലിന്റെയും മകനാണ്. പൂയപ്പള്ളി ലക്ഷ്മി മെമ്മോറിയൽ ആശുപത്രി ഡയറക്ടറും, പ്രഗത്ഭ സർജനും, ഡയബറ്റിക് ഫൂട്ട് കെയർ സ്പെഷ്യലിസ്റ്റുമായ ഡോ. ഒ.വാസുദേവന്റെയും കൊല്ലം വിക്ടോറിയ ഗവ. ഹോസ്പിറ്റൽ മുൻ സൂപ്രണ്ടും എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ വനിതാ സംഘം കൺവീനറുമായ ഡോ. സബീന വാസുദേവന്റെയും മകളായ വീണയാണ് ഭാര്യ.
വീണ ബി.ടെക്, എം.ബി.എ ബിരുദധാരിയും നർത്തകിയുമാണ്. പൂയപ്പള്ളി ഗവ. എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സാവേരി, നാലാം ക്ലാസ് വിദ്യാർത്ഥി സാവന്ത് എന്നിവരാണ് മക്കൾ. യു.എസ്.എസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ഗിഫ്റ്റഡ് സ്റ്റാറ്റസ് ലഭിച്ച സാവേരി സി.എം കിഡ്സിന്റെ പ്രത്യേക പരിശീലനത്തിലാണ്. ജില്ലാ സ്കൂൾ കലോത്സവത്തിൽ പലയിനങ്ങൾക്കും ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ സാവേരി പങ്കെടുത്തിട്ടുണ്ട്.
ഡൽഹിയിൽ പ്രധാനമിയുടെ അഭിനന്ദനം
സി.ടു എസ് പദ്ധതിയിലൂടെ ചിപ്പ് വികസിപ്പിച്ച 28 പേരിൽ 20 പേരേ കഴിഞ്ഞയാഴ്ച കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം ഡൽഹിയിൽ സംഘടിപ്പിച്ച സെമികോൺ കോൺഫറൻസിലേക്ക് ക്ഷണിച്ചിരുന്നു. അതിലൊരാൾ രഞ്ജിത്തായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ഉദ്ഘാടകൻ. സി.ടു എസ് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ച ചിപ്പുകൾ പതിപ്പിച്ച് തയ്യാറാക്കിയ മെമന്റോ പ്രധാമന്ത്രിക്ക് സമ്മാനമായി നൽകി. അതിനിടയിൽ മോദി ചോദിച്ചു. ആരെങ്കിലുമായി കോളാബ്രേറ്റ് ചെയ്തു ചിപ്പ് ഇ.വിയിലേക്ക് കൊണ്ടുവരാനുള്ള ആലോചന ഉണ്ടോയെന്ന്. അതിനുള്ള ശ്രമത്തിൽ ആണെന്ന് നിറചിരിയോടെ രഞ്ജിത്ത് പറഞ്ഞു.
ഡൽഹി എയിംസിലെ ദന്തൽ വിഭാഗത്തിന് വേണ്ടി ഒരു ക്രയോതെറാപ്പി ഉപകരണം തയ്യാറാക്കി നൽകിയിട്ടുണ്ട്. തണുത്ത വെള്ളം ഉപയോഗിച്ച് സെഡേഷൻ കൊടുക്കാതെ തന്നെ രക്തം നഷ്ടപ്പെട്ടുപോകാതെ വേദന രഹിതമായി സർജറി ചെയ്യാൻ പറ്റുന്ന ഉപകരണമാണ് നിർമ്മിച്ചത്. നിലവിൽ ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷൻ ടെക്നോളജിക്ക് വേണ്ടി അണ്ടർ വാട്ടർ ആർ.ഒ.വികളെ നിയന്ത്രിക്കുന്ന കൺട്രോളർ നിർമ്മിക്കുന്ന പ്രോജക്ടിലാണ്. നിരവധി കമ്പനികൾക്ക് വേണ്ടി വിവിധങ്ങളായ എംബഡഡ് സിസ്റ്റങ്ങൾ തയ്യാറാക്കി നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |