
ഇക്കാലത്തെ ഏറ്റവും ശ്രദ്ധേയരായ സാങ്കേതിക സംരംഭകരിൽ ഒരാളാണ് ഇലോൺ മസ്ക്. ഉപഗ്രഹ സാങ്കേതികവിദ്യയിലെ വലിയ മുന്നേറ്റമാണ് അദ്ദേഹം വിഭാവനം ചെയ്ത സ്റ്റാർലിങ്ക്. എന്നാൽ ഇന്ത്യയെപ്പറ്റി അദ്ദേഹം ഈയടുത്ത് സോഷ്യൽ മീഡിയയിൽ നടത്തിയ ചില പരാമർശങ്ങളുടെ വസ്തുതയാണ് ഈ ലേഖനത്തിലൂടെ ഞാൻ ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ 'ചങ്ങാത്ത മുതലാളിത്തം' നിലനിൽക്കുന്നു എന്നായിരുന്നു ഒക്ടോബർ എട്ടിന് മസ്ക് തന്റെ എക്സിൽ കുറിച്ചത്. മസ്ക് പറയാൻ ശ്രമിച്ചതിന്റെ ഏകദേശം രൂപം ഇങ്ങനെയാണ്:
'സ്റ്റാർലിങ്കിന് 165ലധികം രാജ്യങ്ങളിൽ ലൈസൻസുണ്ട്. കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യാ സർക്കാരിന്റെ നിയമങ്ങളും നിബന്ധനകളും പാലിക്കാൻ ശ്രമിച്ചിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇതുവരെ ലൈസൻസ് ലഭിക്കാത്തത്? ഇന്ത്യയുടെ യഥാർത്ഥ അധിപൻ അംബാനിയാണോ? പൗരന്മാരുടെ താത്പര്യങ്ങളെക്കാൾ ചങ്ങാത്ത മുതലാളിമാരുടെ താത്പര്യങ്ങൾക്കാണോ സർക്കാർ മുൻഗണന നൽകുന്നത്?'
ഞാൻ സ്റ്റാർലിങ്ക് ഉപയോഗിച്ചിട്ടുണ്ട്. മികച്ച സാങ്കേതികവിദ്യയാണിതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഇവിടെ പരിശോധിക്കേണ്ടത് സാങ്കേതികവിദ്യയുടെ മികവല്ല, മസ്ക് ഉന്നയിച്ച ആരോപണത്തിന്റെ വസ്തുതകളും യാഥാർത്ഥ്യങ്ങളുമാണ്. ചില കമ്പനികളെ സഹായിക്കാനാണ് ഇന്ത്യയുടെ നിയന്ത്രണ നടപടികളെന്ന വാദം വസ്തുതകൾ പരിശോധിച്ചാൽ നിലനിൽക്കില്ല.
മസ്ക് കാണാതെ
പോയ വസ്തുതകൾ
ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനത്തിന് ലൈസൻസ് കാത്തിരിക്കുന്ന ഏക കമ്പനി സ്റ്റാർലിങ്കല്ല. റിലയൻസ് ജിയോയുടെ ഉപഗ്രഹ സേവന സംരംഭമായ ജിയോ സാറ്റ്കോമും ഭാരതിയുടെ പിന്തുണയുള്ള വൺവെബും ഇതേ നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയാണ്. സുരക്ഷാ അനുമതികളും സ്പെക്ട്രം അനുവദിക്കലുമടക്കമുള്ള നടപടികൾ പൂർത്തിയാകാനുണ്ട്. ജിയോയെ സഹായിക്കാനാണ് സർക്കാർ സ്റ്റാർലിങ്കിന്റെ ലൈസൻസ് വൈകിപ്പിക്കുന്നതെങ്കിൽ, ജിയോ സാറ്റ്കോമിനും ലൈസൻസ് ലഭിക്കാത്തത് എങ്ങനെ വിശദീകരിക്കും? സ്റ്റാർലിങ്കിന് ബാധകമായ അതേ നടപടിക്രമങ്ങൾ ജിയോയ്ക്കും ബാധകമാണ്.
ഇന്ത്യയിൽ ഉപഗ്രഹം വഴി ടെലികോം സേവനം നൽകുന്ന കമ്പനികൾ ചില സുരക്ഷാ നിബന്ധനകൾ പാലിക്കണം. നിയമപ്രകാരം ആശയവിനിമയ വിവരങ്ങൾ നിരീക്ഷിക്കാൻ കഴിയണം. നെറ്റ്വർക്ക് സംവിധാനങ്ങളും ഭൂതല സ്റ്റേഷനുകളും പരിശോധിക്കാൻ സൗകര്യമുണ്ടാകണം. ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ അനുമതിയില്ലാതെ വിദേശത്തേക്ക് കൈമാറുന്നില്ലെന്നും ഉറപ്പാക്കണം. ഇന്ത്യയിൽ മാത്രമുള്ള നിബന്ധനകളല്ല ഇവ. അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളിലും യൂറോപ്യൻ യൂണിയനിലും സമാനമായ സുരക്ഷാ വ്യവസ്ഥകളുണ്ട്. അതിനാൽ, ഇത്തരം പരിശോധനകൾ നടത്തുന്നത് ഒരു കമ്പനിയെ തടയാനാണെന്ന് പറയുന്നത് ശരിയല്ല.
സ്റ്റാർലിങ്ക് ഒരു സാധാരണ
ഇന്റർനെറ്റ് സേവനമല്ല
മൊബൈൽ ടവറുകൾ വഴിയുള്ള ടെലികോം സേവനങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഉപഗ്രഹ ഇന്റർനെറ്റ്. ഒരു മൊബൈൽ ടവർ എവിടെയാണെന്ന് അറിയാം. അതിന്റെ പ്രവർത്തനം പരിശോധിക്കാനും കഴിയും. എന്നാൽ, സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങൾ ഭൂമിക്ക് ചുറ്റും സഞ്ചരിക്കുന്നവയാണ്. ഉപഗ്രഹങ്ങൾക്കും ഭൂതല സ്റ്റേഷനുകൾക്കുമിടയിലൂടെയാണ് വിവരങ്ങൾ കൈമാറുന്നത്. ഈ സ്റ്റേഷനുകളിൽ ചിലത് ഇന്ത്യയ്ക്ക് പുറത്തുമാണ്. ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ എങ്ങനെയാണ് കൈമാറുന്നത്? ഭൂതല സ്റ്റേഷനുകൾ എവിടെയാണ്? നിയമാനുസൃതമായ നിരീക്ഷണം എങ്ങനെ ഉറപ്പാക്കും? ഈ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ ഉത്തരമുണ്ടാകണം.
ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ഇക്കാര്യത്തിൽ സർക്കാർ ജാഗ്രത പുലർത്തേണ്ടതുണ്ട്. യുക്രെയിൻ യുദ്ധത്തിൽ സ്റ്റാർലിങ്ക് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സൈനികർക്ക് ആശയവിനിമയ സൗകര്യം ഒരുക്കുന്നതിൽ ഈ സംവിധാനം സഹായിച്ചു. ആണവായുധങ്ങളുള്ള രണ്ട് രാജ്യങ്ങളുമായി ഇന്ത്യ അതിർത്തി പങ്കിടുന്നുണ്ട്. പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരവാദവും രാജ്യം നേരിടുന്നു. ഈ സാഹചര്യത്തിൽ പുതിയ സാങ്കേതികവിദ്യകളുടെ സുരക്ഷാപ്രാധാന്യം അവഗണിക്കാനാവില്ല.
സ്റ്റാർലിങ്കിന്റെ ഉപയോഗം ഇന്റർനെറ്റ് സേവനത്തിൽ മാത്രം ഒതുങ്ങുന്നതുമല്ല. സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയാണിത്. 2017ൽ സ്പേസ് എക്സ് സ്റ്റാർലിങ്കുമായി ബന്ധപ്പെട്ട ട്രേഡ്മാർക്ക് രജിസ്ട്രേഷൻ വിപുലീകരിച്ചപ്പോൾ സൈനിക ആവശ്യങ്ങൾക്കുള്ള ഉപഗ്രഹ ചിത്രീകരണം, വിദൂര സംവേദനം, ആശയവിനിമയം എന്നിവയും ഉൾപ്പെടുത്തിയിരുന്നു. അമേരിക്കൻ വ്യോമസേനയുടെ ഉപഗ്രഹ വിക്ഷേപണ കരാറുകളും സ്പേസ് എക്സിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് സ്റ്റാർലിങ്കിനെ കേവലം ഒരു ഇന്റർനെറ്റ് സേവനമായി കാണാനാവില്ല. സാധാരണക്കാർക്കും സൈന്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന തന്ത്രപ്രധാന സംവിധാനമാണിത്. അതിനുള്ള സുരക്ഷാ പരിശോധനകൾ സ്വാഭാവികമാണ്.
165 രാജ്യങ്ങളിൽ സ്റ്റാർലിങ്കിന് ലൈസൻസുണ്ടെന്നാണ് മസ്ക് പറയുന്നത്. എന്നാൽ, ആ രാജ്യങ്ങളിൽ ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് എന്തെല്ലാം സുരക്ഷാ നിബന്ധനകൾ പാലിക്കേണ്ടിവന്നുവെന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല. ആശയവിനിമയ വിവരങ്ങളുടെ സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളും ഉറപ്പാക്കുന്നത് സാധാരണ നടപടിയാണ്. ഇന്ത്യയും അതുതന്നെയാണ് ചെയ്യുന്നത്.
ഒരു സമൂഹമാദ്ധ്യമ പോസ്റ്റിന്റെ സമ്മർദ്ദത്തിൽ സർക്കാർ നയങ്ങൾ മാറ്റാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അതായിരിക്കും ചങ്ങാത്ത മുതലാളിത്തത്തിന്റെ യഥാർത്ഥ ഉദാഹരണം. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാകണം. ഒരു ശതകോടീശ്വരന്റെ സ്വാധീനം കാരണം ഒരു കമ്പനിക്ക് പ്രത്യേക പരിഗണന നൽകുന്നത് ശരിയല്ല. 'ഇന്ത്യയുടെ യഥാർത്ഥ അധിപൻ അംബാനിയാണോ?' എന്ന മസ്കിന്റെ ചോദ്യത്തിന് ഉത്തരം വ്യക്തമാണ്: അല്ല.
ജിയോയെ സഹായിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ ജിയോ സാറ്റ്കോമിന് അനുകൂലമായി തീരുമാനമെടുക്കുകയും സ്റ്റാർലിങ്കിന്റെ ലൈസൻസ് വൈകിപ്പിക്കുകയും ചെയ്യുമായിരുന്നില്ലേ? എന്നാൽ, മൂന്ന് കമ്പനികളും ലൈസൻസിനായി കാത്തിരിക്കുകയാണ്. ഈ വസ്തുത മസ്കിന്റെ ആരോപണത്തെ ദുർബലപ്പെടുത്തുന്നു. ഇന്ന് ഇന്ത്യയുടെ സാങ്കേതിക മേഖലയിൽ ഇന്ത്യൻ കമ്പനികൾക്കും വിദേശ കമ്പനികൾക്കും ഒരേ നിയമങ്ങളാണ് ബാധകം. സുരക്ഷ, സുതാര്യത, ഉത്തരവാദിത്വം എന്നിവയ്ക്കാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഇതിനെ ചങ്ങാത്ത മുതലാളിത്തമെന്ന് വിളിക്കാനാവില്ല. മറിച്ച്, അത്തരം പ്രവണതകൾ തടയാനുള്ള സംവിധാനമാണിത്.
സമ്പത്തിനും മുകളിൽ
ദേശീയ താത്പര്യം
വലിയ സമ്പത്തും ലോകമെമ്പാടുമുള്ള പ്രശസ്തിയും ഒരു രാജ്യത്തിന്റെ നയങ്ങൾ മാറ്റാനുള്ള അവകാശം നൽകുന്നില്ല. ഇക്കാര്യം തിരിച്ചറിയേണ്ടിവന്ന ആദ്യത്തെ സാങ്കേതിക സംരംഭകനല്ല ഇലോൺ മസ്ക്. ഇന്ത്യയിൽ ഡാറ്റ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളെ മാർക്ക് സക്കർബർഗും അദ്ദേഹത്തിന്റെ കമ്പനിയും എതിർത്തിട്ടുണ്ട്. ഗൂഗിളിന് ഇന്ത്യൻ കോമ്പറ്റീഷൻ കമ്മിഷനുമായി നിയമപരമായ തർക്കങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ഇന്ത്യയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഇവിടത്തെ നിയമങ്ങൾ പാലിക്കണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നു.
വലിയ സ്വാധീനമുള്ള സംരംഭകർക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരുകൾക്കുമേൽ സമ്മർദം ചെലുത്താനാകുമെന്നാണ് ചിലർ കരുതുന്നത്. എന്നാൽ, അത്തരം സമ്മർദ്ദങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ നയങ്ങൾ മാറണമെന്നില്ല. ഇന്ത്യയുടെ സാമ്പത്തിക ശക്തിയെയും വിപണിയുടെ പ്രാധാന്യത്തെയും കുറച്ചുകാണുന്നതാണ് ഈ സമീപനം. ഇന്ത്യയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ രാജ്യത്തെ നിയമങ്ങളും നിബന്ധനകളും അംഗീകരിക്കണം. ഇന്ത്യയ്ക്ക് എന്തെങ്കിലും ഔദാര്യം ചെയ്യുന്നതുപോലെയല്ല അവർ ഇവിടെ പ്രവർത്തിക്കേണ്ടത്. ഇന്ത്യയിൽ വിജയകരമായി പ്രവർത്തിക്കുന്ന കമ്പനികൾ ഈ യാഥാർത്ഥ്യം മനസിലാക്കിയിട്ടുണ്ട്.
ഇലോൺ, ബഹളമല്ല;
പരിഹാരമാണ് വേണ്ടത്
സ്റ്റാർലിങ്കിന്റെ സാങ്കേതിക മികവിനോടും ഇലോൺ മസ്കിന്റെ നേട്ടങ്ങളോടും എനിക്ക് ആദരവുണ്ട്. സ്റ്റാർലിങ്കിനോ ജിയോ സാറ്റ്കോമിനോ വൺവെബിനോ ഇന്ത്യയിൽ ലൈസൻസ് ലഭിക്കുന്നത് രാജ്യത്തിന്റെ ആശയവിനിമയ മേഖലയുടെ വളർച്ചയ്ക്ക് ഗുണകരമായിരിക്കും.
എന്നാൽ, ചങ്ങാത്ത മുതലാളിത്ത ആരോപണങ്ങളും ഇന്ത്യയെ യഥാർത്ഥത്തിൽ ആര് ഭരിക്കുന്നു എന്ന ചോദ്യങ്ങളും ഉയർത്തി അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നതുകൊണ്ട് കാര്യമില്ല. ഒരു പരമാധികാര രാജ്യത്തിന്റെ തീരുമാനങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നതും ശരിയായ രീതിയല്ല.
യഥാർത്ഥ പരിഹാരം ലളിതമാണ്: സുരക്ഷാ അനുമതികൾ നേടുക, ഇന്ത്യയുടെ നിയമങ്ങൾ പാലിക്കുക, ലൈസൻസിനായുള്ള നടപടികൾ പൂർത്തിയാക്കുക. മറ്റു രാജ്യങ്ങളിൽ പ്രവർത്തിക്കാൻ നിബന്ധനകൾ പാലിച്ചതുപോലെ ഇന്ത്യയിലും അത് ചെയ്യുക. അതോടെ സ്റ്റാർലിങ്കിനും ഇന്ത്യൻ വിപണിയിൽ പ്രവർത്തിക്കാനാകും. ഇന്ത്യയുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക. ഇന്ത്യ ചെയ്യുന്നത് രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നടപടികളാണ്. ആ സംവിധാനത്തിൽ വിശ്വാസമർപ്പിക്കുകയാണ് വേണ്ടത്.
(മുൻ കേന്ദ്ര മന്ത്രിയും എം.എൽ.എയും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനുമാണ് രാജീവ് ചന്ദ്രശേഖർ ചന്ദ്രശേഖർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |