SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.15 AM IST

ഇന്ത്യയുടെ വഴിയേ അമേരിക്കയും

READ ENGLISH VERSION
1

ഏതൊരു യുദ്ധവും പ്രതീക്ഷിക്കുന്നതിനപ്പുറം നീണ്ടു പോകുമ്പോൾ ലക്ഷ്യങ്ങൾ പാളുകയും അപ്രതീക്ഷിതമായ സാഹചര്യങ്ങൾ ഉരുത്തിരിയുകയും ചെയ്യും. പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള ഏറ്റുമുട്ടലിലും ഇതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഇറാനിലെ ഭരണം മാറണം, ആണവ പരീക്ഷണ കേന്ദ്രങ്ങൾ അടച്ചു പൂട്ടണം തുടങ്ങിയ ആവശ്യങ്ങളുമായാണ് അമേരിക്കയും ഇസ്രയേലും തുടക്കത്തിൽ സംയുക്ത ആക്രമണം തുടങ്ങിയത്. ഇതൊന്നും നടന്നില്ലെന്ന് മാത്രമല്ല ഇസ്രയേലിനെയും മറ്റ് ഗൾഫ് രാജ്യങ്ങളെയും അതിശക്തമായി ഇറാൻ കടന്നാക്രമിക്കുകയാണ് ഉണ്ടായത്. ഇതിനിടയിൽ ഹോർമുസ് കടലിടുക്ക് ഇറാന്റെ കൈയിൽ ഒരു തുറുപ്പുചീട്ടായി മാറുകയും ചെയ്തു.

പശ്ചിമേഷ്യൻ സംഘർഷം ലോകത്താകെ ഇന്ധന വില കൂടാനും ഈ സംഘർഷം മുതലെടുത്ത് ഇന്ധനമുള്ള റഷ്യയെപ്പോലുള്ള രാജ്യങ്ങൾ അത് വിറ്റ് ലാഭം നേടാനും തുടങ്ങി. അമേരിക്കയുടെ കണക്കുകൂട്ടലുകളും ഭീഷണികളുമെല്ലാം പാളുകയും അമേരിക്കയിലും ഇന്ധന വില കുതിച്ചുയരാൻ തുടങ്ങുകയും ചെയ്തതോടെ റഷ്യയിൽ നിന്നും ഡീസൽ ഇറക്കുമതിക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപ് തയ്യാറായിരിക്കുകയാണ്. റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ധനം വാങ്ങുന്നത് ചൈനയും ഇന്ത്യയുമാണ്. അങ്ങനെ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന ഏതൊരു രാജ്യത്തിനും അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് 100 ശതമാനം തീരുവ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമത്തിന്റെ ഉത്തരവ് ട്രംപ് ഒപ്പിടുകയും ചെയ്തു. എന്നാൽ ഈ ഉത്തരവിലെ ഒപ്പിലെ മഷി മായുന്നതിന് മുമ്പു തന്നെ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങാൻ അമേരിക്ക തന്നെ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്.

പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന് എന്ന രീതിയിലുള്ള ട്രംപിന്റെ തീരുമാനങ്ങൾ ലോക രാജ്യങ്ങളെ അപ്പാടെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിനാൽ ഇതുപോലെ ചെയ്യുന്ന മറ്റ് രാജ്യങ്ങൾക്കുള്ള 100 ശതമാനം തീരുവ താത്‌കാലികമായി അമേരിക്ക നിറുത്തിയിരിക്കുന്നു. ഇത് ഇന്ത്യയ്ക്ക് നേട്ടം സമ്മാനിക്കുന്നതാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിന് ഇനിയും അന്തിമ രൂപമായിട്ടില്ല. രണ്ടു വർഷമായി ചർച്ചകൾ തുടരുകയാണ്. കരാർ വ്യവസ്ഥകളിൽ ഒത്തുതീർപ്പായി വരുന്ന വേളയിൽ തീരുവ ഉയർത്തുന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്തു വരുന്നതിനാൽ വ്യാപാര ഉടമ്പടികൾ അപ്പാടെ മാറ്റേണ്ടി വരികയും കരാറിന് അന്തിമരൂപം നൽകാൻ കഴിയാതെ വരികയുമാണ് ചെയ്യുന്നത്. റഷ്യയിൽ നിന്ന് അമേരിക്ക ഇന്ധനം വാങ്ങുമ്പോൾ സ്വാഭാവികമായും റഷ്യയുടെ പക്കൽ കൂടുതൽ ധനം വരികയും ഇത് യുക്രെയിൻ യുദ്ധം കൂടുതൽ രൂക്ഷമായി തുടരാൻ ഇടയാക്കുകയും ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നവംബറിലെ യു.എസ് മിഡ് ടേം തിരഞ്ഞെടുപ്പ് മുൻനിറുത്തിയാണ് അമേരിക്കയിൽ ഇന്ധന വില കുറയ്ക്കുന്നതിന്റെ ഭാഗമായി റഷ്യൻ ഡീസൽ അമേരിക്ക വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയെപ്പോലുള്ള പങ്കാളികളെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന ബോദ്ധ്യവും നിലപാട് മാറ്റാൻ ട്രംപിനെ പ്രേരിപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങാതെ റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങൽ തുടർന്ന ഇന്ത്യയുടെ നയം ശരിയാണെന്ന് വൈകിയെങ്കിലും അമേരിക്കയും സമ്മതിച്ചിരിക്കുകയാണ്. ആഗോള തലത്തിൽ അനിശ്ചിതത്വം നിലനിൽക്കുമ്പോഴും റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യയ്ക്ക് എണ്ണ ലഭ്യത ഉറപ്പാക്കാൻ സഹായിച്ചിട്ടുണ്ട്. യു.എസിന്റെ പുതിയ തീരുമാനം ഈ വാങ്ങലിന്റെ തടസങ്ങളും നീക്കിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US-INDIA TRADE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION