SignIn
Kerala Kaumudi Online
Sunday, 18 October 2026 2.52 AM IST

എന്റെ പേരിനോട് ചേർന്ന സംഗീതം

deva-rajanikanth-
രജനികാന്തും ദേവയും

'അണ്ണാമലൈ" സിനിമയുടെ സംഗീത സംവിധായകനായി ദേവ എന്ന പേര് കേട്ടപ്പോൾ എനിക്ക് അദ്ഭുതം തോന്നി. അതുവരെ എന്റെ സിനിമയ്ക്ക് സംഗീതമൊരുക്കിയത് ഇളയരാജയായിരുന്നു. സംവിധായകൻ സുരേഷ് കൃഷ്ണയാണ് ദേവയെ പറ്റി കൂടുതൽ പറഞ്ഞത്.

പാട്ടുകൾ കേൾക്കാൻ സ്റ്റുഡിയോയിലെത്തി. ആദ്യം കേട്ടത് 'അണ്ണാമലൈ"...' അടുത്തത് വന്തേൻടാ പാൽക്കാരൻ"... കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു. അപ്പോഴാണ് മറ്രൊന്നു കൂടി കേൾപ്പിച്ചത്.

സൂപ്പർ സ്റ്റാർ എന്നെഴുതി കാണിക്കുമ്പോഴുള്ള മ്യൂസിക്. അതിനോട് എനിക്ക് താല്പര്യമില്ലായിരുന്നു. 'സുരേഷ്, നമ്മൾ നമ്മളെ തന്നെ പുകഴ്ത്തരുത്, അത് ശരിയല്ല" എന്ന് പറഞ്ഞു. ഇതറിഞ്ഞ് എന്റെ ഗുരുവും നിർമ്മാതാവുമായ കെ.ബാലചന്ദർ നിർബന്ധിച്ചു. ഇപ്പോൾ ദേവയുടെ സംഗീതം എന്നോടു ചേർന്നിരിക്കുന്നു. ബാഷ സിനിമയുടെ സംഗീതം അണ്ണാമലൈയേക്കാൾ മികച്ചതായിരിക്കുമെന്നായിരുന്നു ദേവയുടെ വാക്ക്.

സംഗീതമൊരുക്കിയ ശേഷം പാട്ടു കേൾക്കാൻ ഞാൻ സ്റ്റുഡിയോയിൽ പോയി. 'നാൻ ഓട്ടോക്കാരൻ..."എന്ന പാട്ട് കേട്ടു. മറ്റു പാട്ടുകളും കേട്ടു. കൊള്ളാം എന്നു പറഞ്ഞിട്ട് ഞാൻ സ്റ്റുഡിയോ വിട്ടെങ്കിലും എനിക്കൊരു സംശയം. ഇത് അണ്ണാമലൈയിലെ ഗാനം പോലെയല്ലേ. ഞാൻ ഫോണിൽ ദേവയെ വിളിച്ചു. 'അണ്ണാമലൈ മാതിരി ഇറുക്കാ?"എന്നു ചോദിച്ചു. മറുപടി 'ഇതു പത്ത് അണ്ണാമലൈ സാർ". എനിക്ക് ആശ്ചര്യം. സിനിമ ഇറങ്ങിയപ്പോഴാണ് ദേവയുടെ വാക്കുകളിലെ ആത്മവിശ്വാസത്തിന്റെ പവർ മനസിലായത്. പാട്ടുകൾ സൂപ്പർ! അതിന്റെ പശ്ചാത്തല സംഗീതം മാസ് ആയിരുന്നു. സിനിമയെ തൂക്കി വിജയത്തിലേക്ക് വിട്ടതിൽ എന്റെയും സുരേഷ് കൃഷ്ണയുടെയും പങ്ക് 50 ശതമാനമായിരുന്നു, ബാക്കി പകുതി ദേവയുടെ സംഗീതത്തിന്റേതായിരുന്നു. ഇളയരാജയും എ.ആർ.റഹ്മാനും തമിഴ് സിനിമാ സംഗീത രംഗത്ത് നിറ‌ഞ്ഞു വിലസുമ്പോളാണ് ദേവയും തമിഴകത്തിന്റെ പ്രിയങ്കരനായത്.

സിംഗപ്പൂരിന്റെ മുൻപ്രസിഡന്റ് എസ്.ആർ.നാഥൻ ഒരിക്കൽ എന്നോടൊരു ആഗ്രഹം പറഞ്ഞു.'എന്റെ മരണശേഷം എന്റെ സംസ്‌കാര ചടങ്ങിൽ ഒരു തമിഴ് പാട്ട് വയ്ക്കണം" എന്ന്. ദേവ സംഗീതം നൽകിയ 'തഞ്ചാവൂർ മണ്ണെടുത്ത്..." എന്ന പാട്ട്. 'പൊറക്കാലം" സിനിമയിലെ ഗാനം. 2016ൽ നാഥൻ അന്തരിച്ചു. അദ്ദേഹത്തിന്റെ ആ അവസാന ആഗ്രഹം സിംഗപ്പൂർ സർക്കാർ നിറവേറ്റി. ഒരു തമിഴ് സിനിമാ ഗാനം, അതും ഒരു ദേവ ഗാനം, ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്റെ സംസ്‌കാരത്തിൽ വയ്ക്കുന്നു എന്നത് ദേവയുടെ സംഗീതത്തിന്റെ ശക്തിക്ക് തെളിവാണ്.

(ദേവയുടെ 72-ാം പിറന്നാൾ ആഘോഷ പരിപാടിയിലെ രജനികാന്തിന്റെ പ്രസംഗത്തിൽ നിന്നും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAJANIKANTH, DEVA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION