
വാഹനങ്ങളുടെ അമിതവേഗം തടയാൻ എന്തു സംവിധാനമെന്ന് ഹൈക്കോടതി ചോദിച്ചത് സർക്കാരിനോട് മാത്രമല്ല. അതിനുത്തരം നൽകാനുള്ള ബാദ്ധ്യത ട്രാഫിക് പൊലീസിനും മോട്ടോർ വാഹന വകുപ്പിനും സമൂഹത്തിനാകെയുമുണ്ട്. ഇരുചക്രം മുതൽ ബഹുചക്ര വാഹനം വരെ ഓടിക്കുന്നവർക്കും ആ ചോദ്യമുനയിൽ നിന്ന് മാറാനാവില്ല. നിത്യേന വാഹനാപകടങ്ങളിൽ അനവധി നിരപരാധികൾ മരിക്കുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. ബഹുഭൂരിപക്ഷം പേരും അത്തരം വാർത്തകൾ വായിച്ച് മറക്കും. വാഹനാപകടത്തിൽ ഉറ്റവർ മരിക്കുമ്പോളേ വേദന അറിയൂവെന്ന ഹൈക്കോടതിയുടെ നിരീക്ഷണം പൂർണമായും ശരിയാണ്.
അമിതവേഗത്തിൽ പായുന്ന വാഹനങ്ങളെ കണ്ടെത്താൻ നടപടി സ്വീകരിച്ചിരുന്നെങ്കിൽ നെടുമ്പാശേരി അപകടം ഒഴിവാക്കാമായിരുന്നെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ കോടതി പറഞ്ഞു. നെടുമ്പാശേരിയിൽ അമിതവേഗത്തിൽ കാറോടിച്ച് മൂന്നുപേരുടെ ജീവനെടുത്ത സുഹൈൽ എന്ന പത്തൊമ്പതുകാരൻ മുമ്പ് 240 കിലോമീറ്റർ വേഗത്തിൽ വാഹനമോടിച്ചിട്ടുണ്ട്. അതു യഥാസമയം കണ്ടെത്തിയിരുന്നെങ്കിൽ പിന്നീട് അതാവർത്തിക്കില്ലായിരുന്നെന്നും ജസ്റ്റിസ് വി. രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു.
എൺപതു കിലോമീറ്ററിലധികം വേഗത്തിൽ പോകരുതെന്ന, രാത്രിയിൽ കാണാൻ കഴിയുന്ന ബോർഡ് ദേശീയപാതയിൽ എവിടെയെങ്കിലുമുണ്ടോ? അർദ്ധരാത്രിയായാൽ സൂപ്പർ കാറുകളുമായി യുവാക്കൾ നഗരത്തിലിറങ്ങും. അവ നൂറ് കിലോമീറ്റർ വേഗത്തിലെത്താൻ സെക്കൻഡുകൾ മതി. ഇത്ര വേഗത്തിൽ പായുന്ന വാഹനങ്ങൾ ബ്രേക്കിട്ടാലും മുന്നോട്ടുപോകും. അമിതവേഗം കണ്ടെത്തി റിപ്പോർട്ടു ചെയ്ത എത്ര കേസുണ്ടെന്ന് അറിയിക്കണം. ട്രാൻസ്പോർട്ട് കമ്മിഷണർ ഓൺലൈനിൽ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അമിതവേഗം നിയന്ത്രിക്കാൻ ഹൈക്കോടതി ഉത്തരവുകൾ പാസാക്കിയതാണ്. എന്നാൽ ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ല. വെറുതെ ക്യാമറ വച്ചാൽ പോരാ. കൃത്യമായി നടപടിയുണ്ടാകണമെന്നും കോടതി ഓർമ്മിപ്പിച്ചു. പുതിയ വാഹനങ്ങൾക്ക് 15 വർഷത്തെ നികുതിയാണ് മുൻകൂട്ടി വാങ്ങുന്നത്. റോഡ് ടാക്സും വാഹനയാത്രികരിൽ നിന്ന് ഈടാക്കുന്നു. റോഡ് ഫണ്ടിൽ ആവശ്യത്തിന് തുകയുണ്ട്. എന്നിട്ടും അമിതവേഗവും അപകടങ്ങളും ഒഴിവാക്കാൻ കാര്യമായ നടപടികളുണ്ടാകുന്നില്ല. സീറ്റ് ബെൽറ്റിലും ഹെൽമറ്റിലും മാത്രമേ പൊലീസിനും ശ്രദ്ധയുള്ളൂ. അതിന് പിഴയീടാക്കാനുള്ള ശുഷ്കാന്തി മറ്റു കാര്യങ്ങളിൽ കാണാനില്ല. ഹൈക്കോടതിയുടെ ചോദ്യത്തിനുത്തരം കണ്ടെത്താനുള്ള ബാദ്ധ്യത ബന്ധപ്പെട്ട എല്ലാവരും ഏറ്റെടുക്കണം. കാരണം വാഹനാപകടങ്ങൾ അത്രമാത്രം പെരുകിവരികയാണ്.
ദേശീയപാത 66ലാണ് വാഹനാപകടങ്ങൾ ഏറെയും. 2023ൽ വാഹനാപകടങ്ങളിൽ 4,084 പേർ മരിച്ചതിൽ 2,318ഉം 2024ലെ 3,880 മരണങ്ങളിൽ 1,950ഉം ദേശീയപാത 66ൽ ആയിരുന്നു. കഴിഞ്ഞവർഷം ഉണ്ടായ 3,733 മരണങ്ങളിൽ 1,733ഉം ഇവിടെത്തന്നെ. ദേശീയപാതയിൽ കൂടുതൽ സുരക്ഷ ആവശ്യമുള്ള പ്രദേശങ്ങൾ എവിടെയെന്ന് രണ്ടാഴ്ചയ്ക്കകം കണ്ടെത്തുമെന്ന് മന്ത്രി പി.കെ.ബഷീർ നിയമസഭയിൽ പറയുകയുണ്ടായി. അശ്രദ്ധമായ ഡ്രൈവിംഗാണ് റോഡപകടങ്ങളിലെ മുഖ്യവില്ലൻ. പോയ അഞ്ചുവർഷത്തിനുള്ളിൽ സംസ്ഥാനത്ത് മൊത്തം 19,443 പേർ വാഹനാപകടങ്ങളിൽ മരിച്ചു. രണ്ടര ലക്ഷത്തോളം പേർക്ക് പരിക്കേറ്റു. ഇതിൽ 10,744 പേർ മരിക്കാനിടയായത് അശ്രദ്ധമായ ഡ്രൈവിംഗ് മൂലമാണ്. മരിച്ചവരിൽ 7,521 പേർ ഇരുചക്ര വാഹന യാത്രക്കാരും 4,209 പേർ കാർ യാത്രക്കാരുമാണ്. വൈകിട്ട് 6നും രാത്രി 9നും ഇടയിലാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. അപകടങ്ങളിൽ തിരുവനന്തപുരവും എറണാകുളവുമാണ് മുന്നിൽ. ഹൃദയാഘാതം കഴിഞ്ഞാൽ പൊടുന്നനെയുള്ള മരണങ്ങളിലെ മുഖ്യകാരണം വാഹനാപകടങ്ങളാണ്. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരവും പരിഹാരവും കണ്ടെത്താൻ കൂട്ടായ ശ്രമമാണ് വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |