SignIn
Kerala Kaumudi Online
Monday, 19 October 2026 1.41 AM IST

ശ്രീനാരായണ ധർമ്മസംഘത്തിന്റെ പ്രവൃത്തിപഥങ്ങൾ

gurumargam

ശ്രീനാരായണ ഗുരുദേവൻ ധർമ്മസംസ്ഥാപകനായ ലോകഗുരുവാണ്. ജനതയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിയാണ് ധർമ്മസംസ്ഥാപനം. അതിനായാണ് ഗുരുദേവൻ ശ്രീനാരായണ ധർമ്മപരിപാലനയോഗമെന്ന എസ്.എൻ.ഡി.പി യോഗവും ജീവിതത്തിന്റെ സായാഹ്നവേളയിൽ ശ്രീനാരായണ ധർമ്മസംഘമെന്ന സംന്യാസിസംഘവും സ്ഥാപിച്ചത്. എസ്.എൻ.ഡി.പി യോഗ സ്ഥാപനം കൊണ്ട് സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവും അഭ്യുദയവുമായ പുരോഗതിയിലേക്ക് ജനതയെ നയിക്കാനായി. ഒപ്പം നിശ്രേയസ്സം ആത്മീയപുരോഗതി- ഈശ്വരസാക്ഷാത്കാരം പരമലക്ഷ്യമായി കണ്ടുകൊണ്ട് ശ്രീനാരായണ ധർമ്മസംഘവും ഗുരുദേവൻ സ്ഥാപിച്ചു.

രണ്ട് പ്രസ്ഥാനത്തിന്റെയും നടുനായകത്വം വഹിക്കുന്നത് ധർമ്മമാണ്. അതായത് സമൂഹത്തിന്റെ അഭ്യുദയവും നിശ്രേയസ്സുമായ പുരോഗതി. ശ്രീനാരായണധർമ്മസംഘം സ്ഥാപിതമായിട്ട് ഇപ്പോൾ 99 വർഷങ്ങളായി. ഈ വരുന്ന വിജയദശമിക്ക് സംഘത്തിന്റെ 99ാമത് വാർഷികവും അടുത്ത അഞ്ചുവർഷക്കാലത്തേക്കുള്ള ഭരണസമിതിയെ നിശ്ചയിക്കലും ശിവഗിരിമഠത്തിൽ നടത്തുകയാണ്. ഗുരുദേവന്റെ കല്പനപ്രകാരമാണ് വിജയദശമിക്ക് സംഘത്തിന്റെ വാർഷികാഘോഷം നടത്തിവരാറുള്ളത്.

സംന്യാസിസംഘം നയിക്കുന്നത് ഗുരുദേവന്റെ ശിഷ്യപ്രശിഷ്യ പരമ്പരയിലെ സന്യാസിമാരാണെന്ന് പറയേണ്ടതില്ലല്ലോ. ചെമ്പഴന്തിയിലെ നാരായണൻ ബ്രഹ്മനിഷ്ഠനായി 1886ൽ അരുവിപ്പുറത്ത് അവതാരം ചെയ്തതോടെ ശിഷ്യസംഘവും സമാരംഭിക്കുകയായി. ശിവലിംഗസ്വാമികൾ, ഭൈരവൻ ശാന്തി സ്വാമികൾ, അരുവിപ്പുറത്തുണ്ടായിരുന്ന കൃഷ്ണപിള്ള സ്വാമികൾ തുടങ്ങിയവർ ഗുരുവിന്റെ ആദ്യകാല ശിഷ്യന്മാരാണ്. അരുവിപ്പുറം പ്രതിഷ്ഠ നടക്കുമ്പോൾ ഗുരുദേവന്റെ അന്തേവാസികളായി ഈ ശിഷ്യോത്തമന്മാർ ഉണ്ടായിരുന്നു. ഈ ശിഷ്യസംഘം വികസിച്ച് മഹാഗുരുവിന്റെ മഹാസമാധിക്കാലം ആകുമ്പോഴേക്കും ഏതാണ്ട് 60 ലധികം സന്യസ്തശിഷ്യന്മാർ അവിടുത്തേക്ക് ഉണ്ടായിരുന്നു.

അതുപോലെ ഡോ.പല്പു, കുമാരനാശാൻ തുടങ്ങി നൂറുകണക്കിന് ഗൃഹസ്ഥശിഷ്യന്മാരും തൃപ്പാദങ്ങൾക്കുണ്ടായിരുന്നു. അയ്യങ്കാളി, മന്നത്ത് പത്മനാഭൻ, പണ്ഡിറ്റ് കറുപ്പൻ, വക്കം മൗലവി, കുമാരപിള്ള, സ്വാമിനാഥപിള്ള, സോമസുന്ദരം ചെട്ടിയാർ തുടങ്ങി നിരവധി മഹത്തുക്കൾ ഗുരുദേവനിൽ നിന്ന് ആശയും ആവേശവും ഊർജ്ജവും സ്വീകരിച്ച് കർമ്മരംഗത്ത് പ്രവർത്തിച്ചിരുന്നു. ലക്ഷക്കണക്കിന് ഗുരുഭക്തന്മാരും സജീവമായി നിലകൊണ്ടു. ഈ അനുയായിവർഗത്തിന്റെ സമസ്തമേഖലകളിലുമുള്ള അന്യൂനമായ പ്രവർത്തനമാണല്ലോ ആധുനികകേരളത്തെ വാർത്തെടുത്തത്.

അറിയുന്നവരെ മുഴുവൻ ആരാധകരാക്കി മാറ്റാൻ പോരുന്ന അദ്ഭുത വ്യക്തിവൈശിഷ്ട്യമായിരുന്നു ഗുരുവിന്റേത്. ഗുരുദേവന്റെ ഈ ദിവ്യപ്രവർത്തനങ്ങളിലെല്ലാം അവിടുത്തെ ശിഷ്യസഞ്ചയം ഒരു നിഴലുപോലെ വർത്തിച്ചിരുന്നു. 1907ൽ ഗുരുദേവൻ നൽകിയ സന്ദേശങ്ങളിൽ ഒന്ന് 'സമൂഹത്തിൽ നിന്നും ചെറുപ്പക്കാരെ തിരഞ്ഞെടുത്ത് പഠിപ്പിച്ച് വാസനയും യോഗ്യതയും ഉള്ളവർക്ക് സന്യാസം നൽകി പരോപകാരാർത്ഥം പ്രവർത്തിക്കാൻ വിട്ടയയ്ക്കുക' എന്നതായിരുന്നു. ഭാരതീയ പാരമ്പര്യമനുസരിച്ച് സന്യാസം എന്നത് കർമ്മരാഹിത്യമാണ്. എന്നാൽ ഗുരുദേവൻ സന്യാസിക്ക് ജ്ഞാനയോഗത്തോടൊപ്പം കർമ്മയോഗവും വിധിച്ചു. സന്യാസി എന്നാൽ ത്യാഗി പരോപകാരാർത്ഥം പ്രവർത്തിക്കുന്നവൻ എന്ന പുതിയ നിർവചനവും ഗുരുദേവൻ നൽകി.

ഗുരുവിന്റെ മഹാസമാധിക്ക് ശേഷം നടരാജഗുരു, മംഗളാനന്ദസ്വാമികൾ, ഗീതാനന്ദസ്വാമികൾ, ഗുരുനിത്യചൈതന്യയതി, ശാശ്വതീകാനന്ദസ്വാമികൾ തുടങ്ങിയ സന്യാസിവര്യന്മാർ ഗുരുസന്ദേശപ്രചരണത്തിൽ ഏറെ മുമ്പിലുണ്ടായിരുന്നു. ഇതെഴുതുന്നയാൾ ആരംഭിച്ച ശ്രീനാരായണ ദിവ്യപ്രബോധനം ധ്യാനം എന്ന ആദ്ധ്യാത്മിക മഹായജ്ഞം ഭാരതത്തിനകത്തും പുറത്തുമായി ഗുരുദേവസന്ദേശ പ്രചരണം സുശക്തമാക്കിയ ഒന്നാണ്.


1928 ജനുവരി 9ന് തൃശൂരിൽ കൂർക്കാഞ്ചേരി അദ്വൈതാശ്രമത്തിൽ വച്ചാണ് ശ്രീനാരായണധർമ്മസംഘം എന്ന സന്യാസസംഘം സ്ഥാപിതമായത്. യോഗസ്ഥാപനത്തിൽ ഗുരുദേവന്റെ തൃക്കൈയിലെ ഉപകരണങ്ങളായി എപ്രകാരം ഡോ.പല്പുവും കുമാരനാശാനും നിയുക്തമായോ അതുപോലെ ബോധാനന്ദസ്വാമികളും സ്വാമിധർമ്മതീർത്ഥരും സന്യാസിസംഘ സ്ഥാപനത്തിലും പ്രശോഭിതരായി. ആദ്യം 11 അംഗങ്ങളെ ചേർത്ത് സ്ഥാപിതമായ ധർമ്മസംഘത്തിൽ ഗുരുദേവൻ സശ്ശരീരനായിരുന്ന കാലത്തുതന്നെ രണ്ടു ഡസനിലധികം അംഗങ്ങളുണ്ടായി. ഇവർ ശിവഗിരിയിലും അരുവിപ്പുറത്തും ആലുവയിലും കുന്നുംപാറയിലും ചെമ്പഴന്തിയിലും തൃശൂരിലും മദ്രാസിലും കാഞ്ചീപുരത്തും മധുരയിലും ഊട്ടിയിലും ഒക്കെയായി ആശ്രമങ്ങൾ സ്ഥാപിച്ചു ചെയ്ത സേവനപ്രവർത്തനം ഗുരുദേവപ്രസ്ഥാനത്തെ ദേശാന്തരങ്ങളിലായി വികസിപ്പിക്കുക തന്നെ ചെയ്തു.

1916ൽ ബോധാനന്ദസ്വാമി സിലോണിലും 1917ൽ ഗോവിന്ദാനന്ദസ്വാമി ജപ്പാനിലും പിന്നീട് നടരാജഗുരു പല വിദേശരാജ്യങ്ങളിലുമായി ചെയ്ത സേവനങ്ങൾ ഗുരുദേവ പ്രസ്ഥാനത്തെ ഭാരതഭൂഖണ്ഡത്തിനും അപ്പുറത്തേക്ക് വ്യാപിപ്പിച്ചു എന്ന് പറയാം. 1912ൽ നടന്ന ശാരദാപ്രതിഷ്ഠ, 1924ൽ നടന്ന സർവമതമഹാസമ്മേളനം, 1925ൽ ബോധാനന്ദസ്വാമികളെ അനന്തരഗാമിയായി അഭിഷിക്തനാക്കിയത് തുടങ്ങിയ മഹാമഹങ്ങൾക്ക് പ്രധാനമായും സന്യാസി ശിഷ്യന്മാർ നേതൃത്വം നൽകി. ഗുരുദേവന്റെ 1928ലെ മഹാസമാധിക്കുശേഷം 1937ലെ ശാരദാ പ്രതിഷ്ഠയുടെ 25ാം വാർഷികം, 1938ലെ അരുവിപ്പുറം പ്രതിഷ്ഠാ കനകജൂബിലി ആഘോഷം, 1949, 1974, 1999, 2024 വർഷങ്ങളിലായി നടന്ന സർവമതസമ്മേളനത്തിന്റെ 25, 50, 75, 100 വാർഷികാഘോഷങ്ങൾ വിപുലമായി തന്നെ സംന്യാസിസംഘം സംഘടിപ്പിക്കുകയുണ്ടായി.

സർവമത സമ്മേളന ശതാബ്ദി

സർവമതസമ്മേളനത്തിന്റെ ശതാബ്ദി ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിദ്ധ്യത്തിൽ വത്തിക്കാനിൽ അദ്ദേഹത്തിന്റെ അരമനയിൽവച്ച് നടത്താൻ സാധിച്ചത് ലോകശ്രദ്ധ പിടിച്ചുപറ്റി. ശ്രീനാരായണഗുരു വിശ്വഗുരു ആണെന്ന് അഭിവന്ദ്യ മാർപാപ്പ പ്രഖ്യാപിച്ചത് ചരിത്രസംഭവമായി മാറി. തുടർന്ന് സർവമതമഹാസമ്മേളനം ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നടന്നു.


ഗുരുദേവന്റെ ജന്മശതാബ്ദിയാഘോഷം 1954, 1955, 1956, ഗുരുദേവന്റെ മഹാസമാധിമന്ദിര പ്രതിഷ്ഠാ മഹോത്സവം 1967-68, അന്താരാഷ്ട്ര ശ്രീനാരായണ ഗുരുവർഷാചരണം 1977 (ഗുരുദേവന്റെ മഹാസമാധിയുടെ 50 ാം വർഷാചരണം) ശിവഗിരി തീർത്ഥാടനത്തിന്റെ കനകജൂബിലിയാഘോഷം 1982- 83, അരുവിപ്പുറം പ്രതിഷ്ഠ ശതാബ്ദിയാഘോഷം 1988, ബ്രഹ്മവിദ്യാലയത്തിന്റെ 25ാം വാർഷികാഘോഷം 1996, ശിവഗിരി തീർത്ഥാടനത്തിന്റെ പ്ലാറ്റിനം ജൂബിലി 2007-08, ശാരദാപ്രതിഷ്ഠാ ശതാബ്ദിയാഘോഷം 2012, ദൈവദശക രചനാശതാബ്ദിയാഘോഷം 2014, മഹാസമാധി പ്രതിമാപ്രതിഷ്ഠ കനകജൂബിലിയാഘോഷം തുടങ്ങിയ ശിവഗിരി സന്യാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വിപുലമായ പരിപാടികളാണ്.

ലോകം ശ്രദ്ധിച്ച ഈ പരിപാടികൾ മിക്കതും ഒരു വർഷക്കാലം നീണ്ടുനിന്നിരുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ഇപ്പോൾ ഗുരുദേവ മഹാസമാധിയുടെ പരിനിർവാണത്തിന്റെ ശതാബ്ദിയാഘോഷം രാഷ്ട്രപതി ദ്രൗപദി മുർമു സമുദ്ഘാടനം ചെയ്തിരിക്കുകയാണ്. ഇതോടൊപ്പം സന്യാസി സംഘത്തിന്റെ ശതാബ്ദിയും കടന്നുവരികയാണ് എന്ന് ഏവരെയും സാദരം അറിയിച്ചുകൊള്ളട്ടെ.

(പ്രസിഡന്റ്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്, ശിവഗിരിമഠം)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION