SignIn
Kerala Kaumudi Online
Monday, 19 October 2026 1.41 AM IST

ഇങ്ങനെ മതിയോ തൂഫാൻ ?

operation-toofan

(യോഗനാദം 2026 ഒക്ടോബർ 16 ലക്കം എഡിറ്റോറിയൽ)

കേവലം 19 വയസുമാത്രമുള്ള ഒരു കോടീശ്വരപുത്രൻ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കയറിയിറങ്ങി മദ്യപിച്ച് മദോന്മത്തനായി ആഡംബരകാറിൽ ചീറിപ്പാഞ്ഞ് പാവപ്പെട്ട കുടുംബാംഗങ്ങളായ മൂന്ന് വിദ്യാർത്ഥികളുടെ ജീവനെടുത്ത സംഭവം മലയാളികളുടെ മനസുകളിൽ നീറ്റലായി തുടരുകയാണ്. വാഹനമോടി​ച്ച സുഹൈൽ സജീവ് അനുവദനീയമായതി​ലും അഞ്ചി​രട്ടി​ മദ്യം കഴി​ച്ചെന്നാണ് പരി​ശോധനാ ഫലം. ഇയാളും കാറി​ലുണ്ടായി​രുന്ന മറ്റു മൂന്നുപേരും രാസലഹരി​ ഉപയോഗിച്ചിരുന്നുവോ എന്നകാര്യം അറിയണമെങ്കിൽ വിശദപരിശോധനാ ഫലം വരണം. ആലപ്പുഴ ആസ്ഥാനമായ വലിയ സമ്പന്ന വ്യാപാരിയുടെ ഇളയമകനും മൂന്നു സുഹൃത്തുക്കളുമാണ് അഴിക്കുള്ളിലായത്. വയനാട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള രണ്ട് പെൺകുട്ടികളും കർണാടകക്കാരനായ യുവാവുമാണ് മരിച്ചത്. കഷ്ടപ്പെട്ട് പഠിച്ച് ബിരുദം നേടി, പാർട്ട് ടൈം ജോലിയെടുത്ത് തുടർപഠനം നടത്തി വരികയായിരുന്നു ഇവർ. പണത്തിന്റെ വിലയും വിദ്യയുടെയും അദ്ധ്വാനത്തിന്റെയും മൂല്യവും സഹജീവി സ്നേഹവും എന്തെന്ന് സ്വയം പഠിക്കാത്ത, കുടുംബം പഠിപ്പിക്കാത്ത പയ്യൻ പാതിരാത്രി അമിതവേഗത്തിൽ പാഞ്ഞ കാറിലിരുന്നാണ് സ്കൂട്ടറിൽ സഞ്ചരിച്ചവരെ ഇടിച്ച് തെറിപ്പിച്ച് ഇല്ലാതാക്കിയത്.

സുഹൈലി​ന്റെ പിറന്നാളിന് അവന്റെ അമ്മ സമ്മാനിച്ചതാണ് 30 ലക്ഷത്തിലേറെ വിലമതിക്കുന്ന മിനി കൂപ്പർ കാർ. കൊല്ലപ്പെട്ട മൂന്നു പേരും സ്വയം ജോലി ചെയ്ത് പഠിച്ച് കുടുംബത്തെയും കൂടപ്പിറപ്പുകളെയും കരകയറ്റണമെന്ന ആഗ്രഹത്തോടെ ജീവിച്ചവരായിരുന്നു. ദരിദ്രരായ മൂന്നു കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്നു മൂവരും. ജോലി കഴിഞ്ഞ് രാത്രി ഒന്നിച്ച് ഭക്ഷണം കഴിക്കാൻ സഞ്ചരിച്ചതെന്തിനെന്ന് അന്വേഷിച്ച് ഈ പാവം കുട്ടികളെ ആക്ഷേപിക്കാനും ഇറങ്ങിയിട്ടുണ്ട് കുറച്ച് 'പ്രബുദ്ധ' മലയാളികൾ. ഇവരുടെ ലക്ഷ്യവും ലാഭവും നമുക്ക് മനസിലാകും. സുഹൈൽ സജീവി​ന്റെ കുടുംബത്തേക്കാൾ എത്രയോ മടങ്ങ് സമ്പന്നരായ കുടുംബങ്ങൾ ഈ കൊച്ചുകേരളത്തിലുണ്ട്. അവരുടെയൊക്കെ മക്കൾ സുഹൈലിനെപ്പോലെ റോഡിലിറങ്ങിയാൽ സ്ഥിതിയെന്താകും. സുഹൈലിന്റെ തെറ്റിന്റെ, വളർത്തുദോഷത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അയാളുടെ കുടുംബത്തിന് മാറി നിൽക്കാനാവില്ല.

ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ അപകടം മലയാളികളുടെ മനസുകളിൽ നിന്ന് മായുന്നില്ലെന്നത് ഒരു വസ്തുതയാണ്. സമർത്ഥരായി​രുന്ന രണ്ട് പെൺ​കുട്ടി​കളുടെ വി​യോഗം കുടുംബങ്ങൾക്കേൽപ്പി​ച്ച ആഘാതവും അവരുടെ പ്രതി​കരണങ്ങളും തന്നെയാണ് കാരണം. സമ്പന്നനായ സുഹൈലി​നെ രക്ഷി​ക്കാൻ നീക്കങ്ങൾ നടക്കുന്നുവെന്ന റി​പ്പോർട്ടുകളും ജനരോഷം ഉയരാൻ വഴി​യൊരുക്കി​.

ഈ അപകടം മൂന്നു കുടുംബങ്ങൾക്ക് മാത്രം സംഭവിച്ച നഷ്ടമായി​ വി​ലയി​രുത്താനാകി​ല്ല. കേരളം നേരി​ടുന്ന ഗൗരവതരമായ ഒരു സാമൂഹ്യവി​പത്തി​ലേക്ക് കൂടി​ ഇത് കൈചൂണ്ടുന്നു. സ്കൂൾ വിദ്യാർത്ഥികളിലേക്കു വരെ കടന്നുകയറിയ ലഹരി- മയക്കുമരുന്നു വ്യാപനമാണിത്. നമ്മുടെ നാട് ലഹരി, മയക്കുമരുന്നു ലോബികളുടെ വിഹാരകേന്ദ്രമായി മാറിക്കഴിഞ്ഞു. ആൺ- പെൺ വ്യത്യാസമില്ലാതെ യുവജനത ഈ കെണിയിൽപ്പെടുന്നുവെന്നതാണ് ആശങ്കയുണർത്തുന്നത്. മദ്യത്തേക്കാൾ അപകടകരമാണ് രാസലഹരികൾ. ഒരു കാലത്ത് പഞ്ചാബായിരുന്നു മയക്കുമരുന്നിന്റെ പ്രധാനഇടമെങ്കിൽ ഇപ്പോൾ കേരളം ആ സ്ഥാനം ഏറ്റെടുക്കാനുള്ള മത്സരത്തിലാണ്. കഞ്ചാവും ലഹരിവസ്തുക്കളും കേരളത്തിലേക്ക് ഒഴുകുകയാണെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല.

വീടകങ്ങളിലെ സ്നേഹബന്ധനങ്ങളിൽ നിന്ന് പുതിയ തലമുറ പുറത്തുകടക്കുകയും നഗരങ്ങളിൽ രാത്രിജീവിതം സജീവമാവുകയും ചെയ്യുന്നത് ലഹരിയുടെ ഉപഭോഗം വർദ്ധിക്കാനും വഴിയൊരുക്കുന്നുണ്ട്. ചെറുപ്പത്തിലേ വരുമാനമുള്ള ജോലിയും ആവശ്യത്തിലേറെ സ്വാതന്ത്ര്യവും ലഭ്യമാകുമ്പോൾ വഴിതെറ്റാനുള്ള സാഹചര്യങ്ങളും ഒരുങ്ങും. അതിന്റെ എല്ലാ കുഴപ്പങ്ങളും കേരളം നേരിടുന്നുണ്ട്. ഒന്നോ രണ്ടോ ഉപയോഗം കൊണ്ട് പുതിയ കാലത്തെ ലഹരികൾ മനുഷ്യനെ അടിമകളാക്കും. കിട്ടാതെ വരുമ്പോൾ എന്തും ചെയ്യാനുള്ള മാനസികാവസ്ഥകളിലേക്കും വരും. സമർത്ഥരായ ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയാണ് ഇതുമൂലം നശിക്കുന്നത്. അവരുടെ കുടുംബങ്ങളുടെ വേദന വിവരണാതീതവുമാണ്. വർദ്ധിക്കുന്ന അക്രമങ്ങളും അസ്വസ്ഥതകളും ഇതിന് പുറമേയാണ്.

യു.ഡി.എഫ് സർക്കാർ അധികാരമേറ്റയുടൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ലഹരി, മയക്കുമരുന്ന് ഭീഷണിയെ നേരിടാൻ കൊണ്ടുവന്ന 'ഓപ്പറേഷൻ തൂഫാൻ' എന്ന പദ്ധതി വലിയ ജനശ്രദ്ധ നേടിയിരുന്നു. കുറഞ്ഞകാലം കൊണ്ട് തൂഫാൻ കുറെയൊക്കെ ഗുണഫലങ്ങളുമുണ്ടാക്കി. ലഹരി വേട്ടയ്ക്കായി പൊലീസിനെയും എക്സൈസിനെയും അഴിച്ചുവിട്ടതോടെ നൂറുകണക്കിന് മയക്കുമരുന്ന് ഇടപാടുകാർ അകത്തായി. പക്ഷേ ലഹരി ഉപഭോഗത്തിലും മയക്കുമരുന്നു ലഭ്യതയ്ക്കും കാര്യമായ കുറവൊന്നുമുണ്ടായിട്ടില്ല. ക്രിമിനൽ സംഘങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും വളർച്ചയ്ക്ക് പിന്നിൽ ലഹരി ലോബികളുമുണ്ട്. ഇവരെ ഒതുക്കാൻ ചെറിയ സൂത്രങ്ങളൊന്നും പോര. സമഗ്രമായ പദ്ധതികൾ വേണം. ബോധവത്കരണം മുതൽ നിയമം നടപ്പാക്കലും ലഹരിവിമുക്തിക്കുള്ള മാർഗങ്ങളും വരെ സൂക്ഷ്മമായി ആലോചിക്കണം.

ഓപ്പറേഷൻ തൂഫാൻ ഇത്തരമുള്ള ഒരു കാൽവയ്പ്പാണെങ്കിൽ കൂടിയും അതിന് ശക്തിപോരെന്നുള്ളതിന്റെ തെളിവാണ് നെടുമ്പാശേരിയിലെ ദാരുണമായ അപകടം. മദ്യം വാങ്ങാനും കഴിക്കാനും പ്രായമാകാത്ത, കൗമാരം വിട്ടുപോകാത്ത സംഘത്തിന് സദാപൊലീസ് സാന്നിദ്ധ്യമുള്ള കൊച്ചി നഗരത്തിലെയും അതീവസുരക്ഷാ മേഖലയായ നെടുമ്പാശേരി വിമാനത്താവള പ്രദേശത്തെയും ബാറുകളിൽ പാതിരായ്ക്ക് കയറിയിറങ്ങി മദ്യപിച്ച് അതിവേഗത്തിൽ പായാൻ കഴിഞ്ഞുവെന്നത് വലിയ വീഴ്ച തന്നെയാണ്. മയക്കുമരുന്നു വേട്ടയെന്ന ഒരു അജണ്ടയിൽ മാത്രം ഒതുക്കി നിറുത്താതെ ലഹരി വിപത്തിനെ തടയാൻ ജനപങ്കാളിത്തത്തോടെ സമഗ്രമായ പദ്ധതി ആവിഷ്കരിക്കാൻ സർക്കാരും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുന്നോട്ടുവരണം. ഇക്കാര്യത്തിൽ സർക്കാരുമായി സഹകരിക്കാൻ ജനങ്ങളും വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകളും തയ്യാറാകുമെന്ന് ഉറപ്പുണ്ട്. മയക്കുമരുന്നുകളുടെ കരാളഹസ്തത്തിൽ നിന്ന് കേരളത്തിന്റെ വരുംതലമുറകളെ രക്ഷിക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. ഈ ദൗത്യത്തിന് സാദ്ധ്യമാകുന്ന എല്ലാ പിന്തുണയും നൽകാൻ എസ്.എൻ.ഡി.പി യോഗവും തയ്യാറാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION THOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION