
എല്ലാ മേഖലകളിലും സമൂഹം വികസിച്ചിട്ടും ഇരുണ്ട കാലങ്ങളിലേതുപോലെ പട്ടിണി മരണങ്ങൾ വീണ്ടും സംഭവിക്കുക എന്നത് അപമാനകരമാണ്. ഹരിപ്പാട് രണ്ടുവയസുകാരൻ രാഹുലിന്റെ മരണം പോഷകാഹാരക്കുറവ് മൂലമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതെങ്കിലും മാതാപിതാക്കളുടെ ക്രൂരമായ അവഗണന മൂലമുണ്ടായ പട്ടിണി മരണമായി തന്നെയാണ് കണക്കാക്കേണ്ടത്. കേരളം കൈവരിച്ചു എന്നു പറയുന്ന സാമൂഹിക- ആരോഗ്യ പുരോഗതികളെ പരിഹസിക്കുന്ന ഒന്നാണ് ഈ ദാരുണ സംഭവം. രണ്ട് വയസുള്ള ഒരു കുഞ്ഞിന് കുറഞ്ഞത് 12 കിലോയെങ്കിലും ഭാരം ഉണ്ടാകേണ്ട സ്ഥാനത്ത് ആ കുഞ്ഞിന് വെറും ഏഴ് കിലോ മാത്രമായിരുന്നു. അമ്മ ഏഴാമത്തെ പ്രസവത്തിനായി ആശുപത്രിയിൽ കിടക്കുമ്പോഴാണ് വീട്ടിൽ കൃത്യമായ പരിചരണമോ ഭക്ഷണമോ ഇല്ലാതെ ആ കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന്റെ മാതാപിതാക്കൾ ഉത്തരവാദിത്വമില്ലാത്ത ജീവിതമാണ് നയിച്ചിരുന്നതെന്നും കുട്ടികളുടെ നില ദയനീയമാണെന്നും നാട്ടുകാർക്കും ശിശുക്ഷേമ സമിതിക്കാർക്കും പഞ്ചായത്ത് അധികൃതർക്കും മറ്റും അറിയാമായിരുന്നതാണ്.
അവർ പല നിലയിൽ കുട്ടികളെ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അതൊക്കെ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് സൂക്ഷ്‌മമായി പഠിക്കേണ്ടതാണ്. മാതാവ് ആത്മഹത്യാഭീഷണി മുഴക്കിയാണ് പലപ്പോഴും ഇടപെടാൻ ശ്രമിച്ചിരുന്നവരെ പിന്തിരിപ്പിച്ചത്. അത്തരം സന്ദർഭങ്ങളിൽ അവരെ അവരുടെ വിധിക്ക് വിട്ട് പിന്തിരിയേണ്ടവരല്ല അധികൃതർ. കളക്ടറുടെയും മറ്റുമുള്ള ഉയർന്ന തലത്തിലുള്ള ഇടപെടലുകളാണ് ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകേണ്ടത്. പത്തുവർഷത്തിനിടയിൽ ഏഴു കുട്ടികൾക്ക് ജന്മം നൽകിയെങ്കിലും ഒന്നിനുപോലും ജനന സർട്ടിഫിക്കറ്റോ ആധാർ കാർഡോ എടുക്കാൻപോലും മാതാപിതാക്കൾ തയ്യാറായില്ല. മൂത്ത കുട്ടികൾ ആരും സ്കൂളിൽ പോയിരുന്നില്ല. കുട്ടികളെ മറയാക്കി പണം പിരിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നതായി ആരോപണമുണ്ട്.
പത്തു വയസുള്ള മൂത്ത കുട്ടിയാണ് മറ്റ് കുട്ടികളെ നോക്കിയിരുന്നത്. കട്ടൻ ചായയിൽ ബിസ്കറ്റ് കലക്കി നൽകുന്നതല്ലാതെ ഇവർക്ക് ശരിയായ ആഹാരം ലഭിച്ചിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആറുവർഷം മുമ്പ് ഇവരുടെ മറ്റൊരു കുഞ്ഞും സമാനമായ സാഹചര്യങ്ങളിൽ മരണമടഞ്ഞിരുന്നു. ഈ സംഭവം മാതാപിതാക്കളുടെ മാത്രം കുറ്റമായി കാണാനാകില്ല. ബന്ധപ്പെട്ട അധികൃതരുടെ അശ്രദ്ധയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കുഞ്ഞ് മരിച്ച സംഭവം വിവാദമായതോടെ ഇവരുടെ മക്കളെയെല്ലാം ഏറ്റെടുത്ത് സർക്കാർ സ്ഥാപനങ്ങളുടെ സംരക്ഷണയിലാക്കുകയുണ്ടായി. അതിന് ഒരു കുഞ്ഞിന്റെ ജീവൻ ബലികൊടുക്കേണ്ടി വരുംവരെ കാത്തിരിക്കേണ്ടിവന്നു എന്നതാണ് ഏറ്റവും ഖേദകരം. നിരന്തരം വാടക വീടുകൾ മാറി താമസിക്കുന്ന ഒരു കുടുംബമാണിത്. ഇതൊക്കെ പ്രാദേശിക ഭരണകൂടത്തിനും ആശാവർക്കർമാർക്കും മറ്റും അറിവുള്ളതുമായിരുന്നു. എന്നിട്ടും കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി മാതാപിതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ വൈകിയത് വീഴ്ച തന്നെയാണ്.
ജില്ലാ ചൈൽഡ് പ്രൊട്ടക‌്‌ഷൻ ഓഫീസർ ഒരു മാസം മുമ്പ് കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അടിയന്തര നടപടികളൊന്നും ഉണ്ടായില്ല. ഇത്തരം ആവശ്യങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങി കിടക്കേണ്ടതല്ല. കുട്ടികളെ രക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ, അതിനുള്ള സംവിധാനങ്ങൾ സർക്കാർ തലത്തിൽ ഉണ്ടായിട്ടും, ഇടപെട്ട് പ്രശ്നം പരിഹരിക്കാതിരുന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. വീഴ്ച വരുത്തിയവർക്കെതിരെ മാതൃകാപരമായ നടപടികളും ഉണ്ടാകണം. ഏറ്റവുമൊടുവിൽ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണയുടെ ഇടപെടലിലൂടെ ബാക്കി കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തത് മാത്രമാണ് ആശ്വാസകരം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ താഴെത്തട്ടിലുള്ള സാമൂഹ്യ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ കുറ്റമറ്റതും ശക്തമാക്കേണ്ടതും ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |