
പൂർണമായും ഒരു വില്ലൻ കഥാപാത്രമെന്ന് പറയാനാവില്ല 'കുടുംബവിളക്ക്" പരമ്പരയിലെ ഡോ. അനിരുദ്ധിനെ. അമ്മയോട് എപ്പോഴും തട്ടിക്കയറുന്ന, അച്ഛന്റെ ഭാഗത്തുനിന്ന് അമ്മയെ കുറ്റക്കാരിയാക്കാൻ ശ്രമിക്കുന്ന ഒരു മകൻ. ചിലപ്പോഴെങ്കിലും ഡോ. അനിരുദ്ധിൽ എവിടെയൊക്കെയോ ഒരു പോസിറ്റീവ് ടച്ച് കണ്ടെത്താൻ സാധിച്ചെന്നുവരാം. അത്തരത്തിൽ ഏറെ അഭിനയസാദ്ധ്യതകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് സീരിയൽ താരം ആനന്ദ് നാരായൺ. ഏറെ ഇഷ്ടപ്പെട്ട് അഭിനയരംഗത്തേക്ക് കടന്നുവന്ന് കഴിവ് തെളിയിച്ച ആനന്ദിന് ഇപ്പോൾ ഏറെ സന്തോഷമാണ്. വർഷങ്ങൾക്കുമുമ്പ് താൻ കാലെടുത്തുവച്ച അഭിനയമേഖലയിൽ തന്നെ ഒരു നടനായി ഇന്ന് പ്രേക്ഷകർ അംഗീകരിക്കുന്നതിന്റെ സന്തോഷം ഒട്ടും ചെറുതല്ല.
അനിരുദ്ധിനെ വെറുക്കുന്നവരോട്
അപ്രതീക്ഷിതമായാണ് 'കുടുംബവിളക്കി" ലെ ഡോ. അനിരുദ്ധ് എന്ന കഥാപാത്രം എന്നിലേക്ക് എത്തിച്ചേർന്നത്. ആ കഥാപാത്രം ചെയ്തിരുന്ന ആർട്ടിസ്റ്റിന് പെട്ടെന്ന് സീരിയലിൽ നിന്നും മാറേണ്ടിവന്നു. സീരിയൽ തുടങ്ങി കുറച്ചുനാളുകൾക്കുശേഷമാണ് ആ കഥാപാത്രം ഞാൻ ചെയ്തു തുടങ്ങിയത്. ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ നന്നായി പെർഫോം ചെയ്യാൻ സാദ്ധ്യതകൾ തരുന്ന ഒരു കഥാപാത്രമാണ് അനിരുദ്ധ്. പൂർണമായും അതൊരു നെഗറ്റീവ് കഥാപാത്രമാണെന്ന് പറയാനാവില്ല. സാഹചര്യങ്ങൾ കൊണ്ട് സ്വന്തം അമ്മയ്ക്കെതിരെ തിരിയേണ്ടിവരുന്ന ഒരാളാണ് അനിരുദ്ധ്. അച്ഛനൊപ്പം ചേരുന്ന ഒരു മകൻ. പല സീനുകൾ ചെയ്യുമ്പോഴും ശരിക്കും സങ്കടം വന്നിട്ടുണ്ട്. കാരണം ഓരോ സീൻ ഷൂട്ട് ചെയ്യുമ്പോഴും ഞാൻ എന്റെ റിയൽ ലൈഫുമായി താരതമ്യം ചെയ്യും. റിയൽ ലൈഫിൽ എന്റെ അമ്മയോട് ഞാൻ വളരെ അറ്രാച്ച്ഡ് ആണ്. അനിരുദ്ധ് അമ്മയോട് ദേഷ്യപ്പെടുമ്പോഴും തട്ടിക്കയറുമ്പോഴുമൊക്കെ എന്റെ മനസ് എന്നോടുതന്നെ പറയുന്നത് ആനന്ദ് എന്ന ഞാൻ ഒരിക്കലും ഇങ്ങനെയല്ല എന്ന സത്യമാണ്. സീരിയലിൽ എനിക്ക് ഡബ്ബ് ചെയ്യുന്നത് ശങ്കർലാൽ ആണ്. എന്റെ അഭിനയവുമായി ശരിക്കും ചേർന്നുനിൽക്കുന്ന ഡബ്ബിംഗാണ് അദ്ദേഹത്തിന്റേത്. വളരെ ചെറിയ കാര്യങ്ങൾപോലും ശ്രദ്ധിച്ചാണ് അദ്ദേഹം ഡബ്ബ് ചെയ്യുന്നത്. അത് പറയാതിരിക്കാൻ പറ്റില്ല. ഒരുപാട് പേർ സീരിയൽ കണ്ടിട്ട് ഡോ. അനിരുദ്ധ് എന്ന കഥാപാത്രത്തെക്കുറിച്ച് അഭിപ്രായം പറയാറുണ്ട്. അനിരുദ്ധിനെ വെറുക്കുന്നവരും ഇഷ്ടപ്പെടാത്തവരുമൊക്കെയുണ്ട്. ഒരു നടൻ എന്ന നിലയിൽ അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ്. റേറ്റിംഗിൽ ഒന്നാംസ്ഥാനം നിലനിറുത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. ഇപ്പോൾ അച്ഛൻ സിദ്ധാർത്ഥിന്റെ പാതയിലേക്ക് അനിരുദ്ധും തിരിഞ്ഞിരിക്കുകയാണ്. അതുകൊണ്ട് മിക്കവാറും അനിരുദ്ധിനോടുള്ള വെറുപ്പ് കൂടാനാണ് സാദ്ധ്യത. (ചിരിക്കുന്നു.)
യോഗ്യതയില്ലെന്നു പറഞ്ഞ സംവിധായകൻ
അവതാരകനായിട്ടാണ് എന്റെ തുടക്കം. സംസാരിക്കാൻ ഇഷ്ടമായിരുന്നു. ടെലിവിഷൻ ഷോകളും മറ്റും ചെയ്യുമ്പോഴാണ് അഭിനയിച്ചാലോ എന്ന് തോന്നിയത്. അങ്ങനെ ഒരു സീരിയൽ ലഭിച്ചു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ പരമ്പര. ഷൂട്ടിംഗിനായി ലൊക്കേഷനിൽ ചെന്നു. ആദ്യസീനെടുത്തു. ഒരുതവണ എടുത്തുനോക്കി. ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ടും മൂന്നും തവണ ചെയ്യിപ്പിച്ചിട്ടും അഭിനയം പോരാ എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കി. പറ്റിയ ജോലി അഭിനയമല്ല, അവതരണമാണ് എന്ന് പറഞ്ഞ് പരിഹസിച്ചതും ഇന്നും മനസിലുണ്ട്. വളരെ സങ്കടത്തോടെയാണ് ആ ലൊക്കേഷനിൽ നിന്നും ഇറങ്ങിവന്നത്. അന്ന് വീട്ടിൽ വന്ന് അമ്മയോടും അമ്മൂമ്മയോടുമൊക്കെ കാര്യം തുറന്നു പറഞ്ഞു. ആ ദിവസം ഭാര്യ എന്നോട് പറഞ്ഞത് ഇന്നും ഓർക്കുന്നുണ്ട്. മനസിൽ മുഴുവൻ വിഷമം നിറഞ്ഞുനിന്നിട്ടും അതൊന്നും മുഖത്ത് കാണിക്കാതെ വീട്ടിൽ വന്ന് അഭിനയിച്ചില്ലേ, അത് തന്നെയാണ് യഥാർത്ഥ അഭിനയം. പരിഹസിച്ചവർക്ക് മുമ്പിൽ ഒരു ഷോർട്ട് ഫിലിമിലെങ്കിലും അഭിനയിക്കണമെന്നും അവൾ പറഞ്ഞു. അന്ന് ആ സംവിധായകൻ എന്റെ നെഞ്ചിലേക്ക് കോരിയിട്ട തീ എന്നെ വളരാൻ സഹായിച്ചു എന്നു പറയാം. ഇന്ന് എനിക്ക് അദ്ദേഹത്തോട് ഒരു ഗുരുവിനോടെന്നപോലുള്ള ബഹുമാനമാണുള്ളത്. രതീഷ് ഭാർഗവിന്റെ 'നീലാംബരി" എന്ന ഒരു പ്രോജക്ടായിരുന്നു പിന്നീട് വന്നത്. ആ സീരിയലിനുവേണ്ടി കുറച്ച് എപ്പിസോഡുകൾ ഷൂട്ട് ചെയ്തുവെച്ചെങ്കിലും നിർഭാഗ്യവശാൽ പരമ്പര പ്രക്ഷേപണം ചെയ്തില്ല. അങ്ങനെ രണ്ടാമതൊരു തിരിച്ചടി കിട്ടി. പിന്നെ കുറേനാൾ കഴിഞ്ഞ് രതീഷേട്ടൻ എന്നെ വിളിച്ച് മറ്റൊരു പ്രോജക്ടിന്റെ കാര്യം പറഞ്ഞു. അന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. എന്നെ വച്ച് ചെയ്താൽ ശരിയാകുമോ? ഏഷ്യാനെറ്റിനുവേണ്ടിയുള്ള 'കാണാകൺമണി" എന്ന പരമ്പരയായിരുന്നു അത്. ഒരു മികച്ച തുടക്കം തന്നതിൽ രതീഷേട്ടനോടാണ് കടപ്പാട്. ആ വർഷം മികച്ച പുതുമുഖനടനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിന്റെ നോമിനേഷനിൽ എന്റെ പേരും വന്നു. എനിക്ക് അവാർഡ് കിട്ടിയില്ലെങ്കിലും അന്നത്തെ അവാർഡ് നൈറ്റ് ഏറെ ആസ്വദിച്ചു. ഏഷ്യാനെറ്റ് അവാർഡ് നടക്കുമ്പോൾ ഒരു പാസ് കിട്ടാൻവേണ്ടി ഓടിനടന്ന എനിക്ക് നോമിനേഷൻ സ്ക്രീനിൽ കാണിക്കുന്നത് കുടുംബത്തോടൊപ്പം മുൻനിരയിലിരുന്ന് കാണാനായതിൽ ഏറെ സന്തോഷമായിരുന്നു. തുടർന്ന് ഒറ്റച്ചിലമ്പ്, മൂന്നുപെണ്ണുങ്ങൾ, എന്ന് സ്വന്തം ജാനി, അരുന്ധതി, ഉണ്ണിമായ, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ പരമ്പരകളിലെല്ലാം അഭിനയിച്ചു രതീഷ് ഭാർഗവ്, ബൈജു ദേവരാജ്, എസ്.എസ്.ലാൽ, മനോജ് ശ്രീലകം, സുജിത് സുന്ദർ തുടങ്ങിയ പ്രമുഖർക്കൊപ്പം പ്രവർത്തിച്ചു. കുടുംബവിളക്കിന്റെ സംവിധായകൻ മഞ്ജു ധർമ്മൻ സാറാണ്. ഓരോ സീനെടുക്കുമ്പോഴും ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് നമുക്ക് പഠിക്കാൻ സാധിക്കും.

ലൊക്കേഷനിൽ ഹാപ്പിയാണ്
ചിരിയും കളിയുമായി എല്ലാവരും ഒത്തുകൂടുന്ന ഒരു വീടാണ് 'കുടുംബവിളക്ക്" ലൊക്കേഷൻ. ഏറ്റവും പ്രായം കുറഞ്ഞ രേഷ്മ (സഞ്ജന) മുതൽ മുത്തശ്ശനും മുത്തശ്ശിയും വരെ എല്ലാവരും ഒരേ പോലെ ആക്ടീവാണ്. പിന്നെ എല്ലാവരും ഒരുമിച്ച് ചേരുമ്പോഴുണ്ടാകുന്ന നർമ്മനിമിഷങ്ങളെല്ലാം മിസ് ചെയ്യുന്നത് ഷൂട്ടിംഗില്ലാത്ത സമയത്താണ്. അനിയത്തിയുടെ (ശീതൾ) കാരക്ടർ ചെയ്യുന്ന അമൃതയുമായി ഭയങ്കര കമ്പനിയാണ്. സ്വന്തം ചേട്ടനും അനിയത്തിയും പോലെതന്നെയാണ് ഞങ്ങൾ. നൂബിനും (പ്രദീഷ്) അങ്ങനെ തന്നെ. ഞങ്ങൾ ഇതിനുമുമ്പും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. പിന്നെ കെ.കെ (സിദ്ധാർത്ഥ്) വളരെ ഫ്രണ്ട്ലിയായിട്ടുള്ള ഒരാളാണ്. നല്ല കമ്പനിയാണ്. മീരചേച്ചി (മീര വാസുദേവൻ) ഷൂട്ട് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഭയങ്കര ആക്ടീവായിരിക്കും. ചിരിച്ചും തമാശപറഞ്ഞുമൊക്കെ കൂടെയുണ്ടാവും. അല്ലാത്ത സമയങ്ങളിൽ പൊതുവേ ചേച്ചി ബിസിയാണ്. പിന്നെ സെറ്റിൽ നന്നായി മലയാളം പറയുന്ന ഒരാൾ കൂടിയാണ് ഇപ്പോൾ മീരചേച്ചി. ഞങ്ങൾ സ്ഥിരം കേരളത്തിലുള്ള ആൾക്കാർ മലയാളം ഡയലോഗ്സ് പറയുന്നതിനേക്കാളും നന്നായിട്ട് മീരചേച്ചി ഡയലോഗ് പറഞ്ഞുകളയും. കൂടെ അഭിനയിക്കുന്ന എല്ലാവരും ഇതേപോലെതന്നെ നല്ല സൗഹൃദത്തിലാണ്. അനന്യയായി എത്തുന്ന ആതിരയും വളരെ നല്ലൊരു സുഹൃത്താണ്.
നീൽ മഹേഷിൽ നിന്നും അനിരുദ്ധിലേക്ക്
'സ്വാതി നക്ഷത്രം ചോതി" എന്ന പരമ്പരയിൽ സിനിമാതാരത്തെയാണ് അവതരിപ്പിച്ചത്. വളരെ പോസിറ്റീവായ ഒരു കഥാപാത്രം. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരയായതിനാൽ ആദ്യം ആശങ്കയായിരുന്നു. ആദ്യ എപ്പിസോഡുകൾ കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് നല്ല പ്രതികരണങ്ങൾ കിട്ടി. 'എന്ന് സ്വന്തം ജാനി" എന്ന പരമ്പരയിലും വളരെ പോസിറ്റീവായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പ്രേക്ഷകരുടെ ഭാഗത്തുനിന്നു കിട്ടുന്ന പ്രതികരണങ്ങളാണ് എപ്പോഴും ആർട്ടിസ്റ്റുകൾക്ക് ലഭിക്കുന്ന വലിയ അംഗീകാരം. അത്തരത്തിൽ ചെയ്യുന്ന കഥാപാത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്നതിൽ ഏറെ സന്തോഷം. അരുന്ധതി എന്ന പരമ്പരയിൽ വളരെ നെഗറ്റീവായ ഒരു കഥാപാത്രമായാണ് ചെയ്തത്. വില്ലൻ എന്നതിന്റെ അങ്ങേയറ്റമായിരുന്നു അത്. ഉണ്ണിമായ എന്ന പരമ്പരയിൽ ഒരേ സമയം നായകന്റെയും വില്ലന്റെയും പരിവേഷത്തിൽ എത്താൻ സാധിച്ചു. സീരിയലിൽ അഭിനയിച്ചുതുടങ്ങുമ്പോൾ ഞാൻ വിചാരിച്ചത് ഇവിടെ നിന്ന് പലതും പഠിച്ചിട്ട് സിനിമയിലേക്ക് പോകാമെന്നാണ്. ബിഗ് സ്ക്രീൻ ആഗ്രഹം മനസിലുള്ളതുകൊണ്ടുതന്നെ അതിനു പരിശ്രമിച്ചുകൊണ്ടിരിക്കും. അവിടെ എത്തിച്ചേരുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.
ഇവനെ സൂക്ഷിച്ചോ എന്ന് ഭാര്യയോട്
രസകരമായ കുറേ അനുഭവങ്ങളുണ്ട്. 'അരുന്ധതി" സീരിയൽ ചെയ്യുന്ന സമയം. ഭാര്യയുമായി ഒരു ചടങ്ങിന് പോയതാണ്. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ഒരമ്മൂമ്മയുണ്ട്. എന്നെ കണ്ടതും ചിരിച്ചുകൊണ്ടിരുന്ന അമ്മൂമ്മയുടെ മുഖം മാറി. ക്രൂരഭാവത്തിൽ എന്നെ നോക്കാൻ തുടങ്ങി. എനിക്ക് കാര്യം അപ്പോഴേ പിടികിട്ടി. പരിപാടിയൊക്കെ കഴിഞ്ഞ് തിരിച്ച് പോരുമ്പോഴും അമ്മൂമ്മ ദേഷ്യത്തോടെ എന്നെ നോക്കിക്കൊണ്ടിരുന്നു. ഒടുവിൽ ഇറങ്ങുന്ന സമയത്ത് ഭാര്യയുടെ കൈ പിടിച്ച് അമ്മൂമ്മ പറയുകയാണ്. മോളേ നീ സൂക്ഷിക്ഷണം, ഇവനെ വിശ്വസിക്കാൻ കൊള്ളില്ല. ആ പരമ്പരയിൽ എന്റെ കഥാപാത്രം പക്കാ നെഗറ്റീവ് റോളായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയാലുള്ള അവസ്ഥ ഇങ്ങനെയൊക്കെ തന്നെ. കഴിഞ്ഞയിടെ സൂപ്പർമാർക്കറ്റിൽ പോയപ്പോൾ ഒരു ചേച്ചി ചോദിച്ചു. അമ്മയോട് ഇത്രയും മോശമായിട്ടൊക്കെ സംസാരിക്കാമോ? എന്നെ ഇപ്പോഴും അനിരുദ്ധായി മാത്രം കാണുന്നവരുണ്ട്. കഥാപാത്രമായി കണ്ട് ഒരുപാട് മെസേജ് അയക്കാറുണ്ട്. പലരും യാഥാർത്ഥ്യം മനസിലാക്കാൻ മടിക്കുന്നു. ഞാൻ ഭാര്യയോടൊപ്പമുള്ള ഒരു ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ അതിനു താഴെ കുറേ നെഗറ്റീവ് കമന്റുകൾ വന്നു. എന്നെ അനിരുദ്ധനായി ചിത്രീകരിച്ചുകൊണ്ടുള്ളതായിരുന്നു അത്തരം നെഗറ്റീവ് കമന്റുകൾ. പക്ഷേ കുറേപ്പേർ സപ്പോർട്ടുമായി വന്നു.
സൗഹൃദം,പ്രണയം, കുടുംബം
സൗഹൃദത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഒരാൾ തന്നെയാണ് ഞാൻ. സീരിയൽ അഭിനയരംഗത്തേക്ക് വന്നതിനുശേഷം ഒത്തിരി നല്ല സൗഹൃദങ്ങൾ ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൊക്കെ സജീവമായതുകൊണ്ടുതന്നെ എനിക്ക് വരുന്ന മെസേജുകൾക്കൊക്കെ പരമാവധി മറുപടി കൊടുക്കാറുണ്ട്. സീരിയൽ കണ്ടിട്ട് കുറേപേർ വിളിക്കുകയും അവരിൽ പലരുമായും സൗഹൃദം കാത്തുസൂക്ഷിക്കുയും ചെയ്യുന്നുണ്ട്. പ്ലസ് ടുവിന് പഠിക്കുന്ന സമയത്താണ് ഞാൻ പ്രണയിച്ചുതുടങ്ങുന്നത്. കുറേനാൾ നീണ്ട പ്രണയത്തിനുശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. ഭാര്യ- മിനി ആനന്ദ്, സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്നു. മോൻ ആദിദേവ് ആനന്ദ് മൂന്നാം ക്ലാസിൽ പഠിക്കുന്നു. മോൾ ആഗ്രഹ ആനന്ദിന് നാലുവയസായി ഇപ്പോൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |