SignIn
Kerala Kaumudi Online
Monday, 08 June 2026 10.58 AM IST

മാദ്ധ്യമപ്രവർത്തകയോട് തട്ടിക്കയറി, മൈക്രോഫോൺ ഊരിമാറ്റി അഭിമുഖത്തിൽ നിന്ന് ഇറങ്ങിപ്പോയി ട്രംപ്

trump

വാഷിംഗ്‌ടൺ: മാദ്ധ്യമ പ്രവർത്തകയെ വക്രബുദ്ധി, മണ്ടി എന്നെല്ലാം വിളിച്ച് അഭിമുഖത്തിനിടെ ഇറങ്ങിപ്പോയി അമേരിക്കൻ പ്രസി‌ഡന്റ് ഡൊണാൾഡ് ട്രംപ്. എൻബിസി ന്യൂസിന്റെ രാജ്യംമുഴുവൻ സംപ്രേക്ഷണം ചെയ്‌തുകൊണ്ടിരുന്ന 'മീറ്റ്‌ ദ പ്രസ്‌' ഇന്റർവ്യൂവിനിടെയാണ് അവതാരക ക്രിസ്‌റ്റൻ വെൽക്കറുമായി വഴക്കിട്ട് ട്രംപ് സ്ഥലംവിട്ടത്. മുൻ പ്രസിഡന്റ് ജോ ബൈ‌ഡനെതിരായ ആരോപണങ്ങളും കാലിഫോർണിയയിലെ തിരഞ്ഞെടുപ്പ് വൈകിയതുമടക്കം ചോദ്യങ്ങളാണ് ട്രംപിനെ വല്ലാതെ പ്രകോപിപ്പിച്ചത്.

'നമുക്കിത് ഇവിടെവച്ച് അവസാനിപ്പിക്കാം. കേൾക്കേണ്ടതെല്ലാം ഞാൻ കേട്ടുകഴിഞ്ഞു, നന്ദി ഡാർലിംഗ്' എന്നുപറഞ്ഞ് മൈക്രോഫോൺ ഊരിയെറിഞ്ഞ് ട്രംപ് നടന്നുപോകുകയായിരുന്നു. കാലിഫോർണിയയിൽ നാല് ദിവസമായിട്ടും ഫലം വരാത്തതിന്റെ അമർഷം സൂചിപ്പിച്ച ട്രംപ് അവർ തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്തുന്നതിനാലാണ് ഇതെന്ന് ആരോപിച്ചു. എന്തെങ്കിലും തെളിവിന്റെ അടിസ്ഥാനത്തിലാണോ ആരോപിക്കുന്നത് എന്ന ക്രിസ്റ്റൻ വെൽക്കറുടെ ചോദ്യത്തിന് താൻ ജനങ്ങൾ പറയുന്നതാണ് കേൾക്കുന്നതെന്ന് ട്രംപ് മറുപടി നൽകി.

ഇലക്ഷൻ അധികാരികൾ തട്ടിപ്പുകാരാണെന്നും മാദ്ധ്യപ്രവർത്തകരും മീറ്റ് ദ പ്രസ് പരിപാടിയും തട്ടിപ്പാണെന്നും ട്രംപ് ആരോപിച്ചു. ഇറാൻ യുദ്ധത്തെക്കുറിച്ച് സംസാരിച്ച് ആരംഭിച്ച അഭിമുഖത്തിൽ കഴിഞ്ഞ ബൈഡൻ സർക്കാർ അന്യായമായി വേട്ടയാടിയെന്ന് വിശ്വസിക്കുന്നവർക്ക് നൽകാനെന്ന പേരിൽ 1.8 ബില്യൺ ഡോളറിന്റെ 'ആന്റി വെപ്പണൈസേഷൻ' പദ്ധതി ട്രംപ് മുന്നോട്ടുവച്ചതിനെ സൂചിപ്പിച്ച്‌ ക്രിസ്റ്റൻ ചോദ്യം ചെയ്‌തു. ഇതോടെ പ്രകോപിതനായ ട്രംപ് ജോ ബൈഡനെയും മാദ്ധ്യമങ്ങളെയും മോശക്കാരെന്ന് മുദ്രകുത്തി ശക്തമായി പ്രതികരിച്ചു. ഇതാദ്യമായല്ല ട്രംപ് മാദ്ധ്യമങ്ങൾക്ക് നേരെ തിരിയുന്നത്. ദിവസങ്ങൾക്ക് മുൻപ് സിഎൻഎന്നിന്റെ പ്രതിനിധിയോട് ദേഷ്യപ്പെടുകയും സിഎൻഎൻ അഴിമതി നിറഞ്ഞ സ്ഥാപനമെന്ന് ആരോപിക്കുകയും ചെയ്‌തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, TRUMP, INTERVIEW, WALKS OUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360