SignIn
Kerala Kaumudi Online
Tuesday, 16 June 2026 12.08 AM IST

മത്സ്യ സമൃദ്ധിയില്‍ ചാവക്കാട് ബ്ലാങ്ങാട് മത്സ്യ മാര്‍ക്കറ്റ്

fish

ചാവക്കാട്: ലോക്ക്‌ഡൗൺ കഴിഞ്ഞ് ഇളവുകൾ ലഭിച്ചതോടെ ബ്ലാങ്ങാട് മത്സ്യ മാർക്കറ്റ് സജീവമായി. വലിയ മത്സ്യങ്ങളുടെ സീസൺ ആരംഭിച്ചതോടെ ബ്ലാങ്ങാട് ബീച്ചിൽ വില്പനയും തകൃതിയായി. അയിക്കൂറ, തെമ്മാൻ, സ്രാവ്, കുടുത തുടങ്ങിയ മീനുകളാണ് മാർക്കറ്റുകളിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. വലിയ മീനുകൾ സമൃദ്ധിയായതോടെ വിലയും കുറഞ്ഞു. 800 രൂപ ഉണ്ടായിരുന്ന അയിക്കൂറ ഇപ്പോൾ 250 മുതൽ 400 വരെയാണ് വില. തെമ്മാൻ 180, സ്രാവ് 350, കുടുത 140 രൂപ എന്നീ തോതിലാണ് വിൽപ്പന.

കുളച്ചൽ മേഖലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കൂടുതലായും വലിയ മീനുകളെ കടലിൽ നിന്ന് ചൂണ്ട ഉപയോഗിച്ച് പിടിക്കുന്നത്. സാധാരണ സീസൺ ആയാൽ മീൻ വാങ്ങിക്കാൻ മാർക്കറ്റുകളിൽ വലിയ തിരക്കാണ് ഉണ്ടാവുക. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ചതിനാൽ മാർക്കറ്റുകളിൽ തിരക്ക് കുറവാണെന്ന് മത്സ്യ വിൽപ്പനക്കാർ പറയുന്നു.

മുനക്കക്കടവ് ഫിഷ്‌ലാൻഡിംഗ് സെന്ററിലും മത്സ്യ ലഭ്യത സമൃദ്ധിയാണ്. ഇവിടെ മാന്തൾ, അയില, നത്തോലി തുടങ്ങിയവയാണ് അധികവും. മാന്തളിന് കിലോക്ക് 50 രൂപയിൽ താഴെയാണ്. ഇടനിലക്കാരായ കച്ചവടക്കാർക്കും ലേലം പിടിക്കുന്നവർക്കും ഇത് വലിയൊരു ആശ്വാസമാണ്. പ്രതിസന്ധി കാലത്ത് വരുമാനം നിലച്ചവർക്ക് ഈ മത്സ്യ സമൃദ്ധി അതിജീവനത്തിന്റെ പ്രതീക്ഷയാണ് നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL