SignIn
Kerala Kaumudi Online
Friday, 02 October 2026 5.14 PM IST

അരുത്, സാഹസം വേണ്ട...

boat

മാഹി: വിനോദയാത്രാ ബോട്ട്, പെഡൽ ബോട്ട് എന്നിവ ചെറിയ തോതിൽ മാത്രം വഹിക്കാൻ ശേഷിയുള്ള മയ്യഴിപ്പുഴയിൽ സ്പീഡ് ബോട്ടുകളെ ഇറക്കുന്നതിനെതിരെ പ്രതികരണവുമായി പുഴസംരക്ഷണസമിതി പ്രവർത്തകർ. ചെറിയ പുഴകളിൽ ജലകേളിക്കു വേണ്ടിയോ, സാഹസിക ടൂറിസത്തിന്റെ പേരിലോ, ഇത്തരം ബോട്ടുകൾക്ക് അനുമതി കൊടുക്കുന്നത് പുഴയുടെ നാശം വേഗത്തിലാക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

നിലവിൽ ഓവുകളിലൂടെ ഒഴുകിയെത്തുന്ന ദ്രവമാലിന്യവും വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളും പുഴവെള്ളത്തിലെ പി.എച്ച് മൂല്യത്തിലും ഓക്‌സിജന്റെ അളവിലും വ്യതിയാനം ഉണ്ടാക്കുന്നുണ്ട്. ഇതിനെ അതിജീവിച്ച ജീവികളെയും സ്പീഡ് ബോട്ടുകളുടെ അലകൾ ഇല്ലാതാക്കും. ഈ തിരകൾ കരയിലുള്ള സസ്യജാലങ്ങളെയും മത്സ്യപ്രജനനകേന്ദ്രങ്ങളെയും തകർക്കും.
ഇതുമൂലമുള്ള പരിസ്ഥിതി നാശം തീരദേശ സമൂഹത്തിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങളുദ്ധരിച്ച് പുഴസംരക്ഷണസമിതി ചൂണ്ടിക്കാട്ടുന്നു. സാഹസിക ടൂറിസം ആവശ്യപ്പെടുന്ന സുരക്ഷാസംവിധാനമോ, കോസ്റ്റ് ഗാർഡോ മയ്യഴിപ്പുഴത്തീരത്തില്ല. മയ്യഴിപ്പുഴയുടെ വാഹകശേഷിക്കപ്പുറമായിരിക്കും സ്പീഡ് ബോട്ടിന്റെ പ്രവർത്തനമെന്നും ഇവർ പറയുന്നു.

പുഴസംരക്ഷണസമിതി യോഗം ചേർന്നു

മാഹി ആനവാതുക്കൽ അമ്പല ഹാളിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ സമിതി ചെയർമാൻ വിജയൻ കൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. ഷൗക്കത്ത് അലി എരോത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലിബാസ് മങ്ങാട് സ്വാഗതവും മഹിജ തോട്ടത്തിൽ നന്ദിയും പറഞ്ഞു.

പാനൂർ മുൻസിപ്പാലിറ്റി കൗൺസിലറും പാനൂർ പുഴ സംരക്ഷണ ചെയർമാനുമായ എം .എം. രാജേഷ് കരിയാട് , അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, വർക്കിംഗ് പ്രസിഡന്റ് വി.പി. ജയൻ, കെ രാഗേഷ്, അസ്‌ലം മാസ്റ്റർ, കെ. അൻവർ, കുരുന്നൻ കുഞ്ഞമ്മദ് കുട്ടി, ആനന്ദ കുമാർ പറമ്പത്ത്, കെ. രാജൻ മഹാത്മ, ഡോ മധുസൂതനൻ കരിയാട്, ഡോ. പി. ദിലീപ് കോട്ടേമ്പ്രം, എൻ.വി അജയൻ, ന്യൂമാഹി യൂണിറ്റ് പ്രസിഡന്റ് സുധീർ കേളോത്ത്,​ സി.കെ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.

അവർ പറയുന്നു
1. സ്പീഡ് ബോട്ടുകൾ സൃഷ്ടിക്കുന്ന പ്രകമ്പനം ചെറുമത്സ്യങ്ങളടക്കമുള്ള ജലജീവികളെയും ജലസസ്യങ്ങളെയും തീരസസ്യാവരണങ്ങളെയും നശിപ്പിക്കും

2. ഉപരിതല ഉഷ്ണജലം ഈ മർദ്ദം മൂലം താഴെക്ക് വ്യാപിച്ച് ജീവജാലങ്ങളുടെ നാശം പൂർണ്ണമാക്കും.

3. അമിതമായ പ്രകമ്പനവും മർദ്ദവും താപവും അതിജീവിക്കുവാൻ ചെറുജീവികൾ പ്രാപ്തമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BOAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL