വന്ധ്യംകരണ പദ്ധതി മുടങ്ങിയിട്ട് ഒരു വർഷം
കൊല്ലം: തൃക്കോവിൽവട്ടം പഞ്ചായത്തിൽ മുഖത്തല വാർഡിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷം. മുഖത്തല സ്കൂൾ ജംഗ്ഷനിലും ക്ഷേത്രത്തിനു മുന്നിലും സമീപത്തെ സ്റ്റേജും ഗ്രൗണ്ടുമുള്ള ഭാഗവും നായ്ക്കളുടെ സ്ഥിരം സങ്കേതമായി. പത്തും പന്ത്രണ്ടും നായ്ക്കൾ അടങ്ങുന്ന വലിയ കൂട്ടങ്ങളായി തമ്പടിക്കുന്ന ഇവ ജനവാസ മേഖലകളിൽ സ്വൈര്യവിഹാരം നടത്തുന്നത് പ്രദേശവാസികളെയും വിദ്യാർത്ഥികളെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിൽ കുട്ടികളും മുതിർന്നവരും ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. കുട്ടികൾക്ക് നേരെ കൂട്ടത്തോടെ പാഞ്ഞടുക്കുന്ന നായ്ക്കളെ തുരത്താൻ രക്ഷിതാക്കൾക്ക് വടിയുമായി കാവൽ നിൽക്കേണ്ട ഗതികേടാണ്. ക്ഷേത്രദർശനത്തിനെത്തുന്നവരും സന്ധ്യാസമയത്ത് നടക്കാനിറങ്ങുന്നവരും വലിയ ഭയപ്പാടിലാണ്.
തെരുവുനായ്ക്കളുടെ എണ്ണം പെരുകുമ്പോഴും ഒരു വർഷത്തിലേറെയായി പഞ്ചായത്തിൽ എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ഫലപ്രദമായി നടക്കുന്നില്ലെന്ന പരാാതിയുണ്ട്. വന്ധ്യംകരണ പദ്ധതികൾ മുടങ്ങിയതാണ് നായ്ക്കളുടെ പെരുപ്പത്തിനും ആക്രമണ സ്വഭാവത്തോടെ നടക്കാനും കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മൈൻഡ് ചെയ്യാതെ അധികൃതർ!
പഞ്ചായത്ത് അധികൃതരുടെ അലംഭാവം ഭീതിയുടെ വ്യാപ്തി കൂട്ടുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
മാംസാവശിഷ്ടങ്ങൾ ഉൾപ്പെടെ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതും നായ്ക്കളുടെ സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാനും കൂട്ടത്തോടെ നടക്കുന്ന തെരുവുനായ്ക്കളെ അടിയന്തരമായി പിടികൂടി മാറ്റാനും മുടങ്ങിയ എ.ബി.സി പദ്ധതി പുനരാരംഭിക്കാനും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
തെരുവ് നായ ശല്യം രൂക്ഷമാണ്. വലിയ കൂട്ടങ്ങളായിട്ടാണ് ഇവർ തമ്പടിക്കുന്നത്. ആക്രമകാരികളായ നായയ്ക്കളെ പിടികൂടി മാറ്റുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കും
പ്രശാന്ത്, മുഖത്തല വാർഡ് മെമ്പർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |