
കടയ്ക്കാവൂർ: ഡോക്ടർമാർക്ക് ശമ്പളം നൽകാൻ ഫണ്ടില്ലെന്ന കാരണത്താൽ വക്കം റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്ററിൽ,ഒ.പി ചികിത്സാ സമയം ഉച്ചവരെയാക്കിയത് രോഗികളെ വലയ്ക്കുന്നു. മുൻപ് രാവിലെ 9 മുതൽ രാത്രി 8 വരെയാണ് സെന്റർ പ്രവർത്തിച്ചിരുന്നത്.എന്നാൽ ഇപ്പോൾ ഉച്ചയ്ക്ക് 2മുതൽ 'ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന' ബോർഡ് മാത്രമാണുള്ളത്.
കിടത്തിച്ചികിത്സയും പ്രസവ ചികിത്സയും ഒക്കെയായി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറിലും ഇവിടെ ലഭ്യമായിരുന്നു. കാലക്രമേണ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റുകയും,ചികിത്സാ സൗകര്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഫാർമസിയിൽ മരുന്നുകളുമില്ലെന്ന് രോഗികൾ പരാതിപ്പെടുന്നു.
ശമ്പളം ഉൾപ്പെടെയുള്ള ബാദ്ധ്യത ചിറയിൻകീഴ് ബ്ലോക്കിന് താങ്ങാനാകുന്നില്ലെന്ന കാരണത്താലാണ് ഉച്ചയ്ക്ക് ശേഷമുള്ള അത്യാഹിത വിഭാഗത്തിലെ ചികിത്സ നിറുത്തിയത്.പാവപ്പെട്ട രോഗികളുടെ ദുരിതം മനസിലാക്കി അധികൃതർ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
ഉച്ചയ്ക്ക് ശേഷം രോഗികൾ കിലോമീറ്റർ താണ്ടി വർക്കലയിലോ,ചിറയിൻകീഴോ,ആറ്റിങ്ങലിലോ പോകണം.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം.വക്കം പുരുഷോത്തമൻ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് ആശുപത്രി റൂറൽ ഹെൽത്ത് സെന്ററായി ഉയർത്തിയത്.
തീരദേശ മേഖലയിലുള്ളവരുടെ ഏകാശ്രയം
ആശുപത്രിയെ ആശ്രയിക്കുന്നത്
വക്കം,മണമ്പൂർ,അഞ്ചുതെങ്ങ്,ചെറുന്നിയൂർ,കടയ്ക്കാവൂർ പഞ്ചായത്തുകളിലെ പാവപ്പെട്ട രോഗികൾ.
ആവശ്യമില്ലാതെ പുതിയ കെട്ടിടം
പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്.ജില്ലാ മെഡിക്കൽ മിഷന്റെ ഫണ്ടിൽ നിന്നുള്ള 1.92കോടി രൂപ ചെലവിട്ടാണ് നിർമ്മാണം നടക്കുന്നത്.അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്ന കെട്ടിടത്തോട് ചേർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നു. കിടത്തിച്ചികിത്സാ സൗകര്യങ്ങളെല്ലാമുള്ള അത്യാഹിതവിഭാഗം നിലവിൽ പൂട്ടിക്കിടക്കുമ്പോഴാണ് കോടികൾ മുടക്കി പുതിയ കെട്ടിടം പണിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |