
കൊച്ചി: കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) തൃശൂർ ജില്ലയിലെ കൊരട്ടിയിൽ തുടങ്ങാൻ സാദ്ധ്യത തെളിയുന്നു. കേരളത്തിന്റെ മദ്ധ്യഭാഗത്തുള്ള ജില്ല, മെഡിക്കൽ ഹബ് കൂടിയായ കൊച്ചി നഗരത്തോട് ചേർന്ന പ്രദേശം, സമീപത്തുള്ള നെടുമ്പാശേരി വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, സ്ഥലലഭ്യത എന്നിവയാണ് കൊരട്ടിക്ക് അനുകൂലമായ ഘടകങ്ങൾ. നല്ല റോഡുകളും, ജല-വൈദ്യുതി സൗകര്യങ്ങളുമുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക താത്പര്യത്തിന് പുറമേ, സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ പട്ടികയിലും കൊരട്ടിക്കാണ് മുൻതൂക്കം. കേരളത്തിന് സമീപഭാവിയിൽ എയിംസ് ലഭ്യമാകുമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
കുന്നംകുളം, വൈക്കം, പിറവം, പെരുവ, തിരുവനന്തപുരം, കോഴിക്കോട് കിനാലൂർ, തൃക്കരിപ്പൂർ, കാസർകോട് എന്നിവയും പട്ടികയിലുണ്ട്. എന്നാൽ എല്ലാ അനുകൂല ഘടകങ്ങളുമുള്ളത് കൊരട്ടിയിലാണെന്നാണ് റിപ്പോർട്ട്. എല്ലാ മേഖലയിലുമുള്ളവർക്ക് വരാനുള്ള സൗകര്യം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ മദ്ധ്യമേഖലയിൽ എയിംസ് തുടങ്ങുന്നതാണ് കീഴ്‌വഴക്കം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയുടെ പരിശോധനകൾക്ക് ശേഷമാകും അന്തിമ തീരുമാനം. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനവും രാഷ്ട്രീയ പിന്തുണയുമാണ് പ്രധാനം.
ദേശീയപാത അരികെ
കേന്ദ്ര മാനദണ്ഡമനുസരിച്ച് എയിംസ് തുടങ്ങാൻ കുറഞ്ഞത് 200 ഏക്കർ സ്ഥലം വേണം. കൊരട്ടിയിൽ ഇതു ലഭ്യമാണ്. ഗാന്ധിഗ്രാം ത്വക് രോഗ ആശുപത്രിക്ക് നിശ്ചയിച്ചിരുന്ന 100 ഏക്കർ, 2022ൽ പ്രവർത്തനം നിലച്ച ഗവ. പ്രസിന്റെ 100 ഏക്കർ, 2013ൽ അടച്ചുപൂട്ടിയ വെഗൈ ത്രെഡ്‌സ് പ്രോസസ് ലിമിറ്റഡിന്റെ 45 ഏക്കർ എന്നിവ ചേർത്താൽ മതിയാകും. ദേശീയപാത 544 സമീപത്തുകൂടി പോകുന്നുവെന്ന പ്രത്യേകതയുമുണ്ട്.
കുറഞ്ഞ ചെലവിൽ
മികച്ച ചികിത്സ
രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ വിദ്യാഭ്യാസ - ഗവേഷണ സ്ഥാപനമാണ് എയിംസ്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഗുണകരം. സാധാരണക്കാർക്ക് താങ്ങാനാകാത്ത വലിയ ശസ്ത്രക്രിയകളും വിദഗ്ദ്ധ ചികിത്സകളും തീരെ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ ചികിത്സ. എല്ലാ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും ഇവിടെയുണ്ടാകും.
പഠനച്ചെലവും കുറവ്
സ്വകാര്യ സ്ഥാപനങ്ങളെയും മറ്റ് സർക്കാർ മെഡിക്കൽ കോളേജുകളെയും അപേക്ഷിച്ച് എയിംസിൽ പഠനച്ചെലവ് വളരെ കുറവാണ്. മികച്ച പ്രായോഗിക പരിശീലനം ലഭിക്കുന്നു. രാജ്യാന്തര നിലവാരമുള്ള ലാബുകൾ, അത്യാധുനിക സംവിധാനങ്ങൾ, ലോകപ്രശസ്ത ഡോക്ടർമാരുടെ കീഴിലുള്ള പഠനം എന്നിവ ലഭ്യമാണ്. എയിംസ് ബിരുദധാരികൾക്ക് രാജ്യാന്തര തലത്തിൽ വലിയ അംഗീകാരവും മികച്ച തൊഴിലവസരവുമുണ്ട്. സ്റ്റൈപ്പൻഡും കൂടുതലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |