SignIn
Kerala Kaumudi Online
Thursday, 22 October 2026 8.53 AM IST

കൊവിഡിലും ഇന്ത്യയിൽ ശതകോടീശ്വരന്മാർ കൂടി

wealth

 2021ൽ 40 പുതിയ ശതകോടീശ്വരന്മാരെന്ന് ഓക്സ്‌ഫാം 'ഇൻഇക്വാലിറ്റി കിൽസ്" റിപ്പോർട്ട്

ന്യൂഡൽഹി: കൊവിഡിലും ഇന്ത്യയിൽ സാമ്പത്തിക അസമത്വം ഏറുന്നതായി ഓക്‌സ്‌ഫാം ഇന്ത്യയുടെ റിപ്പോർട്ട്. 2021ൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 102ൽ നിന്ന് 142ലെത്തി. അതേസമയം, രാജ്യത്തെ 84 ശതമാനം കുടുംബങ്ങളും വരുമാനത്തകർച്ച നേരിട്ടുവെന്നും ലോക സാമ്പത്തിക ഫോറത്തിന്റെ ഇന്നലെ ഓൺലൈനിൽ ആരംഭിച്ച 'ദാവോസ് അജൻഡ" ഉച്ചകോടിക്ക് മുന്നോടിയായി പുറത്തുവിട്ട 'ഇൻഇക്വാലിറ്റി കിൽസ്" റിപ്പോർട്ട് വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേരുടെ ആസ്‌തി 2021ൽ 57.3 ലക്ഷം കോടി രൂപയായി ഉയർന്നു. ഇത് എക്കാലത്തെയും ഉയരമാണ്. ഇതേകാലയളവിൽ, 4.6 കോടി ഇന്ത്യക്കാർ അതിദാരിദ്ര്യത്തിലേക്ക് വീണു. യു.എന്നിന്റെ കണക്കുപ്രകാരം ലോകത്തെ ഏറ്റവും പുതിയ ദരിദ്രരുടെ പാതിയോളം വരുമിത്.

കോടീശ്വരന്മാർക്ക് നികുതി;

സർക്കാരിനും ജനത്തിനും നേട്ടം

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ പത്തുപേരുടെ സംയോജിത ആസ്തി, രാജ്യത്തെ കുട്ടികളുടെ 25 വർഷത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടുന്നതിന് തുല്യമാണെന്ന് ഓക്‌സ്‌ഫാം പറയുന്നു. റിപ്പോർട്ടിലെ മറ്റ് പ്രസക്തഭാഗങ്ങൾ:

 ഏറ്റവും സമ്പന്നരിലെ ആദ്യ 10 ശതമാനത്തിനുമേൽ ഒരു ശതമാനം അധികനികുതി ഏർപ്പെടുത്തിയാൽ 17.7 ലക്ഷം അധികം ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങാം.

 ഏറ്റവും സമ്പന്നരായ 98പേർക്കുമേൽ ഇതേ നികുതി ഏർപ്പെടുത്തിയാൽ ആയുഷ് ഭാരത് ഹെൽത്ത് ഇൻഷ്വറൻസ് പദ്ധതിക്കുവേണ്ടി ഏഴുവർഷത്തേക്ക് വേറെ തുക സമാഹരിക്കേണ്ടതില്ല.

 ഏറ്റവും സമ്പന്നരായ 98 പേരുടെ ആസ്‌തി രാജ്യത്തെ ഏറ്റവും നിർദ്ധനരായ 55.5 കോടിപ്പേരുടെ ആസ്തിക്ക് തുല്യമാണ് (49 ലക്ഷം കോടി രൂപ).

 ശതകോടീശ്വരന്മാർക്കുമേൽ വാർഷിക ആസ്തിനികുതി ഏർപ്പെടുത്തിയാൽ 7,830 കോടി ഡോളർ സമാഹരിക്കാം, ഇത് കേന്ദ്രത്തിന്റെ ആരോഗ്യ ബഡ്ജറ്റ് 271 ശതമാനം ഉയർത്തും.

 പത്തുകോടി രൂപയ്ക്കുമേൽ ആസ്‌തിയുള്ളവർക്കുമേൽ രണ്ടു ശതമാനം നികുതി ഏർപ്പെടുത്തിയാൽ കേന്ദ്ര വനിതാ, ശിശുവികസന വകുപ്പിന്റെ ബഡ്‌ജറ്റ് 121 ശതമാനം ഉയരും.

 98 ശതകോടീശ്വരന്മാർക്കുമേൽ 4 ശതമാനം നികുതി ഏർപ്പെടുത്തിയാൽ മിഡ്-ഡേ മീൽസ് പദ്ധതിക്കായി 17 വർഷത്തേക്കുള്ള തുകയ്ക്ക് തുല്യമാകും.

സമ്പത്ത് വാരിക്കൂട്ടി

ആഗോള സമ്പന്നരും

ലോകത്തെ ഏറ്റവും സമ്പന്നരായ എലോൺ മസ്‌ക്, ജെഫ് ബെസോസ്, ലാറി പേജ്, സെർജീ ബ്രിൻ, മാർക്ക് സുക്കർബർഗ്, ബിൽ ഗേറ്റ്‌സ്, സ്‌റ്റീവ് ബോൾമെർ, ലാറീ എലിസൺ, ബെർണാഡ് അർണോ എന്നിവരുടെ ആസ്‌തിയും കൊവിഡ് കാലത്ത് കുതിച്ചുയർന്നു. പ്രതിദിനം 130 കോടി ഡോളർ വീതമാണ് ആസ്‌തിയിലെ ശരാശരി വർദ്ധന; ഏകദേശം 9,650 കോടി രൂപ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, OXFAM, BILLIONARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360