SignIn
Kerala Kaumudi Online
Wednesday, 16 September 2026 7.03 PM IST

കോൺ. അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്- രാഹുലിനായി കേരള നേതാക്കൾ; തരൂർ മത്സരിക്കുന്നതിൽ എതിർപ്പ്

shashi-tharoor-rahul-gand

തിരുവനന്തപുരം: എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും നെഹ്റു കുടുംബത്തിനും ഒപ്പമേ നിൽക്കൂവെന്ന് കേരളത്തിലെ ഭൂരിപക്ഷം നേതാക്കളും വ്യക്തമാക്കിയത് മത്സരത്തിനൊരുങ്ങുന്ന ശശി തരൂരിന് തിരിച്ചടിയാകും. തരൂർ മത്സരിക്കുന്നതിനോട് എതിർപ്പുകൾ പരസ്യമായി തുടങ്ങി.

സംസ്ഥാന നേതാക്കളെ ഇരുട്ടിൽ നിറുത്തിയാണ് തരൂർ മത്സരനീക്കങ്ങൾ നടത്തിയതെന്ന മുറുമുറുപ്പുമുണ്ട്. കെ. മുരളീധരനും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെടെയുള്ള നേതാക്കൾ തരൂരിന്റെ സ്ഥാനാർത്ഥിത്വത്തോടുള്ള വിയോജിപ്പ് ഇന്നലെ പരസ്യമാക്കി. തരൂർ മത്സരിക്കുന്നതിനോട് തുടക്കത്തിൽ എതിർപ്പില്ലാതിരുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും നിലപാട് മാറ്റി. നെഹ്റു കുടുംബത്തിൽ നിന്നല്ലാതെ ഒരാൾ അദ്ധ്യക്ഷനാവുന്നത് കോൺഗ്രസിന് ദോഷമാകുമെന്ന ചിന്തയും ശക്തമാണ്.

അതേസമയം, തരൂർ അദ്ധ്യക്ഷനാവുന്നത് ഗുണകരമാകുമെന്ന് കരുതുന്ന ന്യൂനപക്ഷവും ഉണ്ടെന്നാണ് സൂചന. എന്നാൽ, രാഹുൽ ഗാന്ധി നേതൃസ്ഥാനത്തേക്ക് വരണമെന്ന് തരൂരും ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അതിനായി നാളുകളായി സമ്മർദ്ദം ചെലുത്തിയിട്ടും രാഹുൽ നിലപാടിലുറച്ച് നിന്നതിനാലാണ് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയെ കണ്ട് തരൂർ മത്സരാനുമതി തേടിയതെന്നാണ് വിവരം.

രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയിലായിരുന്ന എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ തിരഞ്ഞെടുപ്പ് ചർച്ചകൾക്കായി ഇന്നലെ സോണിയാഗാന്ധി ഡൽഹിക്ക് വിളിച്ചിരുന്നു.

രാഹുലിനായി പ്രമേയം

പാസാക്കിയേക്കും

വിവിധ സംസ്ഥാന പി.സി.സികളെ പിൻപറ്റി രാഹുൽ ഗാന്ധിയെ എ.ഐ.സി.സി അദ്ധ്യക്ഷസ്ഥാനത്തേക്ക് പിന്തുണയ്‌ക്കുന്ന പ്രമേയം പാസാക്കാനും കെ.പി.സി.സി ആലോചിക്കുന്നു. ഭാരത് ജോഡോ യാത്ര കേരളാതിർത്തി കടന്നാലുടൻ നേതൃയോഗം ചേർന്ന് പ്രമേയം പാസാക്കാനാണ് നീക്കം. കഴിഞ്ഞ ജനറൽബോഡി യോഗത്തിൽ പ്രമേയം പ്രതീക്ഷിച്ചിരുന്നു. കെ.പി.സി.സി പ്രമേയം പാസാക്കിയാൽ തരൂരിന് തിരിച്ചടിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHASHI THAROOR RAHUL GANDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA