
കോഴിക്കോട്: തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പേരിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ശാസിക്കാനെടുത്ത തീരുമാനം കേരളത്തിന് പുറത്തു നിന്ന് നിരീക്ഷകരായെത്തിയ പി.ബി അംഗങ്ങളുടേയും കേന്ദ്ര നേതാക്കളുടേയും കടുത്ത സമ്മർദ്ദത്തിൽ. തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത പ്രഹരത്തിൽ നിന്ന് കര കയറണമെങ്കിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള തിരുത്തലുകളില്ലാതെ പറ്റില്ലെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അതാണ് അസാധാരണ അച്ചടക്ക നടപടിയിലേക്കെത്തിച്ചത്.
ഇ.ഡി വേട്ട ഉയർത്തി വിമർശനങ്ങൾ നിന്ന് രക്ഷപ്പെടാനും തോൽവിയുടെ ആഘാതം ലളിതവത്കരിക്കാനുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ ശ്രമം. എന്നാൽ ചർച്ചയിൽ രൂക്ഷവിമർശനങ്ങൾ ഉയർന്നതോടെ കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശങ്ങളനുസരിക്കാൻ സംസ്ഥാന നേതൃത്വം നിർബന്ധിതരായി.സി.പി.എം സംഘടനാ രീതിയിൽ ആറു തരത്തിലുള്ള അച്ചടക്ക നടപടികളിൽ രണ്ടാമത്തേതാണ് ശാസന. ആദ്യം താക്കീതാണ്. പരസ്യ ശാസനയും പദവികളിൽ നിന്ന് നീക്കം ചെയ്യലും സസ്‌പെൻഷനും പുറത്താക്കലുമാണ് മറ്റ് കടുത്ത അച്ചടക്ക നടപടികൾ.
ചർച്ച വഴി മാറ്റാൻ സംസ്ഥാന നേതൃത്വം ശ്രമിക്കുമെന്ന് മുൻകൂട്ടിക്കണ്ടാണ് കേരളത്തിന് പുറത്തു നിന്നുള്ള 5 പൊളിറ്റ്ബ്യൂറോ അംഗങ്ങൾ മുഴുവൻ സമയവും വിപുലീകൃത സംസ്ഥാന സമിതിയിൽ പങ്കെടുത്തത്. കേരളത്തിലെ പാർട്ടി നേരിടുന്ന ഗുരുതര പ്രതിസന്ധികളെക്കുറിച്ച് ബോധ്യമുള്ള കേന്ദ്ര നേതൃത്വം ചർച്ചകൾക്ക് കൃത്യമായ ദിശ നിർണ്ണയിച്ചു. തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ പാർട്ടിയുടെ പ്രവർത്തനത്തിൽ അതൃപ്തിയുള്ളവരുമായി നേതൃത്വം ആശയ വിനിമയം നടത്തി.തിരഞ്ഞെടുപ്പ്, സംഘടനാ പ്രവർത്തനങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്നായിരുന്നു പ്രധാന ആക്ഷേപം. പാർട്ടി സജീവമായി തിരിച്ചു വരാൻ കാത്തിരിക്കുന്നവർക്ക് ഊർജ്ജം നൽകാൻ പുതിയ നേതൃത്വം ആവശ്യമാണെന്നും, സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ നേതൃ മാറ്റത്തിന് ഉചിതമായ സമയമല്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചു. സമിതിയിലെ ചർച്ചകൾക്ക് അനുസൃതമായി തീരുമാനമെടുക്കാമെന്ന് അവർക്ക് ഉറപ്പു നൽകി.
കണ്ണൂരിൽ നിന്നുള്ള പ്രതിനിധികളുടെ വിമർശനം സംസ്ഥാന നേതൃത്വത്തെ അമ്പരപ്പിച്ചു. തെറ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചു. സെക്രട്ടറിയെന്ന നിലയിലുള്ള വീഴ്ചകൾക്ക് പാർട്ടി നടപടി നേരിടണമെന്ന് കേന്ദ്ര നേതൃത്വം പറഞ്ഞപ്പോൾ, സംസ്ഥാന നേതൃത്വം എതിർത്തു. പി.ബി അംഗങ്ങളുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിൽ, പാർട്ടി നടപടി സ്വീകരിക്കാൻ എം.വി.ഗോവിന്ദൻ നിർബന്ധിതനായി.
തെറ്റ് തിരുത്തൽ എല്ലാ തലത്തിലും
എല്ലാ തലത്തിലുമുള്ള തെറ്റ് തിരുത്തലിന് പാർട്ടി തയാറാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിപുലീകൃത സംസ്ഥാനസമിതിയിൽ താനുൾപ്പെടെയുള്ളവർക്കു പറ്റിയ തെറ്റ് ചർച്ച ചെയ്തെന്നും ഗോവിന്ദൻ.
മൂന്നു മാസം കൂടുമ്പോൾ പാർട്ടിയുടെ പ്രവർത്തനം താഴെത്തട്ടു മുതൽ പരിശോധിക്കും. ആറു മാസം കൂടുമ്പോൾ എല്ലാ ഘടകങ്ങളിലെയും പ്രവർത്തനങ്ങൾ സംസ്ഥാന കമ്മിറ്റി അവലോകനം ചെയ്യും. പ്രവർത്തകരെ മാത്രമല്ല, കേരളത്തെയാകെ ബോദ്ധ്യപ്പെടുത്തുന്ന തീരുമാനങ്ങളും മാറ്റങ്ങളുമാകും പാർട്ടി നടപ്പാക്കുക. പരാജയത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും ഏറ്റെടുത്തിട്ടുണ്ട്. എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തിൽ മാറ്റമുണ്ടാകുമോയെന്നത് പിന്നീട് തീരുമാനിക്കേണ്ടതാണ്. സെക്രട്ടറിയെ പാർട്ടി ശാസിച്ചോ എന്ന ചോദ്യത്തിന് സംഘടനാപരമായ കാര്യങ്ങൾ നിങ്ങളോട് പറയേണ്ടതല്ലെന്നായിരുന്നു പ്രതികരണം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനുമെതിരേ ഇ.ഡി കള്ള പ്രചാരണം നടത്തുകയാണ്. ഇ ഡിക്കെതിരേ ബഹുജനങ്ങളെ അണിനിരത്തി അതിശക്തമായ പ്രചാരണം സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |