SignIn
Kerala Kaumudi Online
Saturday, 16 May 2026 9.08 AM IST

പതിനൊന്നുകാരനെ തട്ടിക്കൊണ്ടു പോയ സംഘം വാങ്ങിയത് മുപ്പത് ലക്ഷം, നോട്ടെണ്ണി തീരും മുൻപേ  യു പി പൊലീസിന്റെ എൻകൗണ്ടർ

up-police

നോയിഡ: ഗ്രേറ്റർ നോയിഡയിൽ പതിനൊന്നുകാരനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിനു നേരെ യു പി പൊലീസിന്റെ എൻകൗണ്ടർ. രണ്ടിടങ്ങളിലായി പൊലീസുമായി ഏറ്റുമുട്ടിയ സംഘത്തിലെ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർ പിടിയിലാവുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷനിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. യുപിയിലെ ലുക്സർ ഗ്രാമത്തിലുള്ള ഒരു കുടുംബത്തിലെ പതിനൊന്നുകാരനെയാണ് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികൾ തട്ടിക്കൊണ്ടുപോയത്.

കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയതായി ശനിയാഴ്ച രാവിലെയാണ് പൊലീസിന് വിവരം ലഭിച്ചത്. കുട്ടിയെ കാണാതായതായി വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ സംഘം വീട്ടുകാരോട് 30 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മേഖലയിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കി.

തിങ്കളാഴ്ച രാവിലെ ആറുമണിയോടെ കുടുംബം തട്ടിക്കൊണ്ട് പോയവർക്ക് അവർ ആവശ്യപ്പെട്ട തുക പറഞ്ഞയിടത്ത് എത്തിച്ചു. എന്നാൽ പണം നിറച്ച ബാഗ് ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട സംഘം കുട്ടി മറ്റൊരിടത്തുണ്ടെന്നും അവിടെ ചെന്ന് കൊണ്ടുപോകാനും ആവശ്യപ്പെട്ടു. ഇതെല്ലാം പൊലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. രാവിലെ ഏഴുമണിയോടെ കുട്ടി സുരക്ഷിതനായി വീട്ടിലെത്തിയ ശേഷമായിരുന്നു പൊലീസ് എൻകൗണ്ടറിലേക്ക് കടന്നത്.

റോഡിൽ വാഹനപരിശോധന ശക്തമാക്കിയ പൊലീസ് സംഘം ലുക്സാർ ഗ്രാമത്തിന് സമീപം മോട്ടോർ സൈക്കിളിൽ വന്നവരെ തടഞ്ഞപ്പോൾ ഇവർ പൊലീസിന് നേരെ നിറയൊഴിച്ചു. ഇതോടെ തിരിച്ചും ആക്രമണം ആരംഭിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ ഇരുവരെയും കീഴ്‌പ്പെടുത്തി ആശുപത്രിയിലാക്കി. ഇതിന് പിന്നാലെ സംഭവത്തിൽ ഉൾപ്പെട്ട മൂന്നാം പ്രതിയ്ക്കായി പൊലീസ് വലവിരിച്ചു. ഇതാണ് രണ്ടാമത്തെ ഏറ്റുമുട്ടലിൽ കലാശിച്ചത്.

മൂന്നാം പ്രതിയെ അണ്ടർപാസിന് സമീപത്തുവച്ചാണ് പൊലീസ് കുരുക്കിയത്. ഇയാളും പൊലീസിന് നേരെ നിറയൊഴിച്ചു. പൊലീസ് തിരിച്ചടിയിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു. മൂന്നാം പ്രതിയുടെ കൈവശം 29 ലക്ഷം രൂപയുണ്ടായിരുന്നു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘത്തെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കമ്മീഷണർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, ENCOUNTER, POLICE, UP, KIDNAPPING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY