
തിരുവനന്തപുരം: കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിക്ക്,ജയിലിന് പുറത്ത് ഒരു മാസത്തോളം ആയുർവേദ ചികിത്സ നൽകിയ സംഭവത്തിൽ ജയിൽ ഡി.ഐ.ജി റിപ്പോർട്ട് തേടി.
പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് ഡി.ഐ.ജി റിപ്പോർട്ട് തേടിയത്. ജയിൽ ഡി.ജി.പിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പോത്തൻകോട് റെജി കൊലക്കേസിലെ പ്രധാന പ്രതിയെയാണ് ആയുർവേദ കോളേജിലേക്ക് മാറ്റിയത്. ജയിൽ അധികൃതരുടെ ഒത്താശയോടെയാണ് പ്രതിക്ക് കർക്കടക ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭിച്ചതെന്നാണ് ആരോപണം. കാലിൽ നീരുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതിയെ ആയുർവേദ കോളേജിലേക്ക് മാറ്റിയതെന്നാണ് വിവരം. ചികിത്സ ആവശ്യമായ നിരവധി തടവുകാർ ജയിലിൽ കഴിയുമ്പോഴും അവർക്ക് ലഭിക്കാത്ത പ്രത്യേക പരിഗണനയാണ് ഇയാൾക്ക് ലഭിച്ചതെന്നും ആരോപണമുണ്ട്.
അടുത്തിടെ പൂജപ്പുര സെൻട്രൽ ജയിലിലെ ഹോമിയോ ഡിസ്പെൻസറിയിൽനിന്ന് തടവുകാരിൽനിന്ന് മൊബൈൽ ഫോൺ പിടികൂടിയിരുന്നു. ഈ സംഭവത്തിൽ പിടികൂടിയ സംഘത്തിൽ ആയുർവേദ ചികിത്സയിൽ കഴിയുന്ന പ്രതിയും ഉൾപ്പെട്ടിരുന്നതായാണ് വിവരം. അന്ന് വലിയ സുരക്ഷാവീഴ്ചയുണ്ടായതായി വിവാദമായെങ്കിലും തുടർനടപടികൾ അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണവും ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് പ്രതിക്ക് ജയിലിന് പുറത്തായി ചികിത്സാ സൗകര്യം ലഭിച്ചതെന്നാണ് ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |