
കൊച്ചി: അന്തർസംസ്ഥാന അവയവക്കച്ചവട കേസിലെ ഒന്നാം പ്രതി എറണാകുളം സ്വദേശി മുഹമ്മദ് നജീബ് കല്ലത്രയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവക്കച്ചവടം നടത്തുന്ന സംഘത്തിന്റെ ഭാഗമാണ് ഹർജിക്കാരനെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നടപടി. കുന്നത്തുനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഹർജിക്കാരൻ.
അവയവക്കച്ചവടം മാനവികതയ്‌ക്കെതിരായ ഗുരുതര കുറ്റകൃത്യമാണെന്ന് കോടതി പറഞ്ഞു. അവയവദാനത്തിനായുള്ള ഓതറൈസേഷൻ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കാനായി എം.പി, എം.എൽ.എമാർ അടക്കമുള്ളവരുടെ വ്യാജ ലെറ്റർപാഡുകൾ, സീലുകൾ, ഒപ്പുകൾ എന്നിവയെല്ലാം സംഘം നിർമ്മിച്ച് ഹാജരാക്കിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സമൂഹത്തിന് മെഡിക്കൽ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടമാകാൻ ഇത് ഇടയാക്കും.
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്. കേസിലെ മറ്റ് ഗൂഢാലോചനക്കാരെയും സാമ്പത്തിക ഗുണഭോക്താക്കളെയും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |