നല്ല കഥാപാത്രത്തിനുവേണ്ടി ആൽഫി പഞ്ഞിക്കാരൻ കാത്തുനിന്നു. ആ കാത്തിരിപ്പിനൊടുവിൽ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വിജയം സമ്മാനിച്ച് മാളികപ്പുറം യാത്ര തുടരുന്നു. അങ്കമാലിയിൽനിന്ന് സിനിമയിലേക്ക് ടിക്കറ്റെടുത്ത ആൽഫി മനസ് തുറന്നു സംസാരിച്ചു.
ശരീരഭാരം കൂട്ടി
മാളികപ്പുറത്തിന്റെ കഥ കേട്ടപ്പോൾത്തന്നെ കഥാപാത്രത്തിനുവേണ്ടി എന്തെങ്കിലും മാറ്റം വരുത്തണമെന്ന് വിചാരിച്ചു. അഞ്ചുകിലോ ശരീരഭാരം കൂട്ടി. സിനിമയിലെ ആദ്യ അമ്മ വേഷം . അതും എട്ടു വയസുകാരിയുടെ അമ്മ. അപ്പോൾ അതിനനുസരിച്ചുള്ള ശാരീരിക വ്യത്യാസം വേണമല്ലോ.മേക്കപ്പിലും കോസ്റ്റ്യൂമിലും മാറ്റം കൊണ്ടുവരാൻ അവർ ശ്രമം നടത്തിയത് വിജയിച്ചു. നെഞ്ച് നോവിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളുള്ള സീനുകൾ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.കല്ലുവിനെ അവതരിപ്പിച്ച ദേവനന്ദയെയും എന്നെയും കണ്ടാൽ യഥാർത്ഥ അമ്മയും മകളുമാണെന്ന് ആളുകൾ കരുതി. ലൊക്കേഷനിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു.അതെല്ലാം സൗമ്യയെയും കല്ലുവിനെയും മികച്ച രീതിയിൽ അവതരിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് കരുതുന്നു. കല്ലുവിന്റെ അമ്മയായി ഇപ്പോൾ അറിയപ്പെടുന്നു. മികച്ച വിജയം നേടുന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ഇതിലും വലിയ സന്തോഷമില്ല.
ഇനിയും കാത്തിരിക്കും
അഞ്ചുവർഷം മുൻപാണ് ശിക്കാരി ശംഭുവിൽ നായികമാരിൽ ഒരാളായി അഭിനയിക്കുന്നത്. അതിനുശേഷം സൺഡേ ഹോളിഡേയിൽ ആസിഫ് അലിയുടെ സഹോദരി വേഷം. വള്ളിക്കുടിലിലെ വെള്ളക്കാരൻ ആണ് അടുത്ത സിനിമ. ഇളയരാജ കഴിഞ്ഞപ്പോൾ സിനിമ കുറഞ്ഞു. മാർക്കോണി മത്തായിക്കുശേഷം കൊവിഡ് കാലം. അതു കഴിഞ്ഞു സിഗ്നേച്ചർ. ഇപ്പോൾ മാളികപ്പുറം. എത്രനാൾ കാത്തിരുന്നാലും സിനിമ ചെയ്യുമെന്ന് അറിയാമായിരുന്നു. അടുത്ത സിനിമയ്ക്ക് ഇടവേള വന്നാലും കാത്തിരിക്കും. മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് മാളികപ്പുറത്തിൽ അഭിനയിക്കുന്നത്. ഓഡിഷനു ഇപ്പോഴും പോകാറുണ്ട്. ബംഗ്ളൂരുവിൽ സോഫ്ട് വെയർ എൻജിനിയറാണ് . സിനിമ ജീവിതത്തിന്റെ ഭാഗമായതിനാൽ ഒരിക്കലും ഉപേക്ഷിക്കില്ല. അത്രമാത്രം സംതൃപ്തിയോടെയാണ് സമീപിക്കുന്നത് .
അവസരങ്ങൾ ചോദിക്കും
നല്ല സിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചു,പ്രാർത്ഥിച്ചു. അതിന്റെ ഗുണം ലഭിച്ചെന്ന്കരുതുന്നു.അടുത്തു പരിചയം ഉള്ളവരോട് അവസരങ്ങൾ ചോദിക്കാറുണ്ട്. നിർമ്മാതാവ് ആന്റോ ജോസഫിനോടും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയോടും അവസരം ചോദിച്ചിരുന്നു.കഥാപാത്രത്തിന് ഞാൻ അനുയോജ്യയാണെന്ന് അവർക്ക് ബോദ്ധ്യമായതു കൊണ്ടാകാം എനിക്ക് തന്നത്. ഞാൻ ചോദിച്ചു വാങ്ങിയ കഥാപാത്രമാണ് സൗമ്യ. നമുക്ക് കോടതിയിൽ കാണാം എന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ളയുടെ നായിക യായി അഭിനയിച്ചു. മാർച്ചിൽ റിലീസ് ചെയ്യും. പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുന്നു. വൈകാതെ പ്രതീക്ഷിക്കാം. സിനിമയുടെ ഓരത്ത് പുതിയ പ്രതീക്ഷകളുമായി ഞാൻ ഉണ്ടാകും. ഇപ്പോഴും മാളികപ്പുറം തിയേറ്ററിലുണ്ട്. അത് മറ്റൊരു സന്തോഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |