SignIn
Kerala Kaumudi Online
Thursday, 10 September 2026 1.35 PM IST

ക്രൂഡ് വില കുതിക്കുന്നു; എൽപിജിക്ക് 'പണി' കിട്ടുമോ? ഡീസൽ വിൽക്കുന്നത് 23 രൂപയുടെ നഷ്ടത്തിൽ

crude-oil
പ്രതീകാത്മക ചിത്രം

കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളർ കവിഞ്ഞതോടെ എണ്ണക്കമ്പനികൾ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസൽ ലിറ്ററിന് 23 രൂപയും നഷ്ടത്തിലാണ് കമ്പനികൾ വിൽക്കുന്നത്. സെപ്തംബർ മാസത്തെ ശരാശരി വിലയുടെ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോഴാണ് ഇത്രയും നഷ്ടം സംഭവിക്കുന്നത്. ഇതോടൊപ്പം പാചകവാതക സിലിണ്ടറുകൾക്ക് നിലവിൽ 200 രൂപയുടെ അധിക ബാദ്ധ്യതയാണ് നേരിടുന്നത്.

ഇറാന്റെ എണ്ണടാങ്കറുകൾക്ക് നേരെ അമേരിക്ക ആക്രമണം കടുപ്പിച്ചതും ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുമെന്ന ആശങ്കയുമാണ് ക്രൂഡ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ജൂലായ് മാസത്തിന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് നൂറ് ഡോളർ കടക്കുന്നത്. തിരിച്ചടിയുടെ ഭാഗമായി ജോർദാനിൽ അടക്കമുള്ള അമേരിക്കയുടെ താവളങ്ങൾ ഇറാൻ ആക്രമിച്ചു. കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ലോകമൊട്ടാകെയുള്ള എണ്ണ നീക്കത്തെ പ്രതികൂലമായി ബാധിച്ചേക്കും.

ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 2.88 ഡോളർ വർദ്ധിച്ച് ഇന്നലെ 100.8 ഡോളറിന് അടുത്തെത്തി. അമേരിക്കയിലെ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 95.7 ഡോളറായി. ഫെബ്രുവരിയിൽ ഇറാൻ യുദ്ധം തുടങ്ങിയതിനു ശേഷം ഏപ്രിൽ 30ന് എണ്ണ വില ബാരലിന് 126.41 ഡോളർ വരെ ഉയർന്നിരുന്നു. ഇന്ധന വില വർദ്ധനയുടെ പ്രത്യാഘാതം ഗതാഗതം, ഉത്പാദനം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലേക്കും വ്യാപിക്കും. എണ്ണ നേരിട്ട് ഉപയോഗിക്കുന്ന വ്യോമയാനം, ഗതാഗതം, പെയിന്റ്, രാസവളം, പ്ളാസ്റ്റിക്, വാഹന നിർമ്മാണം തുടങ്ങിയ മേഖലകളിലാകും ആദ്യം ആഘാതം ദൃശ്യമാകുന്നത്. അസംസ്‌കൃത സാധനങ്ങളുടെയും ഗതാഗതത്തിന്റെയും ചെലവ് കൂടിയാൽ കമ്പനികളുടെ ലാഭമാർജിൻ ഇടിയും.

English Summary

International crude oil prices surpassing $100 per barrel are creating significant challenges for oil companies, resulting in losses of ₹5 per litre on petrol and ₹23 per litre on diesel. Escalating geopolitical tensions, including US actions against Iranian oil tankers, are driving this surge. The price hike is anticipated to impact sectors like transport, manufacturing, and logistics, potentially reducing profit margins.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUDE OIL PRICE, LPG PRICE INDIA, DIESEL LOSS, FUEL PRICE KERALA, CRUDE OIL RISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360