SignIn
Kerala Kaumudi Online
Saturday, 21 March 2026 4.26 PM IST

ആര് അണയ്ക്കും എണ്ണയിലെ തീ?​

Increase Font Size Decrease Font Size Print Page
s

വെള്ളത്തെക്കാൾ കട്ടിയുള്ളതാണ് രക്തമെന്നാണ് പഴഞ്ചൊല്ല്. എന്നാൽ, ഇന്നത്തെ ലോകത്ത് എണ്ണയ്ക്ക് രക്തത്തേക്കാൾ കട്ടിയുണ്ടെന്ന വസ്തുത തിരിച്ചറിഞ്ഞ് അതിനെ ഉഗ്ര പ്രഹരശേഷിയുള്ള സാമ്പത്തിക ആയുധവും നയതന്ത്ര വിലപേശലിനുള്ള ഉപകരണവുമായി ഇറാൻ വിന്യസിക്കുന്നതിനാലാണ് പശ്ചിമേഷ്യയിലെ യുദ്ധം നാലാം കാലത്തിലേക്ക് നീളുന്നതും, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ 'കട്ടയ്ക്ക്" പിടിച്ചുനിൽക്കാൻ ആ രാജ്യത്തിന് കഴിയുന്നതും.

ഇറാനെതിരായുള്ള ആക്രമണത്തിന്റെ ഒന്നാം ദിനംതന്നെ അവിടത്തെ പരമോന്നത നേതാവിനെ വധിക്കാനായതിനാൽ തുടക്കത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ യുദ്ധത്തെ ഒരു 'ഹ്രസ്വകാല വിനോദയാത്ര"യായി വിശേഷിപ്പിച്ചിരുന്നു. പടനായകൻ വീണിട്ടും ഭരണകൂടം നിലനിർത്താനും വർദ്ധിതവീര്യത്തോടെ പ്രത്യാക്രമണങ്ങൾ തുടരാനും ഇറാനു കഴിഞ്ഞത്,​ അതിനുള്ള തന്ത്രങ്ങളും അട്ടിഅട്ടിയായുള്ള അഭ്യാസമുറകളും വളരെ നേരത്തേ തന്നെ മെനഞ്ഞു വച്ചിരുന്നതുകൊണ്ടാണ്. എന്നാൽ ഇക്കാര്യം അമേരിക്കയുടെയും ഇസ്രയേലിന്റെയും ചാരക്കണ്ണുകൾ കാണാതെ പോയിരുന്നു.

വില കൂടിയ

ടാർഗറ്റ്

യുദ്ധ സന്നാഹങ്ങളിലെ വൻശക്തികളായ അമേരിക്കയെയും ഇസ്രയേലിനെയും നേരിടാനുള്ള മുഖ്യ മാർഗം സൈനികമല്ലെന്നു തിരിച്ചറിഞ്ഞ്,​ സംഘർഷം പരമാവധി നീട്ടിക്കൊണ്ടുപോയി അമേരിക്കയുടെ സഹനശക്തിക്കു മേൽ കനത്ത ആഘാതമേൽപ്പിക്കാനായിരുന്നു ഇറാന്റെ നീക്കങ്ങൾ. ഒരു വഴിക്ക് ഡ്രോൺ, മിസൈൽ തുടങ്ങിയവയിലൂടെ ശത്രുക്കളെയും ഗൾഫിലെ കൂട്ടുരാജ്യങ്ങളെയും അവരുടെ ആസ്തികളെയും ആക്രമിക്കുകയും, മറുവഴിക്ക് ലോകത്തിന് കെടുതികൾ വിതയ്ക്കും വിധത്തിൽ യുദ്ധത്തിന്റെ ടാർഗറ്റ് എണ്ണയിലേക്ക് കേന്ദ്രീകരിക്കാനുമാണ് ഇറാൻ ശ്രമിച്ചത്. എളുപ്പം തീപടർത്താവുന്ന എണ്ണയെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ അമേരിക്കയെ സാമ്പത്തികമായും രാഷ്ട്രീയമായും സമ്മർദ്ദത്തിലാക്കുമെന്നും അവർ മനസിലാക്കിയിരുന്നു.

എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സുപ്രധാന കടത്തു കവാടമായ ഹോർമുസ് കടലിടുക്ക് അടയ്ക്കുക വഴി ഇറാൻ ഏറ്റവും വലിയ പോർമുഖം തുറന്നു. ഇടുങ്ങിയ ഈ സഞ്ചാരപാതയിലെ തടസം ലോകത്തിനെമ്പാടും കഷ്ടം വിതച്ചെങ്കിലും, അത് അമേരിക്കയുടെ ശ്വാസം മുട്ടിക്കുന്ന ഏർപ്പാടായിപ്പോയി. എണ്ണയുടെ കച്ചവടം താറുമാറാകുന്നതും, വില ഉയരുന്നതും ലോകത്തെയാകെ ബാധിക്കുന്നതാണെങ്കിലും, അത് ഏറ്റവും കൂടുതൽ ക്ഷതമേല്പിക്കുന്ന പ്രദേശങ്ങളിലൊന്ന് അമേരിക്കയാണ്!

പെട്രോ ഡോളർ

എന്ന ഗർവ്

ഒന്നാമത്തെ കാര്യം,​ ലോക എണ്ണ വ്യാപാരത്തിന്റെ അറുപതു ശതമാനത്തോളവും നടക്കുന്നത് ഡോളറിലൂടെയാണ്. ഈ വരുമാനത്തിന്റെ സിംഹഭാഗവും നിക്ഷേപിക്കപ്പെടുന്നത് അമേരിക്കയിൽത്തന്നെയാണ്. അമേരിക്കയുടെ ധനപരമായ ഔന്നത്യത്തിന് ഊർജ്ജം പകരുന്ന ഒരു പ്രധാന സ്രോതസ് 'പെട്രോ ഡോളർ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വിഭവം തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യവും, അതിന്റെ കയറ്റുമതിയിലെ ആദ്യ മൂന്ന് രാജ്യങ്ങളിലൊന്നുമാണ് അമേരിക്കയെങ്കിലും ലോകത്ത് എണ്ണ വില വർദ്ധിക്കുമ്പോൾ അതിന്റെ ഭാരം അമേരിക്കൻ ജനതയ്ക്കു മേലും പതിക്കുന്നുവെന്നത് വിരോധസത്യമാകുന്നു.

കഴിഞ്ഞ മാസം അവസാനം ഒരു ഗ്യാലൻ പെട്രോളിന്റെ വില 2.92 ഡോളർ ആയിരുന്നു. ഇപ്പോഴത് 3.72 ഡോളറായി ഉയർന്നിരിക്കുന്നു. ധാരാളിത്തത്തിനു നടുവിലെ ഈ വിലക്കയറ്റത്തിന് കാരണം അമേരിക്കയിൽ ഉത്പാദിപ്പിക്കുന്ന ക്രൂഡോയിലിന്റെ പ്രത്യേകത തന്നെയാണ്. അമേരിക്കൻ ക്രൂഡ് കനം കുറഞ്ഞതും, സംസ്കരിച്ചെടുക്കാൻ എളുപ്പമേറിയതുമായ ഇനത്തിൽപ്പെട്ടതാണ്. എന്നാൽ അവിടത്തെ എണ്ണ സംസ്കരണ ശാലകളിൽ മിക്കതും ഇത്തരം ക്രൂഡ് ഓയിൽ പ്രോസസ് ചെയ്യാൻ പാകത്തിലല്ല! കഠിനവും ഗുണനിലവാരം കുറഞ്ഞതുമായ അസംസ്കൃത എണ്ണ പെട്രോളിയമായി മാറ്റാനുള്ള സംവിധാനങ്ങളാണ് കൂടുതലായും യു.എസിലുള്ളത്.

അതുകൊണ്ടുതന്നെ അമേരിക്കൻ ക്രൂഡിന്റെ നല്ലൊരു പങ്ക് കയറ്റി അയയ്ക്കുകയും, കഠിന നിലവാരത്തിലുള്ള ക്രൂഡ് ഇറക്കുമതി ചെയ്യുകയുമാണ് അവർ ചെയ്യുന്നത്. സ്വാഭാവികമായും,​ ഉയർന്ന ഇറക്കുമതിച്ചെലവ് വിലയിലും പ്രതിഫലിക്കുന്നു. ലോകത്ത് അമേരിക്കയും ചൈനയും തമ്മിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മേഖലയിലെ മേധാവിത്വത്തിനായി നടക്കുന്ന യുദ്ധത്തിലും, അതിന്റെ ഒരു പ്രധാന ഊർജ്ജ സ്രോതസും എണ്ണയാണ്. ഇതിനാലും എണ്ണ അമേരിക്കയ്ക്ക് സർവധനാൽ പ്രധാനമാകുന്നു. ഇപ്പോഴത്തെ എണ്ണ വില വർദ്ധനവിനു കാരണം യുദ്ധമായതിനാൽ അതിന് തുടക്കം കുറിച്ച അമേരിക്കയുടെ മേൽ വലിയ അന്താരാഷ്ട്ര സമ്മർദ്ദം ഉണ്ടാകുമെന്നും ഇറാൻ കണക്കുകൂട്ടുന്നു.

കൈവിട്ട കളിക്ക്

അറുതി വേണം

ഏറ്റവും ഒടുവിൽ ഇപ്പോൾ അമേരിക്കയും എണ്ണയെ ആയുധമാക്കി ഇറാനെ നേരിടാനുള്ള ഒരുക്കത്തിലാണ്. ഇറാൻ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ 90 ശതമാനവും സംഭരിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്യുന്ന കാർഗ് ദ്വീപിലെ സൈനിക താവളങ്ങൾക്കു നേരെ വലിയ ആക്രമണമാണ് അമേരിക്ക നടത്തിയത്. ഇതുകൊണ്ട് പഠിച്ചില്ലെങ്കിൽ അവിടത്തെ എണ്ണസംഭരണവും തകർക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി. അങ്ങനെ വന്നാൽ അമേരിക്കയുടെ ഗൾഫിലെ സുഹൃദ് കക്ഷികളുടെ എണ്ണ സൗകര്യങ്ങളെ തിരിച്ചാക്രമിക്കുമെന്നാണ് ഇറാന്റെ മറു ഭീഷണി.

ചുരുക്കത്തിൽ കൈവിട്ട കളികൾക്കാണ് എല്ലാവരും മുതിരുന്നത്. അതുകൊണ്ടുതന്നെ യുദ്ധത്തിലെ മൂന്ന് കക്ഷികളുമായി നല്ല ബന്ധമുള്ള ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ നയതന്ത്ര മാർഗങ്ങളിലൂടെ എണ്ണയിലെ തീ അണയ്ക്കാൻ അടിയന്തരമായി ശ്രമിക്കേണ്ടതുണ്ട്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.