SignIn
Kerala Kaumudi Online
Saturday, 21 March 2026 12.32 PM IST

സാദര സ്മരണകൾ

Increase Font Size Decrease Font Size Print Page
s

'വാഗർത്ഥാവിവ സംപൃക്തൗ" എന്ന കാവ്യഭാഗമാണ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് വാമദേവൻ സാറിനെയും പ്രൊഫ. രത്‌നമ്മയെയും ഓർക്കുമ്പോൾ മനസിൽ ഓടിയെത്തുന്നത്. ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (ഡി.എൽ.എ) പ്രവർത്തനങ്ങളുമായി ഇടപഴകുന്ന കാലം മുതൽക്കാണ് ഈ രണ്ട് വ്യക്തിത്വങ്ങളെ എനിക്ക് പരിചയം. 1971 തൊട്ട് ഡി.എൽ.എ എനിക്ക് അന്യമല്ലെങ്കിലും അടുത്ത ബന്ധം തുടങ്ങുന്നത് രണ്ടായിരാമാണ്ടിലാണ്. ഔദ്യോഗിക സ്ഥാനമാനങ്ങളിലൂടെ അത് ദൃഢമായത് 2006 ഏപ്രിൽ മുതൽക്കും.

സർക്കാർ കോളേജ് സർവീസിൽ നിന്ന് ഞാൻ പെൻഷൻ പറ്റിയത് 2006-ലാണ്. വാമദേവൻ സാറ് ഡി.എൽ.എയുടെയും ഇന്റർനാഷണൽ സ്കൂൾ ഒഫ് ദ്രവീഡിയൻ ലിംഗ്വിസ്റ്റിക്സിന്റെയും ലീഗൽ അഡ്വൈസറായിരുന്നു. ഈ രണ്ടിന്റെയും ജീവാത്മാവും പരമാത്മാവുമായിരുന്ന പ്രൊഫ. ഡോ. വി.ഐ. സുബ്രഹ്മണ്യത്തിന്റെ വിശ്വസ്തനായ സുഹൃത്തും ഉപദേശകനും ആയിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വാമദേവൻ. മുമ്പേതന്നെ എനിക്ക് പരിചയമുള്ള പ്രൊഫ. രത്‌നമ്മയുടെ ഭർത്താവാണ് വാമദേവൻസാർ എന്ന് ഞാനറിയുന്നത് ഡി.എൽ.എയുമായുള്ള ബന്ധത്തിലൂടെയാണ്.

ശാന്തപ്രകൃതിയും മിതഭാഷിയും വിനയത്തിന്റെ ആൾരൂപവും ശ്രീനാരായണ ഭക്തനും ആയിരുന്ന വാമദേവൻ സാറിനെ എനിക്കിഷ്ടമായിരുന്നു. അദ്ദേഹമുള്ള മീറ്റിംഗുകളിൽ ഞാൻ സൂക്ഷിച്ചേ സംസാരിച്ചിരുന്നുള്ളൂ. സഹധർമ്മിണിയായ പ്രൊഫ. രത്‌നമ്മയുടെ ഭാഷാ ഗവേഷണങ്ങളിൽ അദ്ദേഹം സർവാത്മനാ സഹകരിച്ചിരുന്നതായി എനിക്കറിയാം. ടീച്ചറിന്റെ ഇംഗ്ളീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങൾ കെട്ടിലും മട്ടിലും സുസജ്ജമാക്കുന്നതിൽ വാമദേവൻ സാറിന്റെ സഹായം അനല്പമായിരുന്നു.

ഞാനും രത്‌നമ്മ ടീച്ചറും ഒരേ സർവീസിലെ അംഗങ്ങൾ ആയിരുന്നു. ഡോ. വി.ഐ. സുബ്രഹ്മണ്യത്തിന്റെ മേൽനോട്ടത്തിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരുന്നവരായിരുന്നു ഞങ്ങൾ ഇരുവരും. തന്മൂലം പരസ്പരം അറിയുന്നതിനുള്ള അവസരങ്ങൾ ധാരാളം ഉണ്ടായി. പ്രാചീന മണിപ്രവാള കൃതികളായ ശ്രീവാസുദേവസ്തവവും അനന്തപുരവർണനവും ആസ്പദമാക്കിയുള്ള വിവരണാത്മക വ്യാകരണമായിരുന്നു ടീച്ചറുടെ ഗവേഷണ വിഷയം. വർത്തമാനകാല പ്രത്യയങ്ങളുടെ അടിസ്ഥാനത്തിൽ ക്രിയാവിഭജനം, ദ്രാവിഡ പദങ്ങളുടെ പുനർനിർമ്മാണം എന്നിവ ടീച്ചറിന്റെ ഗവേഷണ പ്രബന്ധത്തിലെ എടുത്തു പറയേണ്ട സവിശേഷതയാണ്.

ഗവേഷണാനന്തരം അനന്തപുരവർണ്ണനം വ്യാഖ്യാനിക്കുന്നതിലും ടീച്ചർ ശ്രദ്ധ ചെലുത്തി. ഡെപ്യൂട്ടി ഡയറക്ടറായി കോളേജ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച ശേഷം 'മലയാള ഭാഷാ ചരിത്രം എഴുത്തച്ഛൻവരെ", Early Inscriptional Malayalam എന്നീ കൃതികൾ പ്രൊഫ. രത്‌നമ്മ രചിച്ചു. സർവീസിൽ ഉണ്ടായിരുന്ന കാലത്തുതന്നെ ഗവേഷണ പ്രബന്ധം 'A Linguistic Study of early Malayalam" എന്ന പേരിൽ ടീച്ചർ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഓരോ നൂറ്റാണ്ടിലെയും ഭാഷയുടെ സ്വരൂപം വിശദമായി പരിശോധിച്ചിട്ടുള്ള ഗ്രന്ഥമാണ് 'ഭാഷാചരിത്രം എഴുത്തച്ഛൻ വരെ," വർണ്ണമാല, സന്ധി, നാമം, ലിംഗം, വചനം വിഭക്തി, സർവനാമങ്ങൾ, ക്രിയ, കാലപ്രത്യയങ്ങൾ വിനയച്ചങ്ങൾ, നിഷേധം, അവ്യയങ്ങൾ, വാക്യഘടന എന്നിവ വിശദീകരിച്ചുള്ള ആഖ്യാനമാണ് ഭാഷാചരിത്രത്തിലും പ്രാചീന ലിഖിത പഠനത്തിലും പ്രൊഫ. കെ. രത്‌നമ്മ സ്വീകരിച്ചത്. ഭാഷാഗവേഷണത്തിനിടയിൽ ശ്രീനാരായണ ഗുരുവിന്റെ സ്തോത്രങ്ങൾ വ്യാഖ്യാനിക്കുന്നതിനും ടീച്ചർ സമയം കണ്ടിരുന്നു.

അങ്ങനെ ആ മാതൃകാ ദമ്പതികളുടെ മരണം ഒന്നര ദശാബ്ദത്തിന്റെ വ്യത്യാസത്തിൽ ഒരേദിവസംതന്നെ സംഭവിച്ചു. 2010 മാർച്ച് 20ന് വാമദേവൻ സാറും 2025 മാർച്ച് 20ന് പ്രൊഫ. രത്‌നമ്മയും കാലയവനിക പൂകി. എത്ര യാദൃച്ഛികം! തിരുവനന്തപുരത്ത്,​ പേട്ടയിലെ അക്ഷരവീഥിയെ ധന്യമാക്കിയ പുണ്യാത്മാക്കളായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് വാമദേവനും ഭാഷാഗവേഷക പ്രൊഫ. കെ. രത്‌നമ്മയും. പരസ്പരപൂരകമായിരുന്ന ആ ജീവിതം ഉർണർത്തുന്ന സാദരസ്മരണകൾക്ക് പ്രണാമം.

(ലേഖകന്റെ ഫോൺ: 94463 28581)​

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.