SignIn
Kerala Kaumudi Online
Saturday, 21 March 2026 12.32 PM IST

വിജയനും ബ്രഹ്മഗിരിയും  ഇടത് വലത് മുന്നണികളും

Increase Font Size Decrease Font Size Print Page
s

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികൾ രംഗത്ത് വരുന്നത് സ്വാഭാവികം. എന്നാൽ സ്വന്തം മുന്നണിയിലെ ആളുകൾ തന്നെ ആരോപണവുമായി രംഗത്ത് ഇറങ്ങുന്നത് വളരെ വിരളമാണ്. ഇങ്ങനെ രംഗപ്രവേശം ചെയ്യുന്നവർ ഒന്നുകിൽ സ്ഥാനം കിട്ടുമെന്ന് കരുതിയിരുന്നവർ. അത് കിട്ടാതെ വരുമ്പോഴുണ്ടാകുന്ന വിദ്വേഷവും അസൂയയിൽ നിന്നുമുള്ള പ്രതിഫലനവും. അതുമല്ലെങ്കിൽ തിരഞ്ഞെടുപ്പ് കാലത്ത് വിലപേശി കാര്യം സാധിച്ചെടുക്കാമെന്ന് കരുതിയുള്ള നീക്കവും പടലപ്പിണക്കവും. ഇത് രണ്ടുമാണ് പലപ്പോഴും സ്വന്തം മുന്നണിയിലെ സ്ഥാനാർത്ഥിക്കെതിരെ തിരിഞ്ഞുകൊത്താറുള്ളത്. എന്നാൽ, സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ ഇരുമുന്നണികൾക്കുമെതിരെ ഉയർന്നിരിക്കുന്നത് ഇതിൽ നിന്നെല്ലാം ഭിന്നമായ കാര്യമാണ്.

യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഉയർന്നിരിക്കുന്നത് മുൻ ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റേയും മകന്റേയും ആത്മഹത്യയിലേയ്ക്ക് നയിച്ച കാര്യങ്ങളാണ്. അതേ സമയം എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഉയർന്നത് സി.പി.എം ഭരിക്കുന്ന ബ്രഹ്മഗിരി സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവരുടെ പ്രശ്നമാണ്. ഇതിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് ബന്ധമില്ലെങ്കിലും പാർട്ടിക്കെതിരെയുള്ള ആരോപണമാണ് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ തിരിയുന്നത്.

എൻ.എം. വിജയന്റെ കുടുംബത്തോട് ചെയ്തത്

കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ ജോലി വാഗ്ദ്ധാനം ചെയ്ത് മുൻ വയനാട് ഡി.സി.സി ട്രഷററായ എൻ.എം. വിജയനെ മദ്ധ്യസ്ഥനാക്കിക്കൊണ്ട് കോൺഗ്രസ് നേതാക്കൾ പണം വാങ്ങി. എന്നാൽ ജോലി നൽകാൻ കഴിയാതെ വന്നതോടെ പലരും വിജയനോട് പണം തിരികെ ആവശ്യപ്പെട്ടു. പണം നൽകുന്ന കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ കൈമലർത്തിയതോടെയാണ് വിജയൻ മകനോടൊപ്പം ആത്മഹത്യ ചെയ്തത്. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് വിജയൻ എഴുതിയതായി പറയപ്പെടുന്ന ആത്മഹത്യാകുറിപ്പ് അടക്കമുള്ള കത്തുകൾ വിജയന്റെ മകനും മരുമകളും ചേർന്ന് പുറത്തറിയിച്ചതോടെയാണ് കോൺഗ്രസിന്റെ പല നേതാക്കളും വെട്ടിലായത്. കോൺഗ്രസിന് വേണ്ടിയാണ് തന്റെ വസ്തുവകകൾ പോലും വിജയൻ പണയം വെച്ച് പണം നൽകിയതെന്ന് മകനും മരുമകളും വ്യക്തമാക്കിയതോടെ പ്രശ്നം ആളിക്കത്തി. കോൺഗ്രസ് നേതൃത്വം ഇടപ്പെട്ട് പണം നൽകുകയും ബാങ്കിൽ പണയം വെച്ച വസ്തുവിന്റെ പട്ടയം തിരികെ എടുത്തു നൽകുകയും ചെയ്തു. അതിനിടെ പല വ്യവസ്ഥകളും കോൺഗ്രസ് നേതൃത്വവുമായി ഉണ്ടാക്കിയതായി മകൻ വിജേഷും മരുമകൾ പത്മജയും പറ‌ഞ്ഞു. അവസാനമായി പ്രിയങ്കാഗാന്ധി എം.പി വന്നപ്പോൾ പറഞ്ഞ കാര്യവും പാലിച്ചില്ലെന്നും എം.പി വിജയന്റെ കുടുംബത്തോട് നീതി പുലർത്തിയില്ലെന്നും ആരോപിച്ചാണ് ഇവർ കഴിഞ്ഞ ദിവസം ഒരു കുറിപ്പ് ഇറക്കുകയും മാദ്ധ്യമപ്രവർത്തകരെ കാണുകയും ചെയ്തത്.

വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായവരെ കോൺഗ്രസിൽ നിന്ന് മാറ്റി നിർത്തുമെന്ന് പ്രിയങ്കാഗാന്ധി ഉറപ്പ് നൽകിയിരുന്നുവെന്നും അതാണ് ലംഘിക്കപ്പെട്ടതെന്നും പറഞ്ഞാണ് മാദ്ധ്യമങ്ങളെ കണ്ടത്. ഇതോടെ തണുത്ത് കിടന്നിരുന്ന വിജയന്റെ മരണം വീണ്ടും ചൂട് പിടിച്ചു. നേരത്തെ ഇടതുപക്ഷത്തുണ്ടായിരുന്ന നേതാവ് സീറ്റ് കിട്ടാത്തതിനെ തുടർന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസിലേയ്ക്ക് ചേക്കേറി. ഇയാളെ ഇത്തവണ യു.ഡി.എഫ്.സ്ഥാനാർത്ഥിയാക്കുമെന്ന് കണ്ട് കരുക്കൾ നീക്കിയെങ്കിലും നടന്നില്ല. അയാൾ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിൽ നിന്നുള്ളവർക്ക് സീറ്റ് നൽകണമെന്ന ആവശ്യം ഉന്നയിച്ചങ്കിലും നേതൃത്വം അംഗീകരിച്ചില്ല. ഇതോടെ പരസ്യമായും രഹസ്യമായും യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

തുടർച്ചയായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഹാട്രിക് വിജയം നേടുകയും നിലവിൽ എം.എൽ.എയുമായ ഐ.സി. ബാലകൃഷ്ണനാണ് കോൺഗ്രസ് സ്ഥാനാർത്ഥി. നാലാം വിജയം പ്രതീക്ഷിച്ചാണ് ഐ.സി. ബാലകൃഷ്ണൻ രംഗത്തിറങ്ങിയിരിക്കുന്നത്. ഇദ്ദേഹത്തെ നേരിടുന്നത് സി.പി.എമ്മിലെ എം.എസ്. വിശ്വനാഥനാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും എം.എസ്. വിശ്വനാഥൻ തന്നെയായിരുന്ന ബാലകൃഷ്ണന്റെ എതിരാളി.

സി.പി.എമ്മിന്റെ ഉറക്കം കെടുത്തി ബ്രഹ്മഗിരി

ഭരണ നേട്ടം ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്ന എൽ.ഡി.എഫിനെയും വിടാതെ പിടികൂടിയിരിക്കുകയാണ് ബ്രഹ്മഗിരി സൊസൈറ്റി പ്രശ്നം. ബ്രഹ്മഗിരി സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർക്ക് പണം നൽകാത്തതാണ് തിരഞ്ഞെടുപ്പിനിടെ വിണ്ടും ഉയർന്നിരിക്കുന്നത്. എതിർ മുന്നണിയിൽപ്പെട്ടവർ മാത്രമല്ല സ്വന്തം മുന്നണിയിൽപ്പെട്ടവരാണ് പണം ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. സി.പി.എം ഭരിക്കുന്ന സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവരിൽ ഭൂരിഭാഗവും ഇടതുപക്ഷ പ്രവർത്തകരാണ്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് സമയത്ത് പ്രശ്നവുമായി വന്നതും ഇടതു പ്രവർത്തകർ തന്നെയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലും നിക്ഷേപകരായ പാർട്ടി പ്രവർത്തകർ ഇടതുപക്ഷത്തിന് വോട്ടില്ല എന്ന് അറിയിച്ച് കൊണ്ട് സ്വന്തം വീടുകൾക്ക് മുന്നിൽ പ്ലക്കാർഡുകൾ ഉയർത്തുകയുണ്ടായി. തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം ഇടതുപക്ഷത്തിന് നഷ്ടമായാൽ സൊസൈറ്റിയിൽ നിക്ഷേപിച്ച പൈസ കിട്ടാനുള്ള സാധ്യത ഇല്ലാതാകുമെന്ന് കണ്ടാണ് ഇപ്പോൾ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കൽപ്പറ്റ സ്വദേശിയായ നൗഷാദ് എന്ന നിക്ഷേപകൻ പണം ആവശ്യപ്പെട്ട് ബ്രഹ്മഗിരിയുടെ പാതിരിപ്പാലത്തെ ഓഫീസിന് മുന്നിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കുകയുണ്ടായി. പൊലീസിന്റെ അവസരോചിതമായ ഇടപെടപെടലിൽ ആത്മഹത്യാ ശ്രമം വിഫലമായി. ആത്മഹത്യാ ഭീഷണി മുഴക്കിയ നിക്ഷേപകൻ സൊസൈറ്റിയിലെ ഒരു മുൻ ജീവനക്കാരൻ കൂടിയാണ്. സൊസൈറ്റി ഡയറക്ടർ സ്ഥലത്തെത്തി പണം എല്ലാവർക്കും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.