SignIn
Kerala Kaumudi Online
Saturday, 21 March 2026 12.32 PM IST

നിരത്തുകൾ കുരുതിക്കളമാക്കി ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകൾ

Increase Font Size Decrease Font Size Print Page
s

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം അറുതിയില്ലാതെ തുടരുന്നതും നിരവധി ജീവനുകൾ നിരത്തിൽ പൊലിയുന്നതും കണ്ണൂരിൽ പതിവ് സംഭവമാകുമ്പോൾ നിരത്തിലൂടെ യാത്ര ചെയ്യാൻ ആളുകൾ ഭയക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു സ്കൂൾ അദ്ധ്യാപികയുടെ ജീവൻ പൊലിഞ്ഞതും ബസുകളുടെ ഈ മത്സരയോട്ടത്തെ തുടർന്നാണ്. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്കുള്ള സ്‌കൂട്ടർ യാത്രയിലാണ് മട്ടന്നൂർ ശ്രീശങ്കര വിദ്യാപീഠം സ്‌കൂളിലെ യു.കെ.ജി ക്ലാസിലെ അദ്ധ്യാപിക കെ.റീഷ ബസ് അപകടത്തിൽ മരിച്ചത്. ഈ അപകടമുണ്ടാക്കിയ ബസ് ഇതിനു മുൻപും ഒട്ടേറെ അപകട മരണങ്ങൾക്ക് ഇടയാക്കിയതായി കേസുണ്ട്. ഇത്തരം അപകടങ്ങൾ ദിനംപ്രതി നടക്കുമ്പോഴും അധികൃതർക്ക് യാതൊരു കുലുക്കവുമില്ല എന്നതാണ് മറ്റൊരു കാര്യം.

അപകടമുണ്ടാക്കുന്ന വിധത്തിൽ അശ്രദ്ധയോടെയും അമിത വേഗത്തിലും ചീറിപ്പായുന്ന ബസുകൾക്കെതിരെ കർശന നടപടി വേണമെന്ന് ശക്തമായ ആവശ്യമുയരുമ്പോഴും അധികൃതർ ഗൗരവത്തോടെ ഇത്തരം പ്രശ്നങ്ങളെ സമീപിക്കാത്തത് വലിയ ദുരന്തങ്ങളാണ് വിളിച്ചു വരുത്തുന്നത്. രാവിലെയാണ് ബസുകളുടെ മരണപ്പാച്ചിൽ കൂടുതലും. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിന് കാരണം അവർക്ക് നൽകിയിരിക്കുന്ന സമയക്രമം കൂടിയാണെന്നും പരാതിയുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ ഓടിയെത്തണമെന്ന സമ്മർദ്ദം ഡ്രൈവർമാരെ അമിത വേഗത്തിന് പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതിലും മാറ്റം വരേണ്ടതുണ്ടെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

കഴിഞ്ഞ ദിവസം പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ അമിതവേഗത കാരണം യാത്രക്കാർ ബസിൽ പ്രതിഷേധിച്ചെങ്കിലും ഡ്രൈവറുടേയും കണ്ടക്ടറുടേയും മറുപടി ധാർഷ്ട്യം നിറഞ്ഞതായിരുന്നു. തുടർന്ന് ഇതേ ബസ് തളിപ്പറമ്പിലെത്തിയപ്പോൾ ഡ്രൈവറുടെ അശ്രദ്ധ കാരണം മദ്ധ്യവയസ്‌ക്കന്റെ കാലിൽ ഡോർ കുടുങ്ങുകയും കാലിന് സാരമായി പരിക്കേൽക്കുകയും ചെയ്യുകയുണ്ടായി. എന്നിട്ടും സ്വയം ന്യായീകരിക്കാൻ ശ്രമിച്ച ബസ് ജീവനക്കാർ യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടു പോകാൻ നി‌‌ർബന്ധിതരായത്. ലിമിറ്റഡ് ബസുകൾ ഭൂരിഭാഗവും അപകടം വിളിച്ചു വരുത്തും വിധത്തിലാണ് ജില്ലയിലുടനീളം ചീറിപ്പായുന്നത്. മത്സരയോട്ടമോടി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാരെ പെരുവഴിയിൽ ഇറക്കി വിടുന്നത് ജില്ലയിൽ സ്ഥിരം സംഭവമാണ്. ദേശീയപാതയിൽ നിർമ്മാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കെ സ്വകാര്യ ബസുകളുടെ അമിതവേഗത ബസ് യാത്രക്കാർക്കും മറ്റ് വാഹന യാത്രക്കാർക്കും ഭയപ്പാടുണ്ടാക്കുന്നു.

പൊതുഗതാഗത സൗകര്യം കൂടുതൽ കാര്യക്ഷമമാക്കുന്നിതിനും നിയമലംഘനം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കാനും എൻഫോഴ്സ്‌മെന്റ് പരിശോധനകൾ ശക്തമാക്കാനും മോട്ടോർ വാഹന വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ബന്ധപ്പെട്ടവർ പരിശോധന ഉൾപ്പെടെ യാതൊരു നടപടിയുമെടുക്കുന്നില്ല. സ്‌പെഷ്യൽ ഡ്രൈവുകളും കാര്യക്ഷമമല്ല. സ്പീഡ് ഗവേണറുകൾ പ്രവർത്തനരഹിതമാക്കിയവർക്കും അമിത വേഗതയിൽ ഓടിക്കുന്നവർക്കുമെതിരെ പിഴയും നടപടിയുമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും പേരിന് പോലും നടപടിയില്ല. നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻസ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് അധികൃത‌ർക്ക് കടക്കാം. എന്നാൽ ഇതൊന്നും തന്നെ നടക്കുന്നില്ല. സ്ഥിരമായി നിയമ ലംഘനനം നടത്തുന്നവരുടെ പെർമിറ്റ് ഉൾപ്പെടെ റദ്ധാക്കാനും നിയമമുണ്ട്. ഗതാഗത നിയമങ്ങളെ കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും സ്വകാര്യ ബസ്സ് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി ബോധവത്ക്കരണ ക്ലാസുകളും കാര്യക്ഷമമായി നടക്കുന്നില്ല. അമിത വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, അനാവശ്യ ഹോൺ മുഴക്കൽ, സീബ്രാ ക്രോസിംഗുകൾ പാലിക്കാത്തത് തുടങ്ങിയ ഗുരുതരമായ വീഴ്ച്ചകളാണ് സ്വകാര്യ ബസ്സുകളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

പ്രതീക്ഷ നൽകി ജിയോഫെൻസിംഗ് സംവിധാനം

ബസ്സുകളിലെ യാത്ര സുരക്ഷിതമാക്കുന്നതിനും മത്സരയോട്ടം നിയന്ത്രിക്കുന്നതിനും സ്വകാര്യ ബസ്സുകളിൽ ജിയോഫെൻസിംഗ് സംവിധാനം നടപ്പിലാക്കാനുള്ള അധികൃതരുടെ നീക്കം പ്രതീക്ഷ നൽകുന്നുണ്ട്. മോട്ടോർ വാഹന വകുപ്പ് ഇതുമായി ബന്ധപ്പെട്ട വിഷയം പരിശോധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ എന്ന് നടപ്പിലാകുമെന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. സ്വകാര്യ ബസ്സുകളുടെ അമിത വേഗതയും മത്സരയോട്ടവും സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അപകടങ്ങൾ ഒരു പരിധി വരെ തടയാൻ ജിയോഫെൻസിംഗ് സംവിധാനം ഉപയോഗപ്പെടും. വാഹനങ്ങളുടെ സ്ഥാനവും ചലനവും നിരീക്ഷിക്കാൻ സഹായിക്കുന്ന ഒരു വിർച്വൽ അതിർത്തിയാണ് ജിയോഫെൻസിംഗ്. വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ട്രാക്കറുകൾ വഴിയാണ് സിസ്റ്റം പ്രവർത്തിക്കുന്നത്. വാഹനം എവിടെയാണെന്ന വിവരം തത്സമയം ഈ ഉപകരണം വഴി ലഭിക്കുന്നു. വാഹനം മോഷണം പോകുന്നത് തടയാനും കുട്ടികൾ പോകുന്ന സ്‌കൂൾ ബസ്സുകളുടെ യാത്ര നിരീക്ഷിക്കാനും ടാക്സി അല്ലെങ്കിൽ ചരക്ക് വാഹനങ്ങൾ നിശ്ചിത പാതയിലൂടെയാണോ പോകുന്നത് എന്ന് പരിശോധിക്കാനുമെല്ലാം ഈ സംവിധാനം ഏറെ പ്രയോജനകരമാണ്.

കൃത്യമായി നിരീക്ഷിക്കാം ജിയോഫെൻസിംഗിലൂടെ

ബസ് നിശ്ചിത റൂട്ടിൽ തന്നെ സഞ്ചരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം. റൂട്ടിൽ നിന്ന് വ്യത്യാസം വന്നാൽ ഉടൻ അലർട്ട് ലഭിക്കും. സ്റ്റോപ്പുകളിൽ എത്തുന്ന സമയവും പുറപ്പെടുന്ന സമയവും കൃത്യമായി ട്രാക്ക് ചെയ്യാം. ഇതിലൂടെ സർവീസ് സമയം നിയന്ത്രിക്കാൻ കഴിയും. ബസ് അനുമതിയില്ലാത്ത പ്രദേശത്ത് പ്രവേശിച്ചാൽ ഉടൻ അറിയിപ്പ് ലഭിക്കും. രാത്രികാലത്ത് നിർദ്ദിഷ്ട ഗാരേജിൽ (ഡിപ്പോ) പ്രവേശിച്ചോ എന്നത് പരിശോധിക്കാം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.