SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.32 AM IST

പശ്ചിമേഷ്യൻ സംഘർഷം : ഭാരതത്തിന്റെ രാഷ്ട്രതന്ത്രജ്ഞത

Increase Font Size Decrease Font Size Print Page
ss

ഏറെ നാളുകളായി പശ്ചിമേഷ്യൻ ഭൂഭാഗങ്ങളിൽ രൂപപ്പെടുന്ന സംഘർഷങ്ങൾ പെട്ടെന്നു തന്നെ വലിയ പ്രതിസന്ധികളിലേക്ക് എത്തിപ്പെടുന്നതു നാം കണ്ടുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഈ മേഖലയിൽ നടക്കുന്ന ആകാശ യുദ്ധങ്ങളും രാഷ്ട്രങ്ങൾ തമ്മിലുള്ള വൈരങ്ങളും ഊർജമേഖലയ്ക്കു നേരെ ഉണ്ടാകുന്ന ഭീഷണികളും ആഗോള തലത്തിൽത്തന്നെ വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട് . ഇത് പല രാജ്യങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചുവെന്നു മാത്രമല്ല, അവ പലതും എന്തു നിലപാടെടുക്കണമെന്നും ഏതു സഖ്യത്തിനൊപ്പം നിലക്കൊള്ളണമെന്നും ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. എന്നാൽ ഭാരതം ഇക്കാര്യത്തിൽ വളരെ കറകളഞ്ഞ രാഷ്ട്രതന്ത്രജ്ഞതയാണ് പ്രകടിപ്പിക്കുന്നത്. അതാകട്ടെ, സുസ്ഥിരതയ്ക്കും സംവാദത്തിനും പൗരന്മാരുടെ സുരക്ഷിതത്വത്തിനും മുൻഗണന നൽകുന്നതാണു താനും.

പശ്ചിമേഷ്യയുമായുള്ള ഭാരതത്തിന്റെ ഇടപെടൽ അപൂർവമായ സങ്കീർണത നിറഞ്ഞതാണ്. ഏതെങ്കിലും ഒരു ക്യാമ്പുമായോ മറ്റൊരു ക്യാമ്പുമായോ പല ആഗോള ശക്തികളും ചേർന്നു നിൽക്കുമ്പോൾ ഭാരതം ഈ മേഖലയിലെ വിവിധ രാജ്യങ്ങളുമായി ആഴത്തിലുള്ളതും ഏറെക്കാലമായി നിലനിൽക്കുന്നതുമായ ബന്ധം കാത്തു സൂക്ഷിക്കുന്നു. ഇസ്രായേലിൽ തുടങ്ങി, ഇറാനും, സൗദി അറേബ്യയും യു.എ.ഇ യും മറ്റ് ഗൾഫ് രാജ്യങ്ങളും ഒക്കെയായി ഭാരതം പങ്കാളിത്തം സൃഷ്ടിച്ചിട്ടുണ്ട്. എണ്ണ സഹകരണം, വ്യാപാരം, സുരക്ഷാ ചർച്ചകൾ, ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം എന്നിവയിലെല്ലാം ഈ പങ്കാളിത്തം പ്രകടമാണ്. ഈ വൈവിധ്യമാർന്ന ബന്ധം സാധ്യമാക്കാൻ സമതുലിതവും പ്രായോഗികവും ആഴത്തിലുള്ളതുമായ നയതന്ത്രബന്ധം അനിവാര്യമാണ്.

പശ്ചിമേഷ്യയുമായുള്ള നയസമീപനം വളരെ ലളിതമായ ഒരു തത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് - നയതന്ത്രപരമായ സ്വയം നിർണായവകാശമാണത്. പ്രാദേശികമായ പോരിൽ ഇടപെടുന്നതിനു പകരം എല്ലാവരുമായി സമാധാനപരമായ സംവാദങ്ങളിലൂടെയാണ് ഭാരതം അതു സാധ്യമാക്കുന്നത്. അതുകൊണ്ട് സമീപകാലത്ത് സംഘർഷങ്ങൾ മുറുകുമ്പോഴും ഭാരതത്തിന് വിവിധ രാജ്യങ്ങളുമായി സുതാര്യമായി ആശയവിനിമയം നടത്താൻ കഴിയുന്നുണ്ട്.

സംഘർഷങ്ങൾക്കിടയിൽ സുസ്ഥിരമായ ഈ നിലപാടിൽ നിന്നുകൊണ്ടാണ് ഭാരതം പ്രസ്താവനകൾ നടത്തിയിട്ടുള്ളത്. ന്യൂഡൽഹി എല്ലാവരോടും സംയമനം പാലിക്കാനും സംഘർഷങ്ങൾക്ക് അയവുവരുത്താനും നയതന്ത്ര ഇടപെടലുകൾ നടത്താനുമാണ് ആഹ്വാനം ചെയ്തത്. പണ്ട് തന്നെ ദുർബലമായ പരിതസ്ഥിതിയിൽ സൈനിക നീക്കങ്ങൾ അസ്ഥിരതയ്ക്ക് ആഴം കൂട്ടാനേ ഇടയാക്കുകയുള്ളൂ എന്ന സന്ദേശവും ന്യൂഡൽഹി നൽകുകയുണ്ടായി.

ഈ നിലപാട് വെറും വാചാടോപമല്ല. പശ്ചിമേഷ്യയിൽ ഭാരതത്തിന്റെ താല്പര്യം ആഴമേറിയതാണ്. അത് പലതരത്തിലുള്ളതുമാണ്. ഈ മേഖലയാണ് ഭാരതത്തിന്റെ ഇന്ധന അവശ്യത്തിന്റെ ഗണ്യമായ പങ്കും നിർവഹിക്കുന്നത്. അതുകൊണ്ട് ഗൾഫ് മേഖല ശാന്തമായിരിക്കേണ്ടത് ഭാരതത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനു തന്നെ ഒഴിച്ചു കൂടാനാവാത്തതാണ്. അതോടൊപ്പം ഭാരതത്തിൽ നിന്നുള്ള വലിയ വിഭാഗം ജനങ്ങളുടെ അഭയകേന്ദ്രം കൂടിയാണ് .

ഗൾഫ് മേഖലയിൽ ഏതാണ്ട് എട്ടു ദശലക്ഷത്തോളം ഭാരതീയർ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നുണ്ട്. അവർ ജോലിയെടുക്കുന്ന രാജ്യങ്ങളിലെ സമ്പദ്ഘടനയ്ക്കു മുതൽക്കൂട്ടുന്നു എന്നു മാത്രമല്ല, അവർ ഭാരതത്തിലേക്ക് വലിയതോതിൽ പണം അയക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് അവരുടെ സുരക്ഷിതത്വവും ക്ഷേമവും ഭാരതത്തിന് ഏറെ താല്പര്യമുള്ള വിഷയമാണ്.

നിലവിലെ സംഘർഷങ്ങളിൽ ഈ കാഴ്ചപ്പാടിനാണ് ഭാരതം പ്രാമുഖ്യം നൽകുന്നത്. മേഖലയിൽ സുരക്ഷാ രംഗങ്ങളിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ ഭാരതം കൃത്യമായ ഇടപെടലുകൾ നടത്താറുമുണ്ട്.

സംഘർഷങ്ങളിൽ നടത്തുന്ന ഇടപെടലുകൾ ഭാരതത്തിന്റെ വികസിത വിദേശനയത്തിന്റെ തെളിവാണ്. കഴിഞ്ഞ രണ്ടു ദശകത്തിനിടയിൽ ഭാരതത്തിന് പശ്ചിമേഷ്യൻ രാഷ്ട്രങ്ങളുമായി പരമ്പരാഗത ബന്ധത്തിന് അപ്പുറത്തേക്കു പോകാൻ കഴിഞ്ഞിട്ടുണ്ട്. ഇറാനുമായി ക്രിയാത്മക ഇടപെടൽ നടത്താനും ഭാരതത്തിനു കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഒരേ സമയം വിവിധ രാജ്യങ്ങളുമായി സഹകരിക്കാനും പങ്കാളിത്തം ഉറപ്പാക്കാനും കഴിയുന്നത് ഭാരതത്തിന്റെ നയതന്ത്രശക്തിക്ക് തെളിവാണ്.

ഭാരതത്തിന്റെ മറ്റൊരു സവിശേഷത വിവിധ രാജ്യങ്ങളുമായി ചർച്ചകളും സംവാദങ്ങളും നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സന്നദ്ധതയാണ്. പശ്ചിമേഷ്യയിൽ നയതന്ത്ര ഇടപെടലിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനം ഉണ്ടാക്കാൻ കഴിയൂ എന്ന കാര്യം ഭാരതത്തിന്റെ നേതാക്കൾ അടിവരയിട്ടു പറയുന്നതാണ്. ഇത് ഭാരതത്തിന്റെ വിദേശനയത്തിൽ പരമ്പരാഗതമായിത്തന്നെ പ്രതിധ്വനിക്കുന്നുമുണ്ട്. ഭാരതത്തിന്റെ ഈ സൗമ്യശബ്ദം അതിന്റെ തനതായ സംസ്കാരത്തിന്റെ സത്തയാണ് പ്രകടിപ്പിക്കുന്നത്. നൂറ്റാണ്ടുകളായി ഭാരതം പശ്ചിമേഷ്യയുമായി സാംസ്കാരികവും വാണിജ്യപരവുമായ ബന്ധം സൂക്ഷിക്കുന്നുണ്ട്. അറേബ്യൻ സമുദ്രവും ഇന്ത്യൻ തുറമുഖങ്ങളുമായുള്ള കച്ചവടമാർഗങ്ങൾ മസ്കറ്റ്, ബസ്ര, ഏദൻ എന്നിവിടങ്ങളുമായി ആധുനിക ദേശരാഷ്ട്രങ്ങൾ രൂപപ്പെടുന്നതിനും മുമ്പേ തന്നെ നിലനിൽക്കുന്നുണ്ട്. ഈ ചരിത്രബന്ധങ്ങളാണ് പശ്ചിമേഷ്യൻ മേഖലയുമായുള്ള ഇന്ത്യയുടെ സമീപനം രൂപപ്പെടുത്തുന്നത്.

പശ്ചിമേഷ്യൻ രാജ്യങ്ങളുടെ പരമാധികാരം അംഗീകരിച്ചു കൊണ്ടുള്ളതാണ് ഭാരതത്തിന്റെ സമീപനം. അവരുടെ പ്രത്യയശാസ്ത്ര പ്രശ്നങ്ങളിൽ നാം ഇടപെടാറില്ല. അതു സഹകരണത്തിന്റേതാണ്. ഈ മേന്മയാണ് ഭാരതത്തിന് പക്ഷപാതിത്വമില്ലാതെ ഇടപെടാൻ കഴിയുന്നതിന്റെ അടിസ്ഥാനം. ഇപ്പോഴത്തെ പ്രതിസന്ധി അന്താരാഷ്ട്ര ബന്ധങ്ങളിലെ യാഥാർത്ഥ്യം കൂടുതൽ വെളിവാക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ പ്രതിസന്ധി മൂർച്ഛിക്കുന്നത് അന്താരാഷ്ട്ര വിപണിയെയും കച്ചവട മാർഗങ്ങളെയും സാമ്പത്തിക സുസ്ഥിരതയെയുമൊക്കെ ബാധിക്കും. അതുകൊണ്ട് ഭാരതത്തിന്റെ കിറുകൃത്യതയുള്ള നയതന്ത്രജ്ഞത രാജ്യ താല്പര്യങ്ങൾക്കും അപ്പുറം പ്രാധാന്യമുള്ളതാണ്. മാനവികമായ ആശങ്കകളോടെയുള ഭാരതത്തിന്റെ സമീപനം പശ്ചിമേഷ്യയിലെ പ്രതിസന്ധി മൂർച്ഛിക്കാതിരിക്കാൻ ലക്ഷ്യം വച്ചുള്ളതാണ്.

ആത്യന്തികമായി പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ആഗോള വ്യാപകമായി ഭൂപ്രദേശ ധ്രുവീകരണം നടക്കുമ്പോൾ ഇന്ത്യയുടെ ഇടപെടൽ സമതുലിതമാണ്. മത്സര മുന്നേറ്റങ്ങളും ശാക്തിക ചേരികളും മാറിക്കൊണ്ടിരിക്കുമ്പോൾ ഇന്ത്യ ഉത്തരവാദിത്വപൂർണവും പ്രായോഗികവുമായ സമീപനമാണ് സ്വീകരിക്കുന്നത്. പ്രതിസന്ധികൾക്ക് ആഴം കൂടുമ്പോൾ എല്ലാവരുടെയും നുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് അങ്ങേയറ്റം പ്രായോഗികവും സമാധാനപൂർണവും സർഗാത്മകവുമായ നയതന്ത്ര ചാതുരിയാണ് ഇന്ത്യ പ്രകടിപ്പിക്കുന്നത്. പ്രതിസന്ധികളുടെ ഈ ഘട്ടത്തിൽ അവയ്ക്കെല്ലാം അയവു വരുത്തുന്നതിൽ ഇന്ത്യയുടെ ഈ സമീപനത്തിന് വലിയ പങ്കു വഹിക്കാൻ കഴിയും. ഇത് മറ്റൊരു കാര്യം കൂടി നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. സൗമ്യവും ശാന്തവുമായതാണ് ഏറ്റവും ഫലപ്രദമായ നയതന്ത്രം. അത് സമാധാനം ലക്ഷ്യം വച്ചുള്ളതും സത്യസന്ധവും സുസ്ഥിരവുമായ ഒന്നാണു താനും.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.