SignIn
Kerala Kaumudi Online
Wednesday, 08 April 2026 12.10 AM IST

ശ്രുതിയെ വെറുതെ വിടുക

Increase Font Size Decrease Font Size Print Page
s

മുണ്ടക്കൈ ഉരുൾ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ പലരെയും നഷ്ടമായ ശ്രുതിയുടെ പേരിൽ വയനാട്ടിൽ വിവാദം കൊഴുക്കുന്നു.അതും നാല് വോട്ടിന് വേണ്ടി.കൽപ്പറ്റയിലെ സിറ്റിംങ്ങ് എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ടി.സിദ്ദീഖും സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും തമ്മിലാണ് പോര്. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ആരോപണത്തിൽ ഇരയായത് ശ്രുതിയും. ആ പാവം കുട്ടിയെ വെറുതെ വിട്ടുകൂടെ‌? ഇനിയും ഒരു ദുരന്തം താങ്ങാനുളള കരുത്ത് ശ്രുതിക്കില്ല. അക്കാര്യം ഓർക്കുക.

ഒന്നിന് പുറകെ മറ്റൊന്നായി ദുരന്തങ്ങൾ വേട്ടയാടിയപ്പോൾ അതിനെയെല്ലാം ധീരമായി നേരിട്ടവളാണ് ശ്രുതി. കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ടിട്ടും അവൾ തളർന്നില്ല. താങ്ങായി പ്രതിശ്രുത വരൻ ജൻസൻ കൂടെയുണ്ടായിരുന്നു. ആ കരുതലിന്റെ കരസ്പർശവും അധികം വൈകാതെ നഷ്ടപ്പെട്ടു. വാഹനാപകടത്തിൽ സ്വന്തം കൺമുമ്പിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഇതോടെ തീർത്തും ഒറ്റപ്പെട്ടു പോകുമായിരുന്ന ശ്രുതിയെ പൊതുസമൂഹം ഏറ്റെടുത്തു.

കരുതലിന്റെ വലിയ കരം നീട്ടി സർക്കാർ കൂടെ നിന്നു. സർക്കാർ സർവീസിൽ ജോലി നൽകിയാണ് ചേർത്തുപിടിച്ചത്. സഹായഹസ്തവുമായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി പേരെത്തി. ചിലർ പേരെടുക്കാൻ വേണ്ടി ലക്ഷങ്ങളും താമസിക്കാൻ വീടുകളും ഒക്കെ പ്രഖ്യാപിച്ചു. കാര്യത്തോടടുത്തപ്പോൾ പലരും വാഗ്ദാനം ചെയ്ത തുകയും വീടുകളും നൽകാതെ മുങ്ങി!അതിന്റെ നേർ കാഴ്ചകളാണ് ഇപ്പോൾ വയനാട്ടിൽ അരങ്ങേറുന്നത്. പ്രഖ്യാപിച്ച വീടുകൾ നിർമ്മിച്ച് നൽകാത്ത കോൺഗ്രസിന്റെ നയത്തിനെതിരെ സി.പി.എം ശക്തമായ പ്രചാരണമാണ് കേരളത്തിലാകെ നടത്തുന്നത്. മാത്രമല്ല, വീട് നിർമ്മാണത്തിനായി ജനങ്ങളിൽ നിന്ന് പിരിച്ച തുകയിലും ക്രമക്കേടുണ്ടെന്ന് സി.പി.എം കുറ്റപ്പെടുത്തുന്നു. ശ്രുതിക്ക് വീട് വാഗ്ദാനവുമായി ഫിലോകാലിയ ഫൗണ്ടേഷനുമായി സഹകരിച്ച് തൃശ്ശൂർ സ്വദേശികളായ ടൈം ന്യൂസ് എന്ന യൂട്യൂബ് ചാനൽ രംഗത്ത് എത്തിയിരുന്നു. വീട് നിർമ്മിക്കാനായി കൽപ്പറ്റയിൽ ഇവർ 11 സെന്റ് ഭൂമി വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ അവർക്കത് പൂർത്തിയാക്കാൻ ആയില്ല. വീട് നിർമ്മാണം ഏതാനും പില്ലറുകളിൽ ഒതുങ്ങി. അതിപ്പോൾ കാട് മൂടി കിടക്കുന്നു. ഇതോടെ സർക്കാരിൽ നിന്നും കൈപ്പറ്റിയ 15 ലക്ഷം രൂപ തിരികെ നൽകി ടൗൺഷിപ്പിന്റെ ഭാഗമാകാൻ ശ്രുതി ശ്രമം തുടങ്ങി.

കെ. റഫീഖ് ഉന്നയിക്കുന്നത്


സ്വപ്നത്തിൽ പോലും കരുതാത്ത വിവാദങ്ങളാണ് ശ്രുതിക്ക് ഇപ്പോൾ കേൾക്കേണ്ടി വരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി മാദ്ധ്യമങ്ങളിൽ നിന്നെല്ലാം അകന്നുനിന്ന് സമാധാനത്തോടെ ജീവിതം നയിക്കുകയായിരുന്നു ശ്രുതി. ഇതിനിടയിലാണ് അനാവശ്യ വിവാദത്തിലേക്ക് ശ്രുതിയെ എത്തിച്ചത്.മഹാദുരന്തം അതിജീവിച്ച ശ്രുതിക്ക് വീട് വാഗ്ദാനം ചെയ്ത് ടി. സിദ്ദിഖ് എം.എൽ.എ വഞ്ചിച്ചെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ. റഫീഖ് കഴിഞ്ഞ ദിവസം ആരോപിക്കുകയുണ്ടായി. 120 ദിവസം കൊണ്ട് വീട് നിർമ്മിച്ച് നൽകുമെന്ന് ടി. സിദ്ധിഖ് ശ്രുതിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഒന്നരവർഷം ആകുമ്പോഴും വീട് നിർമ്മാണം പൂർത്തിയാക്കിയിട്ടില്ലെന്നാണ് റഫീക്കിന്റെ ആരോപണം. അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശ്രുതി ആശുപത്രി വിടുമ്പോൾ 2024 സെപ്തംബർ 24 ന് മാദ്ധ്യമങ്ങൾക്ക് മുൻപിലാണ് വീട് നിർമ്മിച്ചു നൽകുമെന്ന് എം.എൽ.എ. വാഗ്ദാനം ചെയ്തത്. 18 മാസം പിന്നിടുമ്പോഴും ശ്രുതി വീടില്ലാതെ പ്രയാസപ്പെടുകയാണ്. വീട് ലഭിക്കുമെന്ന വിശ്വാസത്തിൽ ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് ശ്രുതി എഴുതി നൽകിയിരുന്നു. ഇതേ തുടർന്ന് 15 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. വീട് കിട്ടാതായതോടെ ഈ തുക തിരിച്ചടച്ച് ടൗൺഷിപ്പിന്റെ ഭാഗമാകാനാണ് ശ്രുതി ശ്രമിക്കുന്നത്. ഇതാണ് കെ.റഫീഖിന്റെ ആരോപണം.

ടി. സിദ്ദീഖ് ഉന്നയിക്കുന്നത്

സി.പി.എം ജില്ലാ സെക്രട്ടറി തന്നെ അപമാനിക്കാൻ ശ്രുതിയുടെ പേര് ഉപയോഗിച്ചത് ദുഃഖകരമാണെന്ന് കൽപ്പറ്റയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി. സിദ്ധിഖ്. തുടർച്ചയായ ദുരന്തങ്ങൾ നേരിട്ട ശ്രുതി കേരളത്തിന്റെ പുത്രിയാണ്. അവളെ ചേർത്തു നിർത്തേണ്ടത്‌ കേരളത്തിന്റെ കടമയാണ്. പകരം അപമാനിക്കാനാണ് സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖ് ശ്രമിച്ചത്. ശ്രുതിക്ക് വീട് ഉണ്ടാക്കി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തത് 'ടൈം ന്യൂസ്' എന്ന യൂട്യൂബേഴ്സ് ആണ്. ഇത് മറച്ചുവെച്ച് സി.പി.എം ജില്ലാസെക്രട്ടറി പച്ചക്കള്ളം പറയുകയാണ്. പിന്നിൽ തന്നെ അപമാനിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ട്. സി.പി.എമ്മും, എൽ.ഡി.എഫും വിഷയ ദാരിദ്ര്യത്തിലാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയില്ലെന്നായിരുന്നു ആദ്യം തനിക്കെതിരെ ഉയർത്തിയ ആരോപണം. എന്നാൽ പണം നൽകിയതിന്റെ തെളിവ് സഹിതം പുറത്തുവിട്ടപ്പോൾ അതുവിട്ടു. രണ്ടാമത് കൂവി തോൽപ്പിക്കാൻ ശ്രമിച്ചു. മൂന്നാമത്തെ ശ്രമമാണ് ഇപ്പോഴത്തെ ഈ പച്ചക്കള്ളം. ശ്രുതിക്ക് വീട് നൽകാമെന്ന് താൻ എവിടെയും പറഞ്ഞിരുന്നില്ല. തൃശൂരിൽ നിന്നുള്ള ടൈം ന്യൂസ് എന്ന സ്ഥാപനം ശ്രുതിയുമായിനേരിട്ട് സംസാരിച്ചാണ് വീട് നിർമ്മിച്ചു നൽകാനുള്ള തീരുമാനമെടുത്തത്. തറക്കല്ലിടൽ ചടങ്ങിന് അവർ പലരെയും ക്ഷണിച്ചിരുന്നു. ഞാൻ ദുരന്തബാധിതരുടെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കാറുണ്ട്. അതുപോലെ ഈ ചടങ്ങിനും പോയിട്ടുണ്ട്. സ്ഥാനാർത്ഥി കൂടിയായ തനിക്കെതിരെ മനപൂർവം ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ശ്രുതിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ ഇടപെടലുകൾ എല്ലാവർക്കുമറിയാമെന്നും ടി. സിദ്ദിഖ് പറഞ്ഞു. ബ്രഹ്മഗിരി വിഷയം ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതിക്ക്‌ നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ആദ്യം അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സി.പി.എം തയ്യാറാകണം. അവർക്കെതിരെ നിക്ഷേപകർ പൊലീസിൽ കൊടുത്ത പരാതിയിൽ കേസെടുക്കാൻ അനുമതി നൽകണം. സി.പി.എംനേതാക്കൾ നടത്തിയ അഴിമതിപ്പണം നിക്ഷേപകർക്ക് തിരികെ നൽകാൻ നടപടിയുണ്ടാകണം. ഇതെല്ലാം സ്വീകരിച്ചിട്ട് മതി പച്ചകള്ളം പറയാനെന്നും സിദ്ദിഖ് പറഞ്ഞു.

ടി. സിദ്ദീഖിനെതിരായ സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ . റഫീഖിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് ഫിലോകാലിയ ഫൗണ്ടേഷൻ സ്ഥാപികയും മാനേജിങ് ട്രസ്റ്റിയുമായ ജിജി മാരിയോ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് ഉടൻ വീടുപണി പൂർത്തിയാക്കുമെന്നും ജിജി മാരിയോ കൂട്ടിച്ചേർത്തു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.