SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.17 PM IST

ദയാവധത്തിലെ സമ്മിശ്ര വികാരങ്ങൾ

Increase Font Size Decrease Font Size Print Page
s

അങ്ങനെ നമ്മുടെ രാജ്യത്തെ ആദ്യ ദയാവധത്തിന് വിധേയനായി ഹരീഷ് റാണ എന്ന 32 കാരൻ. സ്വ‌പ്നങ്ങളും പുഷ്‌പങ്ങളും കൊണ്ട് നിറഞ്ഞ വർണസുരഭിയായ ഈ ഭൂമിയോട് എന്നന്നേയ്‌ക്കുമായി വിട പറഞ്ഞു. എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണ എന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ 13 വർഷങ്ങൾക്കുമുമ്പ് ഒരു അതിഥി മന്ദിരത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് വീണ് തലച്ചോറിനും മറ്റവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കണ്ണൊഴിച്ച് മറ്റെല്ലാ അവയവങ്ങളും പ്രവർത്തനരഹിതമായെന്ന് പറയാവുന്ന അവസ്ഥയിലായി. കഴിഞ്ഞ 13 വർഷത്തിലേറെ ഒരേ കിടപ്പ്. നിശ്ചലാവസ്ഥയിലായിരുന്നു. നൽകാവുന്ന ചികിത്സകളെല്ലാം നൽകി. ഒരു പുരോഗതിയും ലഭിച്ചില്ല. മരവിച്ച മനസ്സും ഹൃദയവുമായി കഴിഞ്ഞിരുന്ന മാതാപിതാക്കൾ സാമ്പത്തികമായി വലിയ പരാധീനതയിലുമായി. ഇനി ചികിത്സകൊണ്ട് പ്രയോജനമില്ലെന്ന് വേണ്ടപ്പെട്ടവരെല്ലാം മനസിലാക്കി. അവയവങ്ങളിൽ ചിലതൊക്കെ ചെറുതായി ചലിക്കുന്നത് പോലും ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്. ഈ അവസ്ഥയിൽ കഴിയുന്നതിനേക്കാൾ ഭേദം മകന് മരണമാണെന്ന് മാതാപിതാക്കൾ തീരാവേദനയോടെ ചിന്തിച്ചു. ഈ അവസരത്തിൽ ചില ഡോക്ടർമാരും സാമൂഹിക സംഘടന പ്രവർത്തകരും ദയാവധത്തെപ്പറ്റി (mercy killing അഥവാ Euthanasia) അവരെ ബോദ്ധ്യപ്പെടുത്തി. ഹരീഷ് റാണയുടെ മാതാപിതാക്കൾ പൊന്നോമനയായ മകനെ, ഇനി നീ പ്രകൃതിദത്തമായ മരണം വരിച്ചോളൂ എന്ന് ഉള്ളുനൊന്ത് അനുവാദം നൽകി.

എന്താണ് ദയാവധം എന്നറിയപ്പെടുന്ന യൂത്തനേസിയേ?

ഇന്നും നാം അഭിമുഖീകരിക്കുന്ന ഏറ്റവും ദുഃഖകരമായ പ്രശ്നങ്ങളിൽ ഗുരുതരമായ ഒന്നാണ് നിത്യരോഗികളായി, മരുന്നിനോടൊന്നും പ്രതികരിക്കാതെ ജീവിതത്തിൽ ഒരിക്കലും തിരിച്ചുവരാൻ കഴിയാതെ പലവിധത്തിൽ വേദന അനുഭവിക്കുന്ന ഒരു വിഭാഗം രോഗികൾ. ആരെയും തിരിച്ചറിയാതെ, ലോകത്ത് എന്ത് നടക്കുന്നു എന്നറിയാതെ, കഠിനമായ വേദന സഹിച്ച് ജീവൻരക്ഷാ ഉപാധികളുടെ സഹായത്തോടെ കഴിയുന്ന ഇത്തരം ഹതഭാഗ്യരുടെ അവസ്ഥയെപ്പറ്റിയുള്ള ചിന്ത പോലും വേദനാജനകമാണ്. യുദ്ധങ്ങൾ, പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, ചില മാറാരോഗങ്ങൾ തുടങ്ങിയവയൊക്കെയാണ് ഈ മാതിരിയുള്ള നിത്യനിർഭാഗ്യരെ സൃഷ്ടിക്കുന്നത്. ഇങ്ങനെയുള്ള ആപത്ഘട്ടങ്ങൾ നേരിടുന്നവരെ അതിൽനിന്ന് രക്ഷപ്പെടുത്താൻ എന്ത് ചെയ്യാനാകുമെന്ന് വിവിധ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും, നിയമവിദഗ്ദ്ധരും, സാമൂഹ്യ സംഘടനകളിൽ പ്രവർത്തിക്കുന്നവരും, സർക്കാരുകളും മറ്റു ചിന്തകരും കൂട്ടായി ചിന്തിച്ച് എടുത്ത അന്തിമ തീരുമാനമാണ് ദയാവധം. ഇനി ജീവിതത്തിൽ ഒരിക്കലും തിരിച്ചുവരാൻ സാദ്ധ്യതയില്ലാത്ത ദീർഘകാലമായി കഠിനവേദന സഹിച്ച് ചലനരഹിതമായ അവസ്ഥയിൽ കൃത്രിമ ജീവൻരക്ഷാ ഉപാധികളോടെ കഴിയുന്ന രോഗികൾക്ക് ചില നിബന്ധനകളുടെ അടിസ്ഥാനത്തിൽ പ്രകൃതിദത്തമായ മരണം അനുവദിക്കുന്ന രീതിക്കാണ് ദയാവധം എന്ന് പറയുന്നത്. ഒഴിച്ചുകൂടാൻ വയ്യാത്ത സന്ദർഭങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ദയാവധത്തിന് മിക്ക രാജ്യങ്ങളും അനുമതി നൽകിയിട്ടുണ്ട്. ചില രാജ്യങ്ങളിൽ നിയമനിർമ്മാണം വഴി ദയവധത്തിന് സാധുത നൽകുമ്പോൾ, മറ്റു രാജ്യങ്ങളിൽ ഉന്നത കോടതി വിധി പ്രഖ്യാപനങ്ങളിലൂടെയാണ് ദയാവധത്തിന് നിയമസാധുത നൽകിയിരിക്കുന്നത്.

നമ്മുടെ രാജ്യത്ത് നിയമനിർമ്മാണം വഴി ദയാവധത്തിന് അംഗീകാരം നൽകിയിട്ടില്ല. എന്നാൽ പഴയകാലത്ത് തമിഴ്‌നാടിന്റെ ഉൾഗ്രാമങ്ങളിൽ 'തലൈക്കുത്തൽ' എന്ന പേരിൽ നിയമസാധുതയില്ലാത്ത, ഒരു ആചാരം എന്ന രീതിയിൽ പ്രത്യേകതരം ദയാവധരീതി നിലനിന്നിരുന്നു എന്ന് പറയപ്പെടുന്നു. അത് പ്രകാരം വളരെ പ്രായം ചെന്ന്, രോഗത്താൽ ശയ്യാവലംബരായവരും കഠിനവേദന അനുഭവിക്കുന്നവരും ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരു സാദ്ധ്യതയുമില്ലാത്തവരുമായവർക്ക് നാട്ടാചാരപ്രകാരം മൃത്യുവിന് വഴിയൊരുക്കുന്നു. അങ്ങനെയുള്ള വൃദ്ധർക്ക് ദീർഘനേരം പച്ചവെളിച്ചെണ്ണ തലയിൽ ഒഴിക്കുകയും അതുകഴിഞ്ഞ് പച്ചവെള്ളത്തിൽ അധികനേരം കുളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം രണ്ടോ മൂന്നോ ദിവസങ്ങൾക്കകം അങ്ങനെയുള്ള രോഗികൾക്ക് കഠിനമായി പനിപിടിക്കുന്നു. ചികിത്സ നൽകില്ല. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങൾക്കകം മരണം സംഭവിക്കുന്നു. ഇതായിരുന്നു തലൈക്കുത്തൽ സമ്പ്രദായ പ്രകാരമുള്ള ദയാവധം. ഇപ്പോൾ ഇല്ലെന്നാണ് അറിവ്.

ഇന്ന് കാലം ഏറെ മാറി. നമ്മുടെ പരമോന്നത കോടതിയുടെ ഭരണഘടനാ ബെഞ്ച് 'കോമൺ കോസ്" എന്ന ഒരു രജിസ്ട്രേഡ് സൊസൈറ്റി നൽകിയ റിട്ട് പെറ്റീഷനുമായി ബന്ധപ്പെട്ട് 2018ൽ പുറപ്പെടുവിച്ച സുപ്രധാന വിധിയിലാണ് ദയാവധത്തിന് നിയമസാധൂകരണം നൽകിയിരിക്കുന്നത്. ഒരു പൗരന് അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം ഭരണഘടന നൽകുന്നുണ്ട്. ഈ മൗലികാവകാശത്തിലുൾപ്പെട്ടതാണ് അന്തസ്സോടെ മരിക്കുക എന്നുള്ളത്. (Right to die with dignity). ഇക്കാരണത്താലാണ് നമ്മുടെ സുപ്രീംകോടതി ദയാവധത്തിന് സാധൂകരണം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്.

ദയാവധത്തെ ആക്ടീവ് യൂത്തനേസിയേ എന്നും പാസ്സീവ് യൂത്തനേസിയേ എന്നും രണ്ടായി വേർതിരിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് ഒരു കാരണവശാലും മടങ്ങിവരാൻ സാദ്ധ്യതയില്ലാത്ത ഒരു നിത്യരോഗിയുടെ ജീവൻ അവസാനിപ്പിക്കുന്നതിന് പരസ്യമായ ഒരു പ്രവൃത്തി ചെയ്യുക അതാണ് ആക്ടീവ് യൂത്തനേസിയേ. ഇത് ചിലപ്പോഴൊക്കെ ദുർവിനിയോഗം ചെയ്യപ്പെടുവാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് മിക്ക രാജ്യങ്ങളും പാസ്സീവ് യൂത്തനേസിയേ അംഗീകരിച്ചിട്ടുള്ളത്. നമ്മുടെ സുപ്രീംകോടതിയും പാസ്സീവ് യൂത്തനേസിയേക്കാണ് നിയമസാധുത നൽകിയിരിക്കുന്നത്. അതായത് ജീവിതത്തിലേക്ക് ഒരു കാരണവശാലും തിരിച്ചുവരാൻ സാദ്ധ്യതയില്ലാത്ത, ഏറെക്കാലമായി കഠിനവേദന അനുഭവിക്കുന്ന ഒരു നിത്യരോഗിക്ക് ജീവൻ ദീർഘിപ്പിക്കുന്നതിനുവേണ്ടിയുള്ള ചികിത്സകൾ ചെയ്യാതിരിക്കുക അല്ലെങ്കിൽ അങ്ങനെയുള്ള ചികിത്സാരീതികൾ അവസാനിപ്പിക്കുക; തന്മൂലം അന്തസ്സോടെ പ്രകൃതിദത്തമായ മരണം കൈവരിക്കാൻ അവസരം ഒരുക്കുകയാണ് പാസ്സീവ് യൂത്തനേസിയേയുടെ ലക്ഷ്യം. മേൽ സൂചിപ്പിച്ച ഹരീഷ് റാണയ്ക്കും ദയാവധത്തിന് സുപ്രീംകോടതി അനുവാദം നൽകിയത് ഈ പശ്ചാത്തലത്തിലാണ്. ഇവിടെ എടുത്തുപറയേണ്ട ഒരു വസ്തുത ദയാവധത്തിന് അന്തിമ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിൽ ഒരു രോഗിയുടെ ജീവൻരക്ഷോപാധികൾ പിൻവലിക്കേണ്ടത് പ്രത്യേകം നിയോഗിക്കപ്പെട്ട ഒരു വിദഗ്ദ്ധ ചികിത്സാ സമിതിയുടെ അഭിപ്രായത്തിന് വിധേയമായിട്ടായിരിക്കണം. ദയാവധം ഒരു കാരണവശാലും ദുർവിനിയോഗം ചെയ്യാൻ ആരെയും അനുവദിക്കരുത് എന്നുള്ളതുകൊണ്ടാണ് ബന്ധപ്പെട്ട നിബന്ധനകളെല്ലാം കർക്കശമാക്കിയിരിക്കുന്നത്.

ഇപ്പോൾ അന്തസോടെ മരിക്കുക എന്നുള്ളത് അന്തസോടെ ജീവിക്കുക എന്ന മൗലികാവകാശത്തിന്റെ ഭാഗമാക്കിയതോടെ, ഒരു വ്യക്തിക്ക് താൻ ഭാവിയിൽ രോഗബാധിതനാകുകയും അക്കാരണത്താൽ സ്വന്തമായി തീരുമാനമെടുക്കുവാൻ സാധിക്കാത്ത അവസ്ഥ സംജാതമാകുകയും ചെയ്താൽ, തനിക്ക് നൽകേണ്ട ചികിത്സയെപ്പറ്റി മുൻകൂട്ടിയുള്ള ഒരു ലിഖിത നിർദ്ദേശം (Advanced Medical Directive) ബന്ധപ്പെട്ടവർക്ക് നൽകാവുന്നതാണ്. ഇങ്ങനെയുള്ള ലിഖിതരേഖ പ്രായപൂർത്തിയായ രണ്ടുപേരുടെ സാക്ഷ്യപ്പെടുത്തലോടെ നോട്ടറൈസ് ചെയ്യപ്പെടേണ്ടതാണ്. ഈ ലിഖിതരേഖയിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർ നടപ്പിലാക്കേണ്ടതുമാണ്.

പതിമൂന്ന് വർഷമായി ഹരീഷ് റാണ അനുഭവിച്ച വേദനയും അയാളുടെ അവസ്ഥയും അതിന് സാക്ഷ്യം വഹിച്ച മാതാപിതാക്കളുടെ ദയനീയാവസ്ഥ ഇവയെല്ലാം വിവരണങ്ങൾക്ക് അതീതമാണ്. എന്ത് ഹൃദയവേദന സഹിച്ചും സ്വന്തം മകന്റെ ദയാവധത്തിന് സുപ്രീംകോടതിയെ സമീപിച്ച് അനുവാദം വാങ്ങിയ മാതാപിതാക്കൾക്ക് സമ്മിശ്രമായ കഠിനവികാരങ്ങൾ ഉണ്ടായിരിക്കും. അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.