
കേരളത്തിൽ നിന്ന് എഴുപതുകളിൽ തുടങ്ങിയ ഗൾഫ് കുടിയേറ്റം സങ്കീർണ്ണമായിരുന്നു. പത്തേമാരികളിലും മറ്റും സഞ്ചരിച്ച് കടലോരം നീന്തിയുമൊക്കെ ഗൾഫ് നാടുകളിലെത്തിച്ചേർന്ന ആദ്യകാല കുടിയേറ്റക്കാർ ഒട്ടേറെ പ്രയാസങ്ങളും സങ്കടങ്ങളും അനുഭവിച്ചിട്ടുണ്ട്. നിർമ്മാണത്തൊഴിലാളികളുടെയും മറ്റും ജോലികളിലേക്കാണ് അന്ന് കൂടുതൽ പേരും എത്തിച്ചേർന്നത്. എന്നാൽ കാലം മാറിയപ്പോൾ ഇന്ന് കേരളീയർ ഇന്ത്യയുടെ തന്നെ വിദേശനാണ്യ കരുതൽ ശേഖരത്തിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നവരായി മാറിയിരിക്കുന്നു. ആഗോള സാമ്പത്തികശക്തിയായി കുതിക്കുന്ന ഇന്ത്യയുടെ കരുത്തായി മലയാളി കുടിയേറ്റ സമൂഹം ഇന്ന് തലയുയർത്തി നിൽക്കുന്നു. വൈദഗ്ധ്യം ആവശ്യമായ തൊഴിലുകളിൽ മാത്രമല്ല വൻ വ്യവസായങ്ങളിലടക്കം ആധിപത്യം സ്ഥാപിക്കുകയും പശ്ചിമേഷ്യയിൽ ഇന്ത്യയുടെ അംബാസിഡർമാരായി മലയാളികൾ മാറുകയും ചെയ്ത കഥകളാണ് പുതിയ കാലത്തിനു പറയാനുള്ളത്.
സാധാരണ തൊഴിലാളികൾ ആയി പണിയെടുത്തവരുടെ അവസ്ഥയ്ക്ക് വലിയ മാറ്റമാണ് വന്നത്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളുടെ തന്നെ വികസന പരിണാമത്തിൽ മലയാളികൾ നൽകിയ സംഭാവന അതുല്യമാണ്. നഗരങ്ങളുടെ നിർമ്മാണത്തിലും, വൻ ആശുപത്രികൾ പണിതതിലും വിവിധ സേവന മേഖലകളിൽ പ്രവർത്തിച്ചതിലൂടെയും ഈ ഗൾഫ് രാജ്യങ്ങളുടെയെല്ലാം വളർച്ചയിൽ അവഗണിക്കാൻ കഴിയാത്ത സമൂഹമായി മലയാളികൾ മാറി. അവരുടെ സമർപ്പിതമായ പ്രവൃത്തികൾ രാജ്യത്തിന് വലിയ രീതിയിൽ ഗുണം ചെയ്തു. അവർ നാട്ടിലേക്ക് അയക്കുന്ന പണം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ ജീവശ്വാസമായി മാറുകയായിരുന്നു. ഫലത്തിൽ നാട്ടിലെ പ്രാദേശിക വികസനത്തിലടക്കം അവർ ചെയ്യുന്ന സംഭാവനകൾ ജീവിത നിലവാരം ഉയർത്തുകയും വീടുകളിലെ വരുമാന സ്ഥിതി ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്തു. കേരളത്തിലെ സമ്പദ്ഘടനയുടെ നട്ടെല്ലായി മാറിയതിനൊപ്പം ഗൾഫ് പണം ഇന്ത്യയ്ക്ക് നേരത്തെ സൂചിപ്പിച്ചതുപോലെ
ശക്തി പകർന്നു. മലയാളികൾ ഇന്ത്യയുടെ ആഗോള പൗരൻമാരായി മാറി.
ഹെൽത്ത് കെയർ, വിദ്യാഭ്യാസം, റീട്ടെയിൽ മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി എന്നീ രംഗങ്ങളിൽ മലയാളികൾ പുലർത്തുന്ന വൈദഗ്ധ്യം അസാധാരണമാണെന്നു മാത്രമല്ല ഈ മേഖലയിലെല്ലാം തിളങ്ങാൻ വഴിയൊരുക്കുകയും ചെയ്തു. ഇന്ത്യൻ നഴ്സുമാർക്ക് ലോകമെമ്പാടും ലഭിക്കുന്ന ആദരവ് പറഞ്ഞറിയിക്കേണ്ടതില്ല. ദൈവത്തിന്റെ മാലാഖമാരായി വിശേഷിപ്പിക്കപ്പെടുന്ന നഴ്സുമാരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണ്. അത് ഗൾഫിൽ മാത്രമല്ല യൂറോപ്പിലായാലും അമേരിക്കയിലായാലും, ജർമ്മനിയിലായാലും അവർ ബഹുമാനവും സ്നേഹവും ഒരുപോലെ പിടിച്ചുപറ്റുന്നു. അവർ കാട്ടുന്ന പ്രൊഫഷണലിസവും സഹാനുഭൂതിയും തികച്ചും വ്യത്യസ്ഥമാകുന്നു.
ഗൾഫിനു പുറമെ നോർത്ത് അമേരിക്ക, ആസ്ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലും മലയാളി മുന്നേറ്റം പ്രകടമാണ്. സയന്റിസ്റ്റുകളും സംരഭകരും പൊതു സേവകരുമൊക്കെയായി വിവിധ രംഗങ്ങളിൽ ഈ രാജ്യങ്ങളിലും മലയാളികൾ സജീവമാണ്. വലിയ മത്സരമുള്ള ലോക പരിതസ്ഥിതിയിൽ മലയാളികൾ അസൂയാവഹമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ത്യൻ മാനവവിഭവശേഷിയുടെ ഉജ്ജ്വലമാതൃകയായി അവർ മാറുകയാണ്. പശ്ചിമേഷ്യയിലും ഈ പറയുന്ന
രാജ്യങ്ങളിലുമൊക്കെ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ഇന്ത്യൻ സമൂഹമായി മലയാളികൾ മാറിക്കഴിഞ്ഞു. ഇതിലൂടെ രാജ്യതാത്പര്യം സംരക്ഷിക്കാനും കഴിയുന്നു. മലയാളികളുടെ മഹത്തായ സാംസ്കാരിക പാരമ്പര്യം, ഭാഷ, ആഘോഷങ്ങൾ, ഭക്ഷണ വൈവിദ്ധ്യങ്ങൾ ഒക്കെ വിവിധരാജ്യങ്ങളുമായുള്ള ആശയവിനിമയത്തിനും വഴിയൊരുക്കുന്നു. അതോടൊപ്പം തികച്ചും ആധുനികമായ ഒരു ഇന്ത്യയുടെ പ്രതിച്ഛായ അവർ സൃഷ്ടിച്ചെടുക്കുന്നു. നയരൂപീകരണങ്ങളെയാക്കെ സ്വാധീനിക്കാവുന്ന വ്യക്തിബന്ധങ്ങൾക്കും നയതന്ത്രങ്ങൾക്കും ഇത് ഇടയാക്കുന്നു. ഇതിലൂടെ മലയാളി സമൂഹം ഇന്ത്യയുടെ ആഗോള ഇടപെടലുകളിലൊക്കെ സഹായകമാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
മുൻ ദശകങ്ങളിൽ അത്യാവശ്യമായ ജോലികൾക്കായിട്ടായിരുന്നു കുടിയേറ്റമെങ്കിൽ ഇന്ന് അതിവൈദഗ്ധ്യമുള്ള തൊഴിലുകളിൽ ഏർപ്പെടുന്ന പ്രൊഫഷണലുകൾ ആ സ്ഥാനം കൈയ്യടക്കുന്നു. വ്യവസായ സംരഭകരുമെല്ലാം ചേരുമ്പോൾ ആഗോള മത്സരത്തിലെ പങ്കാളിത്തത്തിനപ്പുറം നയസമീപനം ആവിഷ്ക്കരിക്കുന്ന മുൻനിരയിലേക്ക് അവർ മാറുകയാണ് ചെയ്യുന്നത്. ഈ വിജയം ഇന്ത്യയുടെ കുതിപ്പിലും പ്രതിഫലിക്കുന്നുണ്ട്.സാങ്കേതിക വിദ്യയുടെയും, നിർമ്മാണപ്രക്രിയകളുടെയും, നൂതന സംരഭങ്ങളുടെയും ഒരു ഹബ്ബായി മാറിയിട്ടുള്ള ഇന്ത്യക്ക് ആഗോള അവസരങ്ങളെ ആഭ്യന്തര വിഭവശേഷിയിലൂടെ കണക്ട് ചെയ്യാൻ ഇതിലൂടെ കഴിയുന്നു.സിലിക്കൺ വാലി,ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലെ മലയാളി പ്രൊഫഷണലുകൾ സ്വയം വിജയം നേടുക മാത്രമല്ല ചെയ്യുന്നത്.അവർ രൂപപ്പെടുത്തുന്ന നെറ്റ് വർക്ക് ഇന്ത്യയുടെ വളർച്ചയ്ക്കും മുതൽക്കൂട്ടാകുന്നു.നിക്ഷേപങ്ങളിലും, നൈപുണ്യ വികസനത്തിലും , പരസ്പര സഹകരണത്തിലധിഷ്ടിതമായ സംരംഭങ്ങളിലുമെല്ലാം രാജ്യങ്ങൾ ഒത്തു ചേർന്നുള്ള പദ്ധതികളിലുമൊക്കെ ഇത് ഗുണകരമാകുന്നു.മാത്രമല്ല ഇന്ത്യക്കാരെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാടിലും ഇത് മാറ്റം വരുത്തുന്നു.അന്യരാജ്യത്തു ജോലിചെയ്യുന്ന ഇന്ത്യക്കാരിലെല്ലാം ആത്മവിശ്വാസം വളർത്താനും ഇത് വഴിതെളിച്ചു.മുന്നേറുന്ന ഇന്ത്യക്ക് അഭിമാനമായി ഇതെല്ലാം മാറുന്നു.രാഷ്ട്രതന്ത്രങ്ങൾ മാറിമറിയുന്ന കാലത്ത് എല്ലാവരും അതി വൈദഗ്ധ്യമുള്ള ജനതയ്ക്ക് വലിയ വില കൽപ്പിക്കും.ഒരു വർക്ക് ഫോഴ്സിന് മാതൃകയായി മാറാനും മലയാളി മിടുക്ക് അവസരമൊരുക്കുന്നു.ജനങ്ങൾ തമ്മിൽ മാത്രമല്ല രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലുമെല്ലാം ഇത് നിർണായകമാകുന്നു മാത്രമല്ല അതിലൂടെ ഇന്ത്യയുടെ കീർത്തി വലിയ തോതിൽ വ്യാപിക്കുകയും ചെയ്യുന്നു.
ഭാവിയുടെ കാര്യത്തിലും വിദേശത്ത് പ്രവർത്തിക്കുന്ന മലയാളി സമൂഹം വലിയ പാഠങ്ങൾ നൽകുന്നുണ്ട്.വിദ്യാഭ്യാസ മേഖലയിലുള്ള നിക്ഷേപം ,വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിലെ പ്രാവീണ്യം, സാമൂഹിക ബോധം ഇതെല്ലാം വിജയത്തിലേക്കുള്ള പാതയായി മാറുന്നു.ഇന്ത്യയുടെ മുന്നേറ്റത്തിനുള്ള ചാലകശക്തിയായി ഇതൊക്കെ മാറുന്നു.
ആഗോള സൂപ്പർ പവറായി മാറാനുള്ള ഇന്ത്യയുടെ കുതിപ്പിൽ കേരള സമൂഹം നൽകുന്ന ആത്മവിശ്വാസം അതിർത്തികൾപ്പുറത്തെ വളർച്ചയിൽ നാഴികക്കല്ലാവുകയാണ്.ദുബായിയിലെ ആശുപത്രികളിലായാലും അമേരിക്കയിലെ സർവകലാശാലകളിലായാലും ലണ്ടനിലെ ബോർഡ്റൂമുകളിലായാലും ഗൾഫ് നാടുകളിലെ നിർമ്മാണ മേഖലകളിലായാലും ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ പണിയെടുക്കുന്നു.വിദേശത്താണെങ്കിലും അവർ വേരുകൾ മറക്കുന്നില്ല.നാടുമായി എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.ഇതിലെല്ലാം മലയാളി സമൂഹത്തിന്റെ സംഭാവന ഇന്ത്യയുടെ ഏറ്റവും ശക്തിമത്തായ ഒന്നായി മാറുന്നു.ഇതൊരു പ്രാദേശിക വിജയഗാഥയല്ല.ഇന്ത്യയുടെയാക യശസ്സ് ഉയർത്തുന്നുവെന്നു മാത്രമല്ല ഭാവി ഇന്ത്യയ്ക്കുകൂടി കരുത്തേകുന്ന ഘടകങ്ങളാണ് ഇതെല്ലാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |