
'ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത് 'എന്ന ചൊല്ല് അക്ഷരാർത്ഥത്തിൽ ശരിയാവുന്നത് സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ഭൂതകാലവും വർത്തമാനകാലവും വിലയിരുത്തുമ്പോഴാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലം സെക്രട്ടേറിയറ്റ് പരിസരത്തും ഇടനാഴികളിലും എന്തൊരു നിശബ്ദതയായിരുന്നു, എന്തൊരു വിജനതയായിരുന്നു. മാദ്ധ്യമങ്ങൾക്ക് പോലും കാലെടുത്തു കുത്താൻ സാധിക്കാത്ത വിധം ഇരുമ്പു മറയ്ക്കുള്ളിലായിരുന്നു സെക്രട്ടേറിയറ്റ് മന്ദിരം. ഭരണമാറ്റമുണ്ടായി ഒന്നിരുട്ടി വെളുത്തതേയുള്ളു, പൂരപ്പറമ്പ് പോലായി സെക്രട്ടേറിയറ്റ് മന്ദിരവും പരിസരവും. ഏതെങ്കിലുമൊരു വാതിലിൽ ചെന്നു നിന്നാൽ മതി, ആൾക്കൂട്ടം നമ്മളെ ഏറ്റെടുത്ത് കൊണ്ടുപൊയ്ക്കൊള്ളും. ഇതിൽ ഏത് അന്തരീക്ഷമാണ് മെച്ചമെന്നു ചോദിച്ചാൽ, ഒട്ടുമേ ചിന്തിക്കേണ്ട കാര്യമില്ല, രണ്ടും മെച്ചമല്ല. വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ, പണ്ഡിതനെന്നോ പാമരനെന്നോ വേർതിരിവില്ലാതെ, ഉള്ളവനെന്നും ഇല്ലാത്തവനെന്നുമുള്ള അതിർവരമ്പില്ലാതെ സ്വകാര്യ ആവശ്യങ്ങൾക്കും പൊതു ആവശ്യങ്ങൾക്കും ജനങ്ങൾക്ക് കയറിയിറങ്ങേണ്ടി വരുന്ന ഒരു അത്ഭുത ലോകമാണ് സെക്രട്ടേറിയറ്റ് മന്ദിരം. തലസ്ഥാന നഗര ഹൃദയത്തിൽ, ഓരോ കേരളീയന്റെ മനസിലും അഭിമാനമുണർത്തി, തലയെടുപ്പോടെ നിൽക്കുന്ന ശില്പഭംഗിയുള്ള മന്ദിരം.
ചരിത്രപ്രസിദ്ധമായ എത്രയോ സമരങ്ങൾക്ക് ഈ മന്ദിരം സാക്ഷ്യം വഹിച്ചിരിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലുകളിൽ രാഷ്ട്രീയ പ്രസംഗത്തിന്റെ ആദ്യാക്ഷരം കുറിച്ച എത്രയോ കുട്ടി നേതാക്കൾ പിൽക്കാലത്ത് ജനനായകരായി മാറി. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി കൊടികൾ മാറിമാറി പിടിച്ച് ഈ മന്ദിരത്തിന് മുന്നിലേക്ക് മാർച്ച് നടത്തി എത്രയോ പ്രകടന തൊഴിലാളികൾ ഉപജീവനം നടത്തുന്നു. പൊലീസിന്റെ എത്രയോ കണ്ണീർവാതക ഷെല്ലുകൾ ഈ രാജവീഥിയിൽ പൊട്ടിയിരിക്കുന്നു. എത്രയെത്ര രാഷ്ട്രീയ, യുവജന , വിദ്യാർത്ഥി നേതാക്കൾ പൊലീസ് ലാത്തിചാർജ്ജിൽ തലപൊട്ടി ഇവിടെ ചോരച്ചാലുകൾ ഒഴുക്കിയിരിക്കുന്നു. എത്ര ടാങ്കർ വെള്ളം ഇവിടെ സമരക്കാർക്ക് നേരെ പൊലീസ് ചീറ്റിച്ചിരിക്കുന്നു. ശയനപ്രദക്ഷിണം, മുട്ടിലിഴയൽ, തലമുണ്ഡനം, ഉപ്പിൻമേൽ കിടപ്പ്, കഞ്ഞിവയ്പ്പ്, കോലം കത്തിക്കൽ ,നിരാഹാരം, പന്തംകൊളുത്തൽ തുടങ്ങി എന്തെല്ലാം ക്ലാസിക് സമരമുറകളാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പരീക്ഷിക്കപ്പെട്ടത്. ഇതൊക്കെയില്ലെങ്കിൽ എന്ത് സെക്രട്ടേറിയറ്റ് എന്ന് അറിയാതെ ചോദിച്ചു പോകും, അതാണ് നമ്മുടെ ബോധമനസിലുള്ള ചിത്രം.
തലയ്ക്ക് വെളിവില്ലാത്തൊരാൾ മുഖ്യമന്ത്രിയുടെ കസേരയിൽ കയറി ഇരുന്ന ലജ്ജിപ്പിക്കുന്ന ചരിത്രവും പറയാനുണ്ട്. ഒരുവിധ നിയന്ത്രണവുമില്ലാതെ പല ഇടപാടുകാരും പലവഴിയിലൂടെ സെക്രട്ടേറിയറ്റ് മന്ദിരത്തിൽ പ്രവേശിക്കുകയും തങ്ങളുടേതായ ഇടപാടുകൾ നിർവിഘ്നം നടത്തുകയും ചെയ്തതിന്റെ പേരിൽ മുഖ്യമന്ത്രി സ്ഥാനവും മന്ത്രി സ്ഥാനവുമൊക്കെ തെറിപ്പിക്കപ്പെട്ട കഥകളും അകത്തളങ്ങളിൽ ഉറങ്ങുന്നുണ്ട്. ഇങ്ങനെ അവിയൽ പരുവത്തിൽ കഴിയുമ്പോഴാണ് ഉഗ്രപ്രതാപി പിണറായി സഖാവിന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ 2016-ൽ അധികാരത്തിലെത്തുന്നത്. സെക്രട്ടേറിയറ്റ് തേടിവരുന്ന 'അവതാരങ്ങളെ' സൂക്ഷിക്കണമെന്ന മുന്നറിയിപ്പോടെയാണ് മുഖ്യമന്ത്രിയായി പിണറായി ഭരണം തുടങ്ങിയത്. തടക്കത്തിൽ ഇതൊരു നല്ല തീരുമാനമെന്നു തോന്നിയെങ്കിലും ക്രമേണ തങ്ങൾക്ക് വേണ്ടപ്പെട്ട 'അവതാരങ്ങൾ' മാത്രം കയറിയാൽ മതിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. 'കുഴമ്പില്ലാതെ തിരുമ്മാനും കിഴിയില്ലാതെ ചൂട് വയ്ക്കാനു'മറിയുന്ന വിദൂഷകന്മാരിലേക്ക് നിയന്ത്രണം എത്തിയതോടെ , സ്വന്തക്കാർക്കൊഴികെ , സെക്രട്ടേറിയറ്റിന്റെ വാതായനങ്ങൾ കൊട്ടിയടയ്ക്കപ്പെട്ടു. സർക്കാരിന്റെ പല തീരുമാനങ്ങളുമറിയാൻ, വെള്ളപ്പുകയോ, കറുത്ത പുകയോ എന്ന് ആകാശത്ത് നോക്കിയിരിക്കേണ്ട അവസ്ഥ.
കാസർകോട്ടു നിന്നും കണ്ണൂരിൽ നിന്നുമൊക്കെ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ടുമായി 'തിരോന്തരം' തേടിയെത്തുന്നവർക്ക് പലപ്പോഴും കിട്ടിയിരുന്നത് 'കടക്ക് പുറത്തെന്ന' മറുപടി. ഗുരുവായൂർ ദർശനത്തിന് പോകുന്ന ഭക്തരെപ്പോലെ സെക്രട്ടേറിയറ്റ് വലം വച്ച്, തട്ടുദോശയും കഴിച്ച് വിങ്ങുന്ന മനസുമായി തിരികെ പോകേണ്ട ഗതികേട് പലർക്കുമുണ്ടായി. തീറ്റ വച്ചിട്ട് കോഴിയെ വിളിക്കും പോലെ വാർത്താ സമ്മേളനങ്ങൾക്ക് മാത്രമായി മാദ്ധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നതും നന്ദിയോടെ സ്മരിക്കണം.
പുതിയ യു.ഡി.എഫ് സർക്കാർ എത്തിയപ്പോൾ മുഖ്യമന്ത്രി ആദ്യം പറഞ്ഞത് ഇത്തരം കടുത്ത നിയന്ത്രണങ്ങൾ മാറ്റുമെന്നതാണ്. അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിക്ക് ബിഗ് സല്യൂട്ട്. ഓരോരോ ആവശ്യങ്ങളുമായി വരുന്നവർക്ക് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് മതിയായ നിയന്ത്രണങ്ങൾ പാലിച്ച് പ്രവേശനം അനുവദിക്കുക എന്നത് ജനാധിപത്യ സർക്കാരിന്റെ കടമയാണ്. ഇത് മനസിലാക്കിയാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയതും. പക്ഷെ എന്തുചെയ്യാൻ 'സൂചി കയറ്റാവുന്ന സ്ഥലത്ത് തൂമ്പ കയറ്റുക' എന്നൊരു ചൊല്ലുണ്ടല്ലോ, അതുപോലെയായി ഇപ്പോൾ കാര്യങ്ങൾ. പത്ത് വർഷം പട്ടിണി കിടന്നവന് മുന്നിൽ പാൽപ്പായസം വിളമ്പിയാലുള്ള അവസ്ഥ. പശയിൽ മുക്കി തേച്ചു വെടിപ്പാക്കി, വാരിക്കുന്തം പോലെ നിൽക്കുന്ന കോളറും കൈകളുമൊക്കെയുള്ള ഖദർ ഷർട്ട് ധാരികൾ സെക്രട്ടേറിയറ്റ് അവരുടെ സാമ്രാജ്യമാക്കുകയാണ്. സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിലും കോണിപ്പടികളിലും മന്ത്രിമാരുടെ ഓഫീസുകൾക്ക് മുന്നിലുമെല്ലാം നിന്നുതിരിയാൻ പറ്റാത്ത വിധത്തിലെ ആൾക്കൂട്ടം.
പ്രതിപക്ഷത്തിരുന്നു മുരടിച്ച് നിരാശ ബാധിച്ച ദീർഘകാല അനുഭവത്തിൽ നിന്നുണ്ടാവുന്ന പുതിയ ആവേശം മനസിലാക്കാം. പക്ഷെ ശ്രദ്ധിച്ചില്ലെങ്കിൽ ചില പാകപ്പിഴകൾക്കുള്ള പഴുതുണ്ട്. ജനങ്ങൾ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. ഓരോ ചുവടിലും വേണം ജാഗ്രത. ഭരണതലപ്പത്തുള്ളവർക്ക് മാത്രമല്ല ഇതിന്റെ ഉത്തരാവാദിത്വം, ഈ സർക്കാരിനെ അധികാരത്തിലെത്തിക്കാൻ രാപ്പകൽ വിയർപ്പൊഴുക്കി പണിയെടുത്ത മറ്റു നേതാക്കൾക്കും സാധാരണ പ്രവർത്തകർക്കുമെല്ലാം ഉത്തരവാദിത്വമുണ്ട്. അതു കൊണ്ടു തന്നെ ആരാലും നിയന്ത്രിക്കപ്പെടാതെ സ്വയം നിയന്ത്രണം തീർത്ത് സെക്രട്ടേറിയറ്റ് മന്ദിരത്തെ സ്വസ്ഥമാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുക.
ഇതുകൂടി കേൾക്കണേ
പണ്ട് പറഞ്ഞ അവതാരങ്ങൾ ഇപ്പോഴും വേരറ്റു പോയിട്ടില്ല. ഇവരുടെ ചുറ്റിക്കറങ്ങലുകൾ നല്ല ഉദ്ദേശത്തോടെയാവില്ല. പുറമെ ചിരിച്ചാവും വാഴ്ത്താനാവില്ല, വീഴ്ത്താനാവും ഇക്കൂട്ടരുടെ വ്യഗ്രത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |