SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.14 AM IST

സി.ബി.എസ്.ഇയുടെ പിഴവുകൾ

READ ENGLISH VERSION
s

സി.ബി.എസ്.ഇയുടെ പരീക്ഷാ പിഴവുകൾ ആദ്യം കണ്ടെത്തിയതും പുറത്തു കൊണ്ടുവന്നതും ഏതെങ്കിലും അന്വേഷണ ഏജൻസികളല്ല. ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) സംവിധാനത്തിലെ വീഴ്ച ദേശീയ തലത്തിൽ ചർച്ചയാക്കിയത് മൂന്ന് കൗമാരക്കാർ നടത്തിയ ഇടപെടലുകളാണ്. ഉത്തരക്കടലാസ് മാറിക്കിട്ടിയത് പോസ്റ്റ് ചെയ്ത പ്ളസ് ടു വിദ്യാർത്ഥി വേദാന്ത് ശ്രീവാസ്തവയാണ് സി.ബി.എസ്.ഇയുടെ നേർക്ക് ആദ്യം വിരൽചൂണ്ടിയത്. ഇതിന്റെ ശരിയും തെറ്റും മനസിലാക്കാൻ ശ്രമിക്കാതെ ഈ വിദ്യാർത്ഥിയെ ദേശദ്രോഹിയെന്ന് വിശേഷിപ്പിച്ച് അടിച്ചിരുത്താനാണ് ആദ്യം ശ്രമമുണ്ടായത്. പ്ളസ് ടു വിദ്യാർത്ഥി തന്നെയായ സാർത്ഥിക് സിദ്ധാർത്ഥാണ് പിഴവ് ചൂണ്ടിക്കാട്ടിയ മറ്റൊരാൾ. സൈബർ രംഗത്ത് പ്രവർത്തിക്കുന്ന സിദ്ധാർത്ഥ് ഒ.എസ്.എം കരാറെടുത്ത കമ്പനിയുടെ ചരിത്രം തെരയുകയും കരാർ അനുവദിച്ചപ്പോൾ കമ്പനിക്ക് സി.ബി.എസ്.ഇ നൽകിയ അനധികൃതമായ ഇളവുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടുകയുമുണ്ടായി.

ഒ.എസ്.എം പോർട്ടലിന്റെ സൈബർ സുരക്ഷാപ്രശ്നങ്ങൾ പുറത്തു കൊണ്ടുവന്നത് നിസർഗ അധികാരിയെന്ന മറ്റൊരു പത്തൊൻപതുകാരനാണ്. മൂവരും സമൂഹ മാദ്ധ്യമങ്ങൾ വഴി നടത്തിയ വെളിപ്പെടുത്തലുകൾ തുടക്കത്തിൽ നിഷേധിച്ച് പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പിഴവുകളുടെ പച്ചയായ യാഥാർത്ഥ്യങ്ങൾ ഒന്നൊന്നായി മലവെള്ളപ്പാച്ചിൽ പോലെ പുറത്തുവന്നപ്പോൾ ഒടുവിൽ സി.ബി.എസ്.ഇയ്ക്ക് 'ലേലു അല്ലു' പറയേണ്ടി വന്നിരിക്കുകയാണ്. തെറ്റ് സംഭവിച്ചാൽ അതേറ്റു പറയുന്നതാണ് ഏറ്റവും വലിയ ശരി. അതിന് പകരം സി.ബി.എസ്.ഇ ഉരുണ്ടുകളിക്കാൻ ശ്രമിച്ചത് കരാർ കമ്പനിയെ വെള്ളപൂശി രക്ഷിക്കാനായുള്ള വ്യഗ്രതയാലാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സി.ബി.എസ്.ഇ നടപ്പാക്കിയ ഒ.എസ്.എം മൂല്യനിർണയത്തിന്റെ കരാർ ഹൈദരാബാദിലെ കമ്പനിക്ക് നൽകിയത് സംബന്ധിച്ച് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ സി.ബി.എസ്.ഇയുടെ വീഴ്ചയുടെ യഥാർത്ഥ ഉത്തരവാദികൾ ഭരണതലത്തിലുള്ളവരാണെന്ന് പോലും സംശയിക്കേണ്ടി വരും.

ഉത്തരക്കടലാസുകൾ ഉയർന്ന നിലവാരത്തിൽ സ്‌കാൻ ചെയ്യുന്നതിനുള്ള വ്യവസ്ഥയിൽ വരെ ഇളവ് വരുത്തിയും സ്വന്തം ഡേറ്റാ സെന്റർ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയുമാണ് കരാർ നൽകിയെന്നുമാണ് വിമർശനങ്ങൾ ഉയരുന്നത്. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ അക്കാഡമിക് ഭാവിയെ തന്നെ അവതാളത്തിലാക്കിയ ഗുരുതരമായ പിഴവുകളാണ് സി.ബി.എസ്.ഇയ്ക്ക് സംഭവിച്ചിരിക്കുന്നത്. മേൽനോട്ടത്തിന്റെ കുറവ് വരുമ്പോഴാണ് ഇത്തരം പിഴവുകൾ വരുന്നത്. ഇത്തരമൊരു ദേശീയ പരീക്ഷാ സംവിധാനത്തിൽ ആദ്യം തന്നെ സുരക്ഷാ ഓഡിറ്റുകളും കർശന പരിശോധനകളും നടത്തേണ്ടതായിരുന്നു. വെറും സാങ്കേതിക പിഴവായി ഇത് ലഘൂകരിച്ച് കാണാനാവില്ല. രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് തുടർച്ചയായി ഇത്തരം വീഴ്ചകൾ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

അതിനാൽ സി.ബി.എസ്.ഇയുടെയും നീറ്റ് യു.ജി പരീക്ഷ നടത്തിയ ദേശീയ പരീക്ഷാ ഏജൻസിയുടെയും വീഴ്ചകളെക്കുറിച്ച് സി.ബി.ഐ പോലുള്ള ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരേണ്ടതാണ്. ഇത്തരം സംഭവങ്ങളിലെ 'യഥാർത്ഥ രോഗി' മറഞ്ഞിരിക്കാൻ പാടില്ല. അവർക്ക് വേണ്ട 'ചികിത്സ' നൽകിയില്ലെങ്കിൽ ഇത്തരം വീഴ്ചകൾ വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കും. ഉത്തരക്കടലാസുകളുടെ പുനർ മൂല്യനിർണയത്തിന് വലിയ ഫീസ് ചുമത്തിയതിലൂടെ വീഴ്ചയിലും 'കച്ചവട'ത്തിനാണ് സി.ബി.എസ്.ഇ പ്രാധാന്യം നൽകിയതെന്ന് ഉൗഹിക്കാം. വിദ്യാഭ്യാസ മേഖലയെ വാണിജ്യക്കണ്ണോടെ കാണുന്ന ഈ മനോഭാവമാണ് ആദ്യം മാറേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY