SignIn
Kerala Kaumudi Online
Sunday, 31 May 2026 7.02 PM IST

കോടികൾ സമ്പാദിച്ചാൽ നാട്ടിലേക്ക് മടങ്ങാം, എന്നിട്ടും പ്രവാസികൾ എന്തുകൊണ്ട് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നില്ല?

nithin

വാഷിംഗ്‌ടൺ: വിദേശത്തേക്ക് കുടിയേറുന്ന ഭൂരിഭാഗം ഇന്ത്യക്കാരുടെയും ലക്ഷ്യം നല്ല രീതിയിൽ പണം സമ്പാദിക്കുക, വലിയ തുകകൾ ബാങ്കിൽ നിക്ഷേപിക്കുക, അതിനുശേഷം സ്ഥിരമായി നാട്ടിലേക്ക് മടങ്ങുക എന്നതാണ്. എന്നാൽ തിരിച്ചുവരവ് പലപ്പോഴും സ്വപ്നം മാത്രമായി അവശേഷിക്കുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിൽ അമേരിക്കയിൽ താമസിക്കുന്ന നിതിൻ എന്ന പ്രവാസി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാരുടെ യഥാർത്ഥ ജീവിതസാഹചര്യങ്ങൾ തുറന്നുപറയുന്നതാണ് നിതിന്റെ വൈറൽ വീഡിയോ.

കഴിഞ്ഞ 15 വർഷമായി വിദേശത്ത് ജീവിക്കുന്ന തന്റെ സ്വന്തം അനുഭവം മുൻനിർത്തിയാണ് നിതിൻ സംസാരിക്കുന്നത്. പ്രവാസികൾ തുടക്കത്തിൽ തങ്ങൾക്ക് വേണ്ടി ചില സാമ്പത്തിക ലക്ഷ്യങ്ങൾ നിശ്ചയിക്കാറുണ്ട്. ആ ലക്ഷ്യം കൈവരിച്ചാൽ ഉടൻ നാട്ടിലേക്ക് മടങ്ങാമെന്ന് അവർ വിശ്വസിക്കും. എന്നാൽ സമയം കടന്നുപോകുംതോറും ഉയർന്ന വരുമാനം, മികച്ച ക്രയശേഷി,​ കൃത്യമായ സാമ്പത്തിക ഭദ്രത എന്നിവയുമായി അവർ പൊരുത്തപ്പെടുന്നു. ഇതോടെ മുമ്പ് ഉണ്ടായിരുന്ന സാമ്പത്തിക ലക്ഷ്യങ്ങൾ മാറിമറിയുകയാണ് ചെയ്യുന്നത്.

'അഞ്ച് മുതൽ എട്ട് കോടി വരെ സമ്പാദിക്കും, അതിനുശേഷം ഇന്ത്യയിലേക്ക് മടങ്ങും എന്ന് വിചാരിക്കുന്നത് നടക്കാൻ സാദ്ധ്യതയില്ലാത്ത കാര്യമാണ്. ഞാൻ പ്രവാസജീവിതം തുടങ്ങിയിട്ട് 15 വർഷമായി. കോടികൾ ബാങ്കിലിട്ട് ഞാൻ തിരിച്ചുപോകുമെന്ന് ഓരോ തവണ ചിന്തിക്കുമ്പോഴും അത് അസാദ്ധ്യമാണെന്ന് എനിക്ക് മനസിലായി,' നിതിൻ വീഡിയോയിൽ വ്യക്തമാക്കി. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വരുമാനത്തിലെ വ്യത്യാസമാണ് ഇതിന് പ്രധാന കാരണമെന്ന് നിതിൻ ചൂണ്ടിക്കാണിച്ചു. അമേരിക്കയിൽ തുടക്കക്കാരായ ജോലിക്കാർക്കോ താൽക്കാലിക ജോലികൾ ചെയ്യുന്നവർക്കോ പോലും മാസത്തിൽ നല്ലൊരു തുക ശമ്പളമായി സമ്പാദിക്കാൻ കഴിയും. വീട്ടുവാടക, ഇൻഷുറൻസ്, മറ്റ് ബില്ലുകൾ എന്നിവയെല്ലാം അടച്ചതിനുശേഷവും നാട്ടിലേക്ക് പണം അയക്കാനും ബാക്കി സമ്പാദിക്കാനും അവർക്ക് സാധിക്കുന്നുണ്ട്.

എന്നാൽ ഇന്ത്യയിൽ സമാനമായ ജോലികൾക്ക് വളരെ കുറഞ്ഞ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വിദേശത്തെപ്പോലെയുള്ള ഒരു ജീവിതനിലവാരം പുലർത്താനോ വേഗത്തിൽ പണം സമ്പാദിക്കാനോ ഇന്ത്യയിൽ സാധിച്ചെന്ന് വരില്ല. വിദേശത്തെ സാമ്പത്തിക സുരക്ഷിതത്വത്തോടും ജീവിതരീതിയോടും പൊരുത്തപ്പെട്ടുപോയവർക്ക് നാട്ടിലേക്ക് മടങ്ങിവരാൻ മടി തോന്നുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, AMERICA, ABROAD, PRAVASI, RETURN HOME, 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360