SignIn
Kerala Kaumudi Online
Monday, 29 June 2026 4.39 AM IST

ബഡ്ജറ്റ് നിർദ്ദേശങ്ങളും നൂതന വിജ്ഞാനസൃഷ്ടിയും

1

മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച ബഡ്ജറ്റിലെ നിർദ്ദേശങ്ങളിൽ, ഉന്നത വിദ്യാഭ്യാസ മേഖലയെ വിജ്ഞാന സൃഷ്ടിയുടെയും സാമ്പത്തിക വികസനത്തിന്റെയും കേന്ദ്രങ്ങളായി മാറ്റുമെന്ന് പറയുന്നുണ്ട്. നയപരമായ കാഴ്ചപ്പാടിൽ നിന്ന് വിലയിരുത്തുമ്പോൾ, ബഡ്ജറ്റിൽ എടുത്തുപറയുന്ന നോളജ് വാലി, ഗവേഷണ പ്രോത്സാഹനം, അന്തർദ്ദേശീയ സഹകരണം, നൈപുണ്യ വികസനം തുടങ്ങിയ നിർദ്ദേശങ്ങൾ കേരളത്തെ ഒരു വിജ്ഞാന സമൂഹമായും ഗവേഷണ-നവീകരണ കേന്ദ്രമായും വളർത്തിയെടുക്കാനുള്ള ദീർഘകാല കാഴ്ചപ്പാടാണ് പ്രതിഫലിപ്പിക്കുന്നത്.

ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, സാമ്പത്തിക വികസനം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു സമഗ്ര വികസന മാതൃകയുടെ തുടക്കമായികൂടി ഇതിനെ വിലയിരുത്താനാകും. ഇതിലൂടെ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനോത്പാദനത്തിന്റെയും ഹബ്ബാക്കി വളർത്തിയെടുക്കാനുള്ള സർക്കാരിന്റെ സമീപനത്തെ അഭിനന്ദിക്കേണ്ടതുണ്ട്.


ലോകമൊട്ടാകെ, ഉന്നതവിദ്യാഭ്യാസ മേഖല അതിവേഗത്തിലുള്ള നവീകരണത്തിലൂടെയും പരിവർത്തനങ്ങളിലൂടെയും കടന്നുപോകുമ്പോൾ, കേരളത്തിലെ സർവകലാശാലകൾ മുഖ്യമായും ബിരുദദാന സ്ഥാപനങ്ങളായി തുടരുകയാണ്. ഗവേഷണ പ്രബന്ധങ്ങളുടെ എണ്ണം വർഷംതോറും ഗണ്യമായ വർദ്ധന കാണിക്കുന്നുവെങ്കിലും അവയിൽനിന്ന് നൂതന സാങ്കേതികവിദ്യകൾ, പേറ്റന്റുകൾ, വ്യവസായ സംരംഭങ്ങൾ, നയപരമായ നവീകരണങ്ങൾ എന്നിവ രൂപപ്പെടുത്തുന്നതിന്റെ തോത് തുലോം കുറവാണ്. അതായത്, നവീന വിജ്ഞാനോത്പാദന കേന്ദ്രമെന്ന നിലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ സംസ്ഥാനത്തെ സർവകലാശാലകൾക്ക് കഴിയുന്നില്ല.

പ്രതിവർഷം പതിനായിരക്കണക്കിന് ബിരുദധാരികളാണ് കേരളത്തിലെ സർവകലാശാലകളിൽ നിന്നും തൊഴിൽ വിപണിയിൽ എത്തുന്നത്. എന്നാൽ, ഇവരിൽ ബഹുഭൂരിപക്ഷത്തിനും ആധുനിക തൊഴിൽ മേഖല ആവശ്യപ്പെടുന്ന നൈപുണ്യമില്ല എന്ന കാരണത്താൽ പിന്തള്ളപ്പെടുകയാണ്. മാത്രമല്ല, ഓരോ വർഷവും ആയിരക്കണക്കിനുപേർ പഠനത്തിനും, തുടർന്ന് തൊഴിൽ സമ്പാദിക്കാനും വിദേശ രാജ്യങ്ങളിലേയ്ക്കടക്കം പോകുന്ന കാഴ്ചയും കാണാം. ഇതിലൂടെ യുവജനതയുടെ മനുഷ്യവിഭവശേഷി കേരളത്തിന് നഷ്ടമാകുന്നത് സമ്പദ് വ്യവസ്ഥയുടെ വികാസത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.


സംസ്ഥാന സർവകലാശാലകളിൽ, കിഫ്‌ബിയുടെ ധനസഹായത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ വൻതോതിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ, ഇതോടനുബന്ധിച്ച് അതീവ ഗൗരവത്തോടെ ഓർക്കേണ്ട ഒരു വസ്തുതയുണ്ട്. സർവകലാശാലകളുടെ ഭാവി, നിർമ്മാണമേഖലയിലെ വികസനത്തിലല്ല നിലകൊള്ളുന്നത്. പകരം, വൈജ്ഞാനിക സമ്പദ് മേഖലയിലെ വളർച്ചയിലും വികസനത്തിലും സംസ്ഥാനത്തിന്റെ സർവകലാശാലകൾ വഹിക്കുന്ന പങ്കാണ് നിർണായകമാകുന്നത്.

സോഫ്റ്റ്‌വെയർ വികസനം, ആരോഗ്യസേവനങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, ഫിൻടെക്, എഡ്-ടെക്, ബയോ ടെക്നോളജി, ഡിജിറ്റൽ മീഡിയ, സാംസ്കാരിക വ്യവസായങ്ങൾ തുടങ്ങിയ പല പഠന-ഗവേഷണ ശാഖകളിൽ കേരളത്തിന് അനന്ത സാദ്ധ്യതകളുണ്ട്. വൻ തൊഴിൽ സാദ്ധ്യതയുള്ള വിഷയങ്ങളിൽ അധിഷ്ഠിതമായ മനുഷ്യവിഭവശേഷി വികസനമാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളത്. ചുരുക്കത്തിൽ, ഉന്നത വിദ്യാഭ്യാസ മേഖല സാമൂഹിക സേവനരംഗം എന്നതോടൊപ്പം സാമ്പത്തിക നിക്ഷേപരംഗം എന്ന നിലയിൽകൂടി വീക്ഷിക്കപ്പെടണം.

അടിയന്തരമായി വേണ്ടത്

അടിയന്തരമായി സർവകലാശാല വിദ്യാഭ്യാസരംഗത്ത് കാതലായ ചില അഴിച്ചുപണിയും, തിരുത്തൽ നടപടിയും കൈക്കൊള്ളുന്നതിന് സർക്കാർ ശ്രദ്ധവയ്ക്കേണ്ടതുണ്ട്. സർവകലാശാലകളുടെ ഭരണപരമായ പ്രതിസന്ധികൾ, ഘടനാപരമായ പ്രശ്നങ്ങൾ, ഗവേഷണ പ്രവർത്തനങ്ങളിലെ വെല്ലുവിളികൾ എന്നീ ഘടകങ്ങളിലാണ് സർക്കാരിന്റെ നവീന നയസമീപനവും തദനുസൃതമായ നടപടികളും അനിവാര്യമായി വന്നിട്ടുള്ളത്.


ഭരണഘടനാപരമായ പ്രതിസന്ധി പരിഹരിക്കുന്നതിനായി സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ പുന:സംഘടിപ്പിക്കുക, സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കുക, സിൻഡിക്കേറ്റിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് അക്കാഡമിക ഗവേഷണ മികവ് തെളിയിച്ചവരെ മാത്രം സർക്കാർ നോമിനികളായി നിയോഗിക്കുക, ഫാക്കൽറ്റി ഡീൻമാരുടെ നിയമനത്തിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ പഠന-ഗവേഷണ രംഗങ്ങളിൽ ഉത്കൃഷ്ടമായ സംഭാവനകൾ നൽകിയവരെ നിയോഗിക്കുക, സർവകലാശാലകൾ അദ്ധ്യാപക നിയമനത്തിൽ സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനോടൊപ്പം ലോകോത്തര നിലവാരമുള്ള ഗവേഷണ ജേർണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവരെ നിയമിക്കുക തുടങ്ങിയ നടപടികളിലാണ് സർക്കാരിന്റെ മേൽനോട്ടവും നിയമപരമായ ഇടപെടലുകളും അടിയന്തരമായി ആവശ്യമായി വരുന്നത്.

സർവകലാശാലകളുടെ മഹത്വം
കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഘടനാപരമായ പ്രശ്നങ്ങളിൽ ഒന്നാണ്
സർവകലാശാലകൾ ഒരേസമയം അനവധി ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടി
വരുന്ന ഇപ്പോഴത്തെ അവസ്ഥ. നൂറുകണക്കിന് കോളേജുകളുടെ അഫിലിയേഷൻ, പരീക്ഷ നടത്തിപ്പ്, മൂല്യനിർണയം, ബിരുദ സർട്ടിഫിക്കറ്റ് വിതരണം ബിരുദ- ബിരുദാനന്തരബിരുദ പഠനം, ഗവേഷണം, ഡോക്ടറൽ വിദ്യാഭ്യാസം, അക്കാഡമിക് ഭരണനിർവഹണം എന്നിങ്ങനെ ഈ ഉത്തരവാദിത്വങ്ങളുടെ പട്ടിക ഏറെ നീണ്ടതാണ്.

ഇതിന്റെ ഫലമായി സർവകലാശാലകൾ വിജ്ഞാന സൃഷ്ടിയുടെ കേന്ദ്രങ്ങളാകുന്നതിനു പകരം ഭരണപരമായ സ്ഥാപനങ്ങളായി മാറുന്നു എന്നാൽ, സർവകലാശാലകളുടെ പ്രധാന ചുമതലകൾ ബിരുദാനന്തര ബിരുദ വിദ്യാഭ്യാസം, ഗവേഷണം, ഡോക്ടറൽ പഠനം, നവീകരണം, അന്തർദ്ദേശീയ സഹകരണം, പൊതുനയ പഠനങ്ങൾ, വിജ്ഞാനോത്പാദനം എന്ന നിലയിൽ ക്രമീകരിക്കപ്പെടണം.
ആധുനിക സർവകലാശാലാ സംവിധാനത്തിൽ സർവകലാശാലാ പഠന-ഗവേഷണ വകുപ്പുകളുടെയും അഫിലിയേറ്റഡ് കോളേജുകളുടെയും പ്രവർത്തനങ്ങൾ കൃത്യമായി വേർതിരിച്ച് അടയാളപ്പെടുത്താനാകണം. സർവകലാശാലാ വകുപ്പുകളുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം വിജ്ഞാന സൃഷ്ടിയാണ്. പഠന പ്രവർത്തനം വിജ്ഞാനം വിദ്യാർത്ഥികൾക്ക് കൈമാറുന്നതിനുള്ള ഉപാധിയാണെങ്കിൽ, ഗവേഷണം പുതിയ വിജ്ഞാനം സൃഷ്ടിക്കുന്ന പ്രക്രിയയാണ്.

ഒരു സർവകലാശാലയുടെ മഹത്വം നിർണയിക്കുന്നത് അത് എത്ര പരീക്ഷകൾ നടത്തുന്നു എന്നതിലല്ല; മറിച്ച്, എത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നു, എത്ര പേറ്റന്റുകൾ നേടുന്നു, എത്ര പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നു, എത്ര സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കുന്നു, സമൂഹത്തിന് എത്ര നയപരമായ സംഭാവനകൾ നൽകുന്നു എന്നിവയെ അടിസ്ഥാനമാക്കിയാണ്.

വിജ്ഞാന സ്രഷ്ടാക്കൾ

കേരളം ക്ഷേമസംസ്ഥാനത്തിൽ നിന്ന് വിജ്ഞാനസംസ്ഥാനത്തിലേക്ക് മാറണമെങ്കിൽ സർവകലാശാലകളെ പരീക്ഷാ നടത്തിപ്പുകാരിൽ നിന്ന് വിജ്ഞാന സ്രഷ്ടാക്കളാക്കി മാറ്റേണ്ടിവരും. ഘടനാപരമായ പ്രതിസന്ധികളും ഗവേഷണ വെല്ലുവിളികളും കുറച്ചുകൂടി ആഴത്തിൽ വിലയിരുത്തി പരിഹാര മാർഗങ്ങൾ കണ്ടുപിടിക്കേണ്ടതുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY