
ഓരോ പ്രളയം വരുമ്പോഴും പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്യും, പ്രഖ്യാപനങ്ങൾ നടത്തും. മഴമാറി മാനം തെളിയുമ്പോൾ അതെല്ലാം മറക്കും. അടുത്ത പ്രളയത്തിൽ വീണ്ടും ഇരുട്ടിൽതപ്പും
മേഘവിസ്ഫോടനം, എൽനിനോ, അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം, ന്യൂനമർദ്ദപ്പാത്തി.. കുറച്ചുനാൾ മുമ്പ് സംസ്ഥാനത്തുണ്ടായ കനത്ത മഴയ്ക്കും പ്രളയത്തിനും കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ. പക്ഷേ, പ്രളയം തീർത്ത കെടുതികളിൽ നിന്ന് കരകയറിയിട്ടില്ല അത് ബാധിച്ച മേഖലയിലുള്ളവർ. ഓരോ പ്രളയം വരുമ്പോഴും പ്രതിരോധ മാർഗങ്ങൾ ചർച്ച ചെയ്യും, പ്രഖ്യാപനങ്ങൾ നടത്തും. മഴമാറി മാനം തെളിയുമ്പോൾ അതെല്ലാം മറക്കും. അടുത്ത പ്രളയത്തിൽ വീണ്ടും ഇരുട്ടിൽതപ്പും.
കഴിഞ്ഞ പ്രളയത്തിലും മഴക്കെടുതിയിലും നഷ്ടപ്പെട്ടത് മുപ്പതോളം ജീവൻ. നിരവധി വീടുകളും റോഡുകളും തകർന്നു. കൃഷിനശിച്ചു. കന്നുകാലികളെ നഷ്ടപ്പെട്ടു. മരങ്ങൾ കടപുഴകി. വൈദ്യുതി കമ്പികളും ട്രാൻസ്പോർമറും മറ്റും തകർന്നു. ഉണ്ടായത് കോടികളുടെ നഷ്ടം. സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും ഉണ്ടായ കഷ്ടനഷ്ടങ്ങളിൽ നിന്ന് കരകയറാൻ ഇനിയും എത്രയോ ദിവസങ്ങൾ വേണ്ടിവരും.
കുട്ടനാടിന്റെയും അപ്പർ കുട്ടനാടിന്റെയും പല ഭാഗങ്ങളിലും കയറിയ വെള്ളം ഇപ്പോഴും ഇറങ്ങാൻ മടിച്ചു നിൽക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായലിന് ആഴം കുറഞ്ഞതോടെ നാലു നദികളിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ഉൾക്കൊള്ളാനാകുന്നില്ല. ഇത് പരന്നൊഴുകി സമീപപ്രദേശങ്ങളെ മുക്കും. തോട്ടപ്പള്ളി സ്പിൽവേയിലെയും തണ്ണീർമുക്കം ബണ്ടിലെയും ഷട്ടറുകൾ തുറന്നു കിടന്നിട്ടും വെള്ളം കടലിലേക്ക് ശക്തമായി ഒഴുകുന്നില്ല.
വേമ്പനാട്ടു കായലിൽ ഡ്രഡ്ജിംഗ് നടത്തി ആഴം കൂട്ടും, നദികളിലെയും ഡാമുകളിലെയും മണൽ വാരും, തോട്ടപ്പള്ളിയിലെ പൊഴിമുറിക്കും തുടങ്ങി മാറി മാറി വരുന്ന സർക്കാരുകൾ നടത്തുന്ന പ്രഖ്യാപനങ്ങൾക്ക് കടലാസിന്റെ വില പോലും അനുഭവസ്ഥരായ ജനങ്ങൾ കൽപ്പിക്കുന്നില്ല. പല പേരിൽ കോടികൾ ഒഴുക്കിയിട്ടും കാലാവസ്ഥാ വ്യതിയാനമെന്ന് കാരണം പറയുന്ന, ആവർത്തിക്കുന്ന പ്രളയത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിനുള്ള ശാശ്വത പരിഹാരമോ പ്രായോഗിക നിർദ്ദേശങ്ങളോ ഉണ്ടാകുന്നില്ല.
അവസാനിക്കാത്ത തർക്കം
നദികളിലെ എക്കലും ചെളിയും നീക്കം ചെയ്യേണ്ടത് ജലസേചന വകുപ്പ്. മണൽ വാരേണ്ടത് റവന്യു വകുപ്പ്. എന്നാൽ, രണ്ടു വകുപ്പുകളും തമ്മിൽ കാര്യമായ ഏകോപനം പലപ്പോഴും ഉണ്ടാകാറില്ല. പകരം നടക്കുന്നത് അവസാനിക്കാത്ത തർക്കം മാത്രം. അനുമതി ലഭിച്ച ഇടങ്ങളിൽ മണ്ണിനും ചെളിക്കും പകരം കരാറുകാർ മണൽ അധികം വാരുന്നുവെന്ന പരിസ്ഥിതി പ്രവർത്തകരുടെ പരാതിയും ഇതുമായി ബന്ധപ്പെട്ട കോടതി കയറ്റവും അവസാനിക്കാത്ത അന്വേഷണവും കൂടിയാകുമ്പോൾ ഒന്നും നടക്കാത്ത, നടത്താനാവാത്ത സ്ഥിതി.
2018ലെ മഹാപ്രളയത്തിനു ശേഷം കേരളത്തിലെ 43 പുഴകളിൽ മൂന്നു കോടി ക്യൂബിക് മീറ്ററിലേറെ എക്കലും ചെളിയും അടിഞ്ഞിരുന്നു. പ്രളയം കഴിഞ്ഞു എട്ടു വർഷമായിട്ടും ഇതിൽ വാരി മാറ്റിയത് മൂന്നിലൊന്നു മാത്രം- 98.35 ലക്ഷം ക്യൂബിക് മീറ്റർ. വാരി മാറ്റിയത് ലേലം ചെയ്യാൻ നോക്കിയെങ്കിലും കൂടുതലും ചെളി ആയതിനാൽ പലരും താത്പര്യം കാട്ടിയില്ല. ഗുണനിലവാരക്കുറവിന്റെ പേരിൽ ലേലത്തിൽ പോയത് പത്തു ശതമാനത്തിൽ താഴെ മണ്ണുമാത്രം- 1.57 ലക്ഷം ക്യൂബിക് മീറ്റർ. നദികളുടെ ഇരുവശങ്ങളിലും മലപോലെ കൂടിക്കിടന്ന ശേഷിക്കുന്ന മണലും ചെളിയുമൊക്കെ അടുത്ത വെള്ളപ്പൊക്കത്തിൽ തിരികെ നദികളിലേക്ക് തന്നെ ഒഴുകി എത്തുകയും ചെയ്തു.
സംഭരണശേഷി കുറഞ്ഞ്
ജലാശയങ്ങൾ
മണ്ണും ചെളിയും നീക്കം ചെയ്യാത്തതിനാൽ ഡാമുകളിലെയും നദി, കായൽ ഉൾപ്പെടെയുള്ള ജലാശയങ്ങളിലെയും സംഭരണ ശേഷി വലിയ തോതിൽ കുറഞ്ഞതാണ് വെള്ളം പരന്നൊഴുകിയുള്ള മിന്നൽ പ്രളയത്തിന് പ്രധാന കാരണം. 12 ഡാമുകളുടെ സംഭരണ ശേഷി കുറഞ്ഞതായി കേരള എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.ഇ.ആർ.ഐ) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
തെന്മല, നെയ്യാർ, മണിയാർ, കാരാപ്പുഴ, പഴശ്ശി, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, കുറ്റ്യാടി ഡാമുകളിൽ സംഭരണ ശേഷി കുറഞ്ഞതോടെ മഴ ശക്തമായാൽ വെള്ളം തുറന്നു വിടേണ്ട സ്ഥിതിയായി. ഇടുക്കി മലങ്കര ഡാമിൽ മാത്രം 18 ദശലക്ഷം ഘനമീറ്റർ ചെളിയും മണ്ണും എക്കലുമാണ് നീക്കം ചെയ്യേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |