SignIn
Kerala Kaumudi Online
Saturday, 21 March 2026 5.02 PM IST

പ്രഹസനമാകരുത് ഫയർ ഓഡിറ്റ്

Increase Font Size Decrease Font Size Print Page

s

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ളോക്കിലെ സർജിക്കൽ ഐ.സി.യുവിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് മെഡിക്കൽ കോളേജിലെ മുഴുവൻ വെന്റിലേറ്ററുകളുടെയും സുരക്ഷാ പരിശോധന പുരോഗമിക്കുകയാണ്. അമിതമായി ചൂടായതാണ് പോർട്ടബിൾ വെന്റിലേറ്റർ പൊട്ടിത്തെറിക്കാൻ കാരണമെന്നും,​ അതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം തീപിടിത്തത്തിന് ഇടയാക്കിയതെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

പൂർണമായി നശിച്ച സർജിക്കൽ ഐ.സി.യുവും ഭാഗികമായി തകർന്ന സമീപത്തെ ന്യൂറോ ഐ.സിയുവും പുതുക്കിപ്പണിയാൻ നടപടി തുടങ്ങിയിട്ടുണ്ട്. അതേസമയം,​ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ തീപിടിത്തം ആവർത്തിച്ചിട്ടും ഫയർ ഓഡിറ്റുകൾ പ്രഹസനമായി മാറുന്നതായി ആക്ഷേപമുണ്ട്.

പല ആശുപത്രികളിലും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളും കാലഹരണപ്പെട്ട ഇലക്ട്രിക്കൽ സംവിധാനങ്ങളുമാണ് ഇപ്പോഴുമുള്ളത്. പേരിനു വേണ്ടി ഫയർ ഓഡിറ്റുകൾ പൂർത്തിയാക്കിയതുകൊണ്ട് കാര്യമില്ല. അവർ നൽകുന്ന ശുപാർശകൾ അടിയന്തരമായി നടപ്പാക്കാതെ തുടർന്നാൽ വീണ്ടും ഇത്തരം അപകടങ്ങൾ ആവർത്തിക്കില്ലെന്ന് പറയാനാകില്ല. മെഡിക്കൽ കോളേജിൽ പല സ്ഥലത്തും കൃത്യമായ അഗ്നിസുരക്ഷാ സംവിധാനങ്ങളില്ല. ഇക്കാര്യം കണ്ടെത്തി ബന്ധപ്പെട്ടവർ നോട്ടീസ് നൽകിയിരുന്നതുമാണ്. എന്നിട്ടും ആരോഗ്യവകുപ്പ് ഇത് ഒരുക്കാൻ തയ്യാറായിട്ടില്ല. ദിവസവും ആയിരക്കണക്കിനു രോഗികൾ ചികിത്സ തേടിയും വാർഡുകളിൽ കഴിഞ്ഞും തുടരുന്ന ആശുപത്രിയിലാണ് ഈ അനാസ്ഥ തുടരുന്നതെന്ന് ഓർക്കണം!

അതേസമയം,​ തീപിടിത്തം ഉണ്ടായപ്പോൾ പെട്ടെന്ന് അണയ്ക്കാൻ സാധിച്ചത് അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഉള്ളതിനാലാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. 1950-ൽ തുടങ്ങിയ പഴയ ബ്ളോക്കിൽ മാത്രമാണ് നിലവിൽ തീകെടുത്താനുള്ള വെള്ളമെത്തിക്കുന്ന വലിയ പൈപ്പ് ലൈൻ ഇല്ലാത്തത്. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും അധികൃതർ വിശദീകരിക്കുന്നു. മാസങ്ങൾക്കു മുമ്പ് ഫയർ ഓഡിറ്റ് പൂർത്തിയാക്കിയ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത്. ഇതോടെയാണ് ഇത്തരം പരിശോധനകളുടെ നിലവാരത്തെക്കുറിച്ച് സംശയമുയരുന്നത്. വെന്റിലേറ്റർ തുടങ്ങിയ ഉപകരണങ്ങൾ നൽകുന്ന കമ്പനികൾക്ക് സമയോചിതമായി ഫണ്ട് നൽകാത്തതിനാൽ പല ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണികൾ മുടങ്ങുന്നുണ്ടെന്നത് ഒരു വസ്തുത കൂടിയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഭവത്തിനു പിന്നാലെ,​ എല്ലാ മെഡിക്കൽ കോളേജുകളിലെയും വെന്റിലേറ്റർ സുരക്ഷ പരിശോധിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുകയാണ്. 2025 മേയ് രണ്ടിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ എം.ആർ.ഐ യന്ത്രത്തിന്റെ യു.പി.എസ് പൊട്ടിത്തെറിച്ചത്. വലിയൊരു അപകടമാണ് ഭാഗ്യവശാൽ അന്നും ഒഴിവായത്. ശസ്‌ത്രക്രിയകൾ കഴിഞ്ഞ് അബോധാവസ്ഥയിൽ,​ അനങ്ങാൻ പോലും കഴിയാതെ രോഗികൾ കിടക്കുന്ന ഐ.സി.യുവിൽത്തന്നെ തീപിടിത്തമുണ്ടായത് പൊതുജനങ്ങളിൽ വലിയ ഉത്കണ്ഠയും ആശങ്കയുമാണ് ഉണർത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ മാത്രമല്ല,​ മറ്റ് വകുപ്പുകളുടെയും പഴയ കെട്ടിടങ്ങൾ ഫയർ സുരക്ഷാ ഓഡിറ്റിന് വിധേയമാക്കണം. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് എന്നതിനാൽ പരിശോധനകളിൽ അലംഭാവം പാടില്ല.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.